ഇന്ത്യൻ യുവതയെ വിഴുങ്ങുന്ന കൊറിയൻ ഭ്രമം; അമിതാരാധന ജീവനെടുക്കുമ്പോൾ

കൊറിയൻ ഭ്രമത്തിന്റെ ഇരകളായവരിൽ കേരളത്തിലെ ഒരു 16കാരിയുമുണ്ടായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത

Update: 2026-02-11 09:48 GMT

AI Image Generator 

'മോൾക്ക് മലയാളം പാട്ടുകളേക്കാൾ ഇഷ്ടം കൊറിയൻ പാട്ടുകളാണ്. ബിടിഎസിന്‍റെ പാട്ടൊക്കെ കാണാപാഠമാണ്...'

ആറു വയസുകാരിയുടെ അമ്മ കല്യാണ വീട്ടിലിരുന്ന് അഭിമാനത്തോടെയും സന്തോഷത്തോടെയും പറയുന്നത് കേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ബിടിഎസിന്റെ ആരാധകരുണ്ടാകും. കുഞ്ഞുകുട്ടികൾ മുതൽ യുവാക്കൾ വരെ മൊബൈലുകളിലൂടെ കൊറിയൻ പോപ് (കെ-പോപ്) ഗാനങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നു. ഇതൊരു ഹോബിക്കപ്പുറത്തേക്ക് ജീവിത രീതിയായി മാറിക്കൊണ്ടിരിക്കുന്ന എന്നതാണ് യാഥാർഥ്യം.

ബിടിഎസിന്റെ എനർജറ്റിക് ഡാൻസ് സ്റ്റെപ്പുകൾ പിന്തുടരുന്ന കൗമാരക്കാരികളും, കെ-ഡ്രാമകളിലെ പ്രണയകഥകൾ സ്വപ്നം കാണുന്ന യുവതീ യുവാക്കളും, കൊറിയൻ സ്കിൻ കെയർ പിന്തുടരുന്നവരുമെല്ലാം ഈ തരംഗത്തിന്റെ ഭാഗമാണ്. ഫാഷൻ, ഭാഷ, ഭക്ഷണം എന്നിവയിൽ പോലും ഇതിൻെറ സ്വാധീനം അനുദിനം കടന്നുവരികയാണ്. കൊറിയൻ ഭാഷ പഠിക്കാൻ താൽപര്യപ്പെടുന്ന തലമുറയും കിംചി റൈസ് കഴിച്ചുപഠിക്കുന്ന യുവാക്കളുമെല്ലാം നമുക്ക് ചുറ്റുമുണ്ട്. 'ഹാല്യു' (Korean Wave) എന്നറിയപ്പെടുന്ന ഈ സാംസ്കാരിക പ്രവാഹം ഇന്ത്യയിൽ എങ്ങനെ കടന്നുവന്നു? എങ്ങനെ ഇത് യുവമനസ്സുകളെ ആകർഷിക്കുന്നു? എന്നത് ചിന്തിക്കേണ്ട കാര്യമാണ്. വെറുമൊരു ആസ്വാദന രീതി എന്നതിനപ്പുറം ഈ ആകർഷണത്തിന് ഇരുണ്ട വശങ്ങളുമുണ്ട്. അടുത്തിടെ കേരളത്തിൽ 15 കാരിയുടെ ആത്മഹത്യയും ​ഗുജറാത്തിൽ മൂന്ന് സഹോദരിമാർ ജീവനൊടുക്കിയതിന് പിന്നിലും ഈ കൊറിയൻ സ്വാധീനത്തിന് വലിയ പങ്കുണ്ടെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

Advertising
Advertising

കൊറിയൻ സ്വാധീനം ഇന്ത്യയിലേക്ക്

കൊറിയൻ സംസ്കാരത്തിന്റെ ആഗോള പ്രചാരണമായ 'ഹാല്യു' 2000-കളുടെ തുടക്കത്തിൽ ഏഷ്യയിലെത്തിയിരുന്നു. ഇന്ത്യയിലേക്ക് അത് കടന്നുവന്നത് 2010-കളിലാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ആദ്യം ഈ തരംഗം എത്തിയത്. ടെലിവിഷൻ ചാനലുകളിലൂടെ കൊറിയൻ ഡ്രാമകൾ പ്രക്ഷേപണം ചെയ്തതോടെ, മണിപ്പൂർ, നാഗാലാൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ ഇത് ജനപ്രിയമായി. 2012-ൽ പി.എസ്.ഐയുടെ 'ഗാംഗ്നം സ്റ്റൈൽ' ഗാനം ലോകമെമ്പാടും ഹിറ്റായതോടെ ഇന്ത്യൻ യുവാക്കൾ കൊറിയൻ സംഗീതത്തിലേക്ക് ആകൃഷ്ടരായി.

കോവിഡ്-19 മഹാമാരിക്കാലത്ത്, ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, യൂട്യൂബ് എന്നിവയിലൂടെ കെ-ഡ്രാമകളും കെ-പോപും വ്യാപകമായി. ബി.ടി.എസ്, ബ്ലാക്ക്പിങ്ക് തുടങ്ങിയ ഗ്രൂപ്പുകൾ ഇന്ത്യൻ യുവാക്കളുടെ ഹൃദയങ്ങൾ കീഴടക്കി.


കെ-പോപ്: സംഗീതത്തിന്റെ മാന്ത്രികലോകം

കെ-പോപ് അഥവാ കൊറിയൻ പോപ്പ് മ്യൂസിക് ഇന്ത്യൻ യുവതയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഘടകങ്ങളിലൊന്നാണ്. കൊറിയൻ പോപ് സംഗീതലോകത്തിന് പുതിയ മാനം നൽകിയ മ്യൂസിക് ബാൻഡ് ആണ് ബിടിഎസ്.

ബിടിഎസിന്റെ 'ഡൈനമൈറ്റ്', ബ്ലാക്ക്പിങ്കിന്റെ 'ഹൗ യു ലൈക്ക് ദാറ്റ്' തുടങ്ങിയ ഗാനങ്ങൾ ഇന്ത്യയിൽ മില്യൺകണക്കിന് വ്യൂസാണ് നേടിയത്. കെ-പോപ് ഗ്രൂപ്പുകളുടെ വസ്ത്രധാരണം, പെർഫോമൻസ് എന്നിവയാണ് പ്രധാനമായും യുവതീയുവാക്കളെ അതിലേക്ക് ആകർഷിച്ചത്. ഇന്ത്യയിൽ കെ-പോപ് ഫാൻ ക്ലബ്ബുകൾ രൂപീകരിക്കപ്പെട്ടു. ബിടിഎസ് ആർമി പോലുള്ള ​ഗ്രൂപ്പുകൾ സോഷ്യൽമീഡിയയിൽ സജീവമായി.

ബിടിഎസിന്റെ ആരാധകരെ 'ആർമി' എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ദക്ഷിണ കൊറിയയുടെ നിർബന്ധിത സൈനിക സേവനത്തിനായി ബിടിഎസ് പിരിയുകയും ചെയ്തിരുന്നു. കെ-പോപ് ഇന്ത്യൻ യുവതയ്ക്ക് സ്വപ്നങ്ങളുടെ ഒരു ലോകം തുറന്നുകൊടുത്തെങ്കിലും അമിത ആരാധനയിലേക്ക് പലരും വഴിമാറുകയും ചെയ്തു.


ബിടിഎസ് സംഘത്തെ കാണാൻ വീടുവിട്ട 13കാരികൾ

13 വയസുള്ള മൂന്ന് പെൺകുട്ടികൾ ബിടിഎസ് യുവഗായക സംഘത്തെ കാണാൻ വീടു വിട്ടത് വലിയ വാർത്തയായിരുന്നു. രണ്ടു വർഷം മുമ്പ് തമിഴ്‌നാട്ടിലെ ഈറോഡിൽ താമസിക്കുന്ന കുട്ടികളാണ് കുടുക്ക പൊട്ടിച്ചെടുത്ത 14,000 രൂപയുമെടുത്ത് ദക്ഷിണ കൊറിയയിലേക്ക് പോകാനായി വീടു വിട്ടിറങ്ങിയത്. വിശാഖ പട്ടണത്തിൽ നിന്ന് കപ്പൽ കയറി സിയോലിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി.

എന്നാൽ യാത്ര തുടങ്ങി രണ്ടാമത്തെ ദിവസം തന്നെ പൊലീസ് അവരെ കണ്ടെത്തുകയും തിരികെ വീട്ടിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു. ഇതുപോലെ പല സംഭവങ്ങളും അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്തിരുന്നു. ബിടിഎസ് അംഗങ്ങളുടെ പേര് മാത്രമല്ല,അവരുടെ ഹോബികൾ,ഇഷ്ട നിറം,ഭക്ഷണശീലങ്ങൾ പോലും പലർക്കും കാണാപാഠമായിരുന്നു. ഒരു പോപ് മ്യൂസിക് ബാൻഡ് ഇന്ത്യയിലെ കൗമാരക്കാരിലടക്കം ഉണ്ടാക്കിയ സ്വാധീനത്തിന് തെളിവായിരുന്നു ഇത്.


കെ-ഡ്രാമകളിൽ മണിക്കൂറുകളോളം മുഴുകുന്നവർ

സം​ഗീതത്തിന് പിന്നാലെ ഇന്ത്യൻ യുവാക്കളെ കീഴടക്കിയ മറ്റൊന്നായിരുന്നു കൊറിയൻ ​ഡ്രാമകൾ. കുടുംബബന്ധങ്ങൾ, പ്രണയം, സാമൂഹിക പ്രശ്നങ്ങൾ എന്നിവ കൂട്ടിയിണക്കുന്ന കൊറിയൻ സീരിസുകൾക്ക് പ്രായഭേദമന്യേ കാഴ്ചക്കാരുണ്ട്. കോവിഡ് മഹാമാരികാലത്തായിരുന്നു കെ-ഡ്രാമകൾ കൂടുതൽ പേരിലേക്കും എത്തിയത്. മഹാമാരിക്കാലത്ത് ഇന്ത്യൻ പ്രേക്ഷകർ ശരാശരി 18.6 മണിക്കൂർ കൊറിയൻ കണ്ടന്റുകൾ കണ്ടിരുന്നുവെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ലോകത്ത് തന്നെ ഏറ്റവും ഉയർന്ന നിരക്കും ഇതായിരിക്കും.

ഇന്ത്യക്കാർക്ക് പെട്ടന്ന് കണക്ട് ചെയ്യാൻ കഴിയുന്നതാണ് കൊറിയൻ ഡ്രാമകളിലെ പല കഥകളും. മിക്ക സീരിയസുകളിലും കുടുംബം കേന്ദ്രബിന്ദുവായിരിക്കും. കടമക്കും ത്യാ​ഗത്തിനും,സാമൂഹിക പ്രതിബദ്ധതക്കുമെല്ലാം മുൻതൂക്കം നൽകിക്കൊണ്ടുള്ള ഉള്ളടക്കങ്ങളാണ് പലതിനും.

കൂടാതെ ഇതിലെ പുരുഷ കഥാപാത്രങ്ങൾ വൈകാരികമായി പ്രതികരിക്കുകയും സൗമ്യരും ​ദുർബലരുമാണ്. കരയാനും,ക്ഷമ ചോ​ദിക്കാനുമെല്ലാം പാകം ചെയ്യാനുമൊന്നും മടിയില്ലാത്ത പുരുഷ കഥാപാത്രങ്ങൾക്ക് അങ്ങേയറ്റം ആരാധകരുമുണ്ടാകുന്നു. ജെൻസികൾക്കും മില്ലേനിയൻസിനും പുറമെ 30വയസിന് മുകളിലുള്ള നിരവധി ഇന്ത്യൻ പ്രേക്ഷകർ കെ.ഡ്രാമക്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു. പല കെ-ഡ്രാമകളുടെയും ഹിന്ദിയും മലയാളവും തമിഴുമടക്കമുള്ള ഡബ്ബിങ്ങുകളും പുറത്ത് വന്നിട്ടുണ്ട്.


കൊറിയൻ ബ്യൂട്ടി, സൗന്ദര്യത്തിന്റെ പുതിയ മാനങ്ങൾ

 സൗന്ദര്യ ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിലൊന്നാണ് ഗ്ലാസ് സ്‌കിൻ..കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മമാണ് പുതിയ കാലത്തെ സൗന്ദര്യ സങ്കൽപം.കെ-പോപിനും,കെ-ഡ്രാമക്കും പിന്നാലെ പ്രചാരത്തിലെത്തിയ ഒന്നാണ് കെ-ബ്യൂട്ടി.

കൊറിയൻ സൗന്ദര്യരഹസ്യങ്ങൾ (കെ-ബ്യൂട്ടി) ഇന്ത്യൻ യുവതികൾക്കിടയിൽ ഒരു ക്രേസാണ്. 'ഗ്ലാസ് സ്കിൻ' റൂട്ടീൻ, ഷീറ്റ് മാസ്കുകൾ തുടങ്ങിയവക്ക് ഇന്ത്യൻ മാർക്കറ്റിൽ വൻ ഡിമാന്റ് ആണ്. പഠനങ്ങൾ പ്രകാരം 2024-ൽ കൊറിയൻ ബ്യൂട്ടി ബ്രാൻഡുകളുടെ വളർച്ച 2.5 മടങ്ങായിരുന്നു. കൊറിയൻ സൗന്ദര്യവർധന വസ്തുക്കൾക്കും,സ്‌കിൻ കെയർ പ്രൊഡക്ടുകൾക്കും ലോകത്തെമ്പാടും ആരാധാകരുണ്ട്.

മുഖം കഴുകി,മോയിസ്‌ചൈസറും സൺസ്‌ക്രീനും ഇടുന്നതായിരുന്നു ഒരു സമയത്തെ സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ. എന്നാൽ ഇന്നത് ഒമ്പതും പത്തും ഘട്ടങ്ങളായുള്ള സ്കിൻകെയർ റൂട്ടീനുകളായി മാറി. കൊറിയൻ നടിമാരുടെയും സെലിബ്രിറ്റികളുടെയും മേക്കപ്പ് സ്റ്റൈലുകൾ അനുകരിക്കുക എന്നതാണ് മറ്റൊരു ട്രെൻഡ്.

സൗന്ദര്യ സംരക്ഷണം ആവശ്യമാണെങ്കിലും അത് അമിതമായാൽ മാനസിക സമ്മർദത്തിലേക്കും യുവ തലമുറയെ ഇത് നയിക്കുന്നു എന്നതാണ് ചർമ്മരോഗ വിദഗ്ധർ പോലും ചൂണ്ടിക്കാട്ടുന്നത്. ​ഗ്ലാസ് സ്കിൻ ഇല്ലെങ്കിൽ താൻ കൂട്ടുകാരിൽ ഒറ്റപ്പെട്ടുപോകുമെന്ന ഭയം പല ചെറുപ്പക്കാരെയും പിടിമുറുക്കിയിട്ടുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

മുഖത്തൊരു ചെറിയ കുരു വന്നാൽ പോലും ടെൻഷനടിക്കുകയും ഓൺലൈൻ സ്റ്റോറുകളിൽ കാണുന്നതും ഇൻസ്റ്റ​ഗ്രാം ബ്യൂട്ടി വ്ലോ​ഗർമാർ പറയുന്നതുമായി സകല പ്രൊഡക്ടുകളും വാങ്ങി പരീക്ഷിക്കാനും ഇവർ മടിക്കാറില്ല. ഇത് കൂടുതൽ ​ഗുരുതരമായ ചർമ്മ രോ​ഗത്തിലേക്ക് നയിക്കുകയും ചെയ്യും. വസ്ത്രങ്ങളോ കളിപ്പാട്ടങ്ങളോ വാങ്ങുന്ന പോലെ സ്കിൻ പ്രൊഡക്ടുകൾ വാങ്ങുന്നത് അത്ര നല്ലതെന്നും ചർമ്മരോ​ഗ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.


കിംചി മുതൽ ബിബിംബാപ് വരെ; സ്ക്രീനിൽ നിന്ന് തെരുവുകളിലേക്ക്

കൊറിയൻ ജീവിതശൈലി ഇന്ത്യൻ യുവാക്കളുടെ ഭക്ഷണശീലങ്ങളെയും ഫാഷനെയും അമിതമായി സ്വാധീനിച്ചിട്ടുണ്ട്. ഒരിക്കൽ കേട്ടുകേൾവി പോലുമില്ലാത്ത കൊറിയൻ ഭക്ഷണങ്ങൾ ഇന്ന് നമ്മുടെ പല റസ്റ്റോറന്റുകളിലും ലഭ്യമാണ്. സ്ക്രീനിൽ കണ്ടുപരിചയിച്ച രുചികൾ ആസ്വദിക്കാനായി എത്തുന്നവരാകട്ടെ നിരവധി പേരും. കിംചി, റാമെൻ, ബിബിംബാപ് തുടങ്ങിയ ഭക്ഷണങ്ങൾ ഇന്ത്യൻ റസ്റ്റോറന്റുകളിൽ ജനപ്രിയമാകുന്നത് കൊറിയൻ തരം​ഗം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നതിൻെറ തെളിവ് കൂടിയാണ്.

സ്വിഗ്ഗിയുടെ 2025 ലെ ഡാറ്റാ റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരു, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ 2025 ജൂലൈയിൽ കൊറിയൻ ഭക്ഷണത്തിനുള്ള ഓർഡറുകൾ വർഷം തോറും 50ശതമാനം വർധിച്ചു. സൂറത്ത്, മൈസൂരു ഉൾപ്പെടെയുള്ള 59ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഇതിന് പുറമെ കൊറിയൻ ഫാഷനും യുവാക്കൾക്കിടയിൽ പ്രചാരം നേടിയിരിക്കുന്നു. ഓവർസൈസ്ഡ് ക്ലോത്തുകൾ, സ്നീക്കറുകൾ എന്നിവക്കും ഇവിടെ ആരാധകരുണ്ട്.


ലവ് ഗെയിംമുകള്‍ മറ്റൊരു ബ്ലൂ വെയിലോ?

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിൽ മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് കൊറിയൻ ലവ് ഗെയിമുകൾ ചർച്ചയാകുന്നത്. കൗമാരക്കാരുടെ കൊറിയൻ ഇഷ്ടത്തെ മുതലെടുത്താണ് ഈ ഓൺലൈൻ ഗെയിമുകൾ നിർമിച്ചത്. കെ ഡ്രാമകളിലെയും കെ പോപ്പിലെയും റൊമാന്റിക് സങ്കൽപങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഗെയിമുകൾ മുന്നോട്ട് പോകുന്നത്.

വൈകാരികമായി കൗമാരക്കാരെ ആകർഷിക്കുന്ന രീതിയിലാണ് ഗെയിമുകളുടെ രൂപകൽപന.എന്നാൽ ഇതിലെ ചതിക്കുഴികൾ വളരെ വലുതാണെന്ന് സൈബർ രംഗത്തെ വിദഗ്ധർ പറയുന്നു. വെർച്വൽ പങ്കാളി പറയുന്ന ടാക്‌സുകൾ പൂർത്തീകരിക്കുന്നതിലാണ് കൂടുതൽ അപകടം ഒളിച്ചിരിക്കുന്നത്. മാനസികമായും വൈകാരികമായും തളർത്തുന്ന ഈ ഗെയിം നേരത്തെ വിവാദമായിരുന്ന ബ്ലൂവെയിൽ ഗെയിമിന് തുല്യമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കൗമാരക്കാരെ വൈകാരികമായി ബ്ലാക് മെയിൽ ചെയ്യുകയാണ് ഈ ഗെയിമുകളുടെ പ്രധാന ലക്ഷ്യം.ഇതാകട്ടെ, കുട്ടികളെ വെർച്വല്‍  ലോകത്ത് തളച്ചിടുകയും ഗെയിമുകൾക്ക് അടിമകളാക്കുകയും ചെയ്യുന്നു. ഗാസിയാബാദിൽ ജീവനൊടുക്കിയ മൂന്ന് സഹോദരിമാരും കൊറിയൻ ലവ് ഗെയിമുകൾക്ക് അടിമകളായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കൊറിയൻ ഭാഷ പഠിക്കാന്‍ ഇന്ത്യക്കാരുടെ തിരക്ക്

പുതിയ ഭാഷ പഠിക്കുക എന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമാണ്. ഭാഷ പഠിക്കുന്നത് ആ നാടിൻെറ സംസ്കാരത്തെക്കൂടി ആഴത്തിൽ അറിയാൻ സഹായിക്കും. എന്നാൽ അടുത്ത കാലത്തായി ഇന്ത്യയിൽ കൊറിയൻ ഭാഷ പഠിക്കാൻ താൽപര്യപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്നാണ് കണക്കുകൾ പറയുന്നത്. ആഗോള ഭാഷാ പഠന ആപ്പായ ദുഓലിംഗോ (Duolingo) സർവേ പ്രകാരം, ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളേക്കാൾ വേ​ഗത്തിൽ വളരുന്ന ഭാഷയായി കൊറിയ മാറിയെന്നാണ് പറയുന്നത്.

നെറ്റ്ഫ്ലിക്സിലെ ഹിറ്റ് സീരീസ് സ്ക്വിഡ് ഗെയിമും (Squid Game) കെ-പോപ്പ് സംഗീതവുമാണ് ഇതിൽ പ്രധാന കാരണമായി പറയുന്നത്. 2023-ൽ കൊറിയൻ ഭാഷാ പഠിതാക്കളിൽ 75% വർധവുണ്ടായെന്നും പഠനങ്ങൾ പറയുന്നു. 13-22 വയസ് പ്രായമുള്ളവരാണ് കൊറിയൻ ഭാഷ പഠിക്കാനുള്ള താല്പര്യം കൂടുതലായി കാണിക്കുന്നതെന്നും പഠനങ്ങൾ പറയുന്നു.

അതേസമയം, കൊറിയൻ ഭാഷ പഠിക്കുന്നത് അക്കാ​ദമിക് ആവശ്യത്തില്ലെന്നും മറിച്ച് സാംസ്കാരിക ജിജ്ഞാസയാണ് കാരണമെന്നുമാണ് വസ്തുത. കെ ഡ്രാമകളും മറ്റ് പരിപാടികളും സബ്ടൈറ്റിലുകൾ ഇല്ലാതെ തന്നെ മനസിലാക്കാനുള്ള താൽപര്യമാണ് ഇതിന് പിന്നാലെ മറ്റൊരു പ്രധാന കാരണം. കൂടാതെ കൊറിയൻ മൊബൈൽ ​ഗെയിമുകളും ഇന്ത്യക്കാരിലുണ്ടാക്കിയ സ്വാധീനവും ഭാഷാ പഠനത്തിൽ പങ്കുവഹിച്ചിട്ടുണ്ട്.

ആദിത്യ മുതല്‍ ഗാസിയാബാദിലെ പെണ്‍കുട്ടികള്‍ വരെ

കൊറിയൻ ഭ്രമത്തിന്റെ ഇരകളായവരിൽ കേരളത്തിലെ ഒരു 16കാരിയുമുണ്ടായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഒരു കൊറിയൻ സുഹൃത്തിന്റെ മരണവാർത്ത കേട്ട് ഒരു മലയാളി പെൺകുട്ടി ജീവിതം അവസാനിപ്പിക്കുക. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമാണെങ്കിലും, നമ്മുടെ നാട്ടിൽ സംഭവിച്ച കാര്യമാണിത്.

2026 ജനുവരി അവസാനമായിരുന്നു എറണാകുളം തിരുവാണിയൂരിലെ ആദിത്യയുടെ മൃതദേഹം പാറമടയിൽ നിന്നാണ് കണ്ടെത്തുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്തായിരുന്നു മരണമെന്നാണ് പൊലീസ് കണ്ടെത്തൽ . എന്നാൽ ഇത് സംബന്ധിച്ച ദുരൂഹതകൾ ഇനിയും മാറിയിട്ടില്ല. കുട്ടിയുടെ നോട്ട്ബുക്കിൽ കൊറിയൻ ഭാഷയലുള്ള കുറിപ്പുകളും കണ്ടെത്തിയിരുന്നു. എന്നാൽ കുട്ടിയെ ആരോ കബളിപ്പിച്ചതാകാമെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ഇതിന് തൊട്ടുപിന്നാലെയാണ് 2026 ഫെബ്രുവരിയിൽ നിഷിക, പ്രച്ചി, പാഖി തുടങ്ങിയ സഹോദരിമാർ കൊറിയന്‍ സംസ്കാരത്തോടുള്ള അമിത ആരാധനയും, ഫോൺ ഉപയോ​ഗം പിതാവ് നിയന്ത്രിച്ചതിലും മനംനൊന്ത് ജീവൻ അവസാനിപ്പിച്ചത്. 'കൊറിയയാണ് ഞങ്ങളുടെ ജീവിതം' എന്നായിരുന്നു അവർ അവസാനമായി കുറിച്ചിരുന്നത്. മൂന്ന് സഹോദരിമാരും കൊറിയൻ പേരുകൾ സ്വീകരിച്ചിരുന്നുവെന്നും ഈ പേരുകളിലാണ് അവർ ഇൻസ്റ്റഗ്രാമിൽ അറിയപ്പെട്ടിരുന്നതുമെന്നും പൊലീസ് പറയുന്നു. തങ്ങൾ ഇന്ത്യക്കാരെ വിവാഹം കഴിക്കില്ലെന്നും കൊറിയക്കാരെ മാത്രമാണ് വിവാഹം കഴിക്കൂവെന്നും പിതാവിനോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതേസമയം, പെൺകുട്ടികൾ ടാസ്‌ക് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ഗെയിം കളിച്ചിരുന്നുവെന്നും ഇതിലെ ടാസ്‌ക് പ്രകാരമായിരുന്നു മൂന്ന് പേരുടെയും മരണമെന്നും പൊലീസ് പറയുന്നുണ്ട്.


യഥാര്‍ഥ ജീവിതം സ്ക്രീനിന് പുറത്താണ്

കെ-പോപ് ഗാനങ്ങളും കെ-ഡ്രാമകളും കൊറിയൻ ബ്യൂട്ടി ടിപ്സുകളും ആസ്വദിക്കുന്നതും അനുകരിക്കുന്നതും ഒരുപരിധി വരെ തെറ്റില്ല. പുതിയ സംസ്കാരങ്ങളെ പരിചയപ്പെടാനും മനസിലാക്കാനും ഇവ സഹായിക്കുന്നു.എന്നാല്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്ന് ഫിക്ഷന്‍ ലോകത്ത് പൂര്‍ണമായും മുഴുകുമ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. അമിതമായ സ്ക്രീന്‍ ടൈം,എല്ലാത്തിൽ നിന്നും അകന്ന് നിൽക്കുക,സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള അങ്കലാപ്പ്,വിഷാദം തുടങ്ങിയവയിലേക്ക് ഇത് നയിക്കുന്നുണ്ടെങ്കില്‍  തീർച്ചയായും ഇത് വലിയൊരു അപകടത്തിലേക്കുള്ള പാലമാണെന്ന് മാനസികാരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

രക്ഷിതാക്കൾ കുട്ടികളുടെ ഓൺലൈൻ ഉപയോ​ഗം നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ നിയന്ത്രിക്കുകയും വേണം. കുട്ടികൾ ഏതൊക്കെ ​ഗെയിമുകളാണ് കളിക്കുന്നതെന്നും ശ്രദ്ധിക്കാം. അവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും അസ്വാഭാവികത തോന്നുകയാണെങ്കിലോ ആവശ്യമെങ്കിൽ കൗൺസിലിങ്ങിന് വിധേയമാക്കുകയും വേണം.

കുട്ടികളുടെ മനസ് വളരെ ലോലമാണ്.ചെറിയ പ്രശ്നങ്ങൾ വരുമ്പോഴേക്കും അവർ മാനസികമായി തളരുകയും ചെയ്യും. കുട്ടികളുമായി പരമാവധി സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ പങ്കുവെക്കാനും രക്ഷിതാക്കൾ സമയം കണ്ടെത്തണമെന്നും മാനസികാരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. സ്കൂളുകളിലെ അധ്യാപകരും ഇക്കാര്യത്തിൽ ജാ​ഗ്രത പാലിക്കാം. സ്കൂളുകളിൽ കുട്ടികൾക്ക് മൊബൈൽ അഡിക്ഷനെക്കുറിച്ച് ക്ലാസുകളും കൗൺസിലിങ്ങുകളും നൽകാം. സ്ക്രീനിനുള്ളിൽ കാണുന്നതല്ല ജീവിതതമെന്നും യഥാർഥ സന്തോഷം സ്ക്രീനിന് പുറത്താണെന്നും കുട്ടികളെ പഠിപ്പിച്ചെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Similar News