ആർ.എൻ രവിയിലൂടെ പശ്ചിമ ബംഗാളിൽ ബിജെപി ലക്ഷ്യംവെക്കുന്നത് രാഷ്ട്രപതി ഭരണമോ?

എസ്ഐആറിനെതിരെ മുന്നില്‍ നിന്ന് നയിക്കുന്ന മമതക്ക്, കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള നീക്കങ്ങളൊന്നും തങ്ങളുടെ നന്മക്ക് വേണ്ടിയല്ല എന്ന് ഉറപ്പാണ്.

Update: 2026-03-09 16:09 GMT

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പലതരത്തിലുള്ള സംഭവവികാസങ്ങളാണ് പശ്ചിമ ബംഗാളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. എസ്‌ഐആറിൽ തുടങ്ങി ഗവര്‍ണറെ മാറ്റിയത് വരെ വൻ രാഷ്ട്രീയ വിവാദങ്ങൾക്കാണ് ഇവിടെ തിരികൊളുത്തിയത്. ഏറ്റവും ഒടുവിലായി രാഷ്ട്രപതി ദ്രൗപതി മുർമു സംസ്ഥാനത്ത് എത്തിയതും സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്താതുമൊക്കെ സജീവ ചര്‍ച്ചയാകുകയാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖരൊക്കെ ബംഗാൾ രാഷ്ട്രീയത്തില്‍ കണ്ണുംനട്ടിരിപ്പാണ്. ലക്ഷ്യം ഒന്നേയുള്ളൂ, മമത ബാനർജിയെ താഴെ ഇറക്കുക, ബിജെപി സർക്കാരിനെ അധികാരത്തിലെത്തിക്കുക. എന്നാൽ വീഴാത്ത, പതറാത്ത മനസുമായി രാഷ്ട്രീയ- അധികാര കേന്ദ്രങ്ങളെയൊന്നാകെ വെല്ലുവിളിക്കുകയാണ് മമത. അതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ മുതൽ കേന്ദ്ര ഏജൻസികൾ വരെ. 

Advertising
Advertising

ഗവർണറെ മാറ്റി, ബംഗാളിൽ രാഷ്ട്രപതി ഭരണത്തിന് ശ്രമമോ?

ബിജെപിക്ക് വഴങ്ങാത്ത സംസ്ഥാനങ്ങളെ രാഷ്ട്രപതി ഭരണമെന്ന വാളോങ്ങി കേന്ദ്രസർക്കാർ പലവുരു പേടിപ്പിക്കുന്നുണ്ട്. അതിൽ പശ്ചിമബംഗാൾ എന്നും മുൻപന്തിയിലാണ്. ഇപ്പോഴിതാ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് കളമൊരുങ്ങുന്നു എന്ന വാർത്തകൾ വീണ്ടും സജീവമാകുന്നു. അതിന് കാരണമാകുന്നത് സി.വി ആനന്ദബോസിനെ ഗവർണർ സ്ഥാനത്ത് നിന്നും മാറ്റി ആർ.എൻ രവിയെ ഗവർണറാക്കിയതും. 

പൊടുന്നനെയായിരുന്നു ഗവർണർ മാറ്റം. അവസാന നിമിഷമാണ് മമത പോലും തീരുമാനം അറിയുന്നത്. അതിലുള്ള അതൃപ്തി അവർ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  സി.വി ആനന്ദബോസിനെപ്പോലെയല്ല ആർ.എൻ രവി, അദ്ദേഹം കലഹപ്രിയനാണ്. തമിഴ്‌നാട്ടിൽ  ഗവർണറായ കാലം, സ്റ്റാലിൻ സർക്കാരുമായി പലതവണ കൊമ്പുകോര്‍ത്തുകൊണ്ടായിരുന്നു. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത അദ്ദേഹത്തിന്റെ തീരുമാനം സുപ്രിംകോടതി സുപ്രധാന വിധിയിലൂടെ റദ്ദാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. അങ്ങനെയൊരു പശ്ചാത്തലമുള്ള രവി, ബംഗാളിലേക്ക് വരുന്നത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പോരാട്ടം ഒന്നുകൂടി കടുപ്പിക്കാനെ ഉപകരിക്കൂ. 

തൃണമൂല്‍ കോണ്‍ഗ്രസും ബംഗാള്‍ ബിജെപിയും ഒരുപോലെ പേടിക്കുന്നത്...

മമത ബാനർജി തന്നെയാണ് ഗവർണറെ മാറ്റിയതിലെ അപകടം ആദ്യം മനസിലാക്കിയത്. ഞങ്ങളെ ഉപദ്രവിക്കാനാണ് അദ്ദേഹത്തെ കൊണ്ടുവരുന്നത് എന്നാണ് ടിഎംസിയിലെ വികാരം. അത് വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ് നേതാക്കള്‍ പങ്കുവെക്കുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് ബിജെപി എപ്പോഴും ആഗ്രഹിച്ചിട്ടുള്ളതെന്നാണ് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് മുഹമ്മദ് തൗസീഫ് റഹ്മാൻ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞത്. എസ്‌ഐആർ അന്തിമ പട്ടികയില്‍ സംശയങ്ങൾ കാണുന്നവരാണ് ഏറെയും.  വോട്ടര്‍പട്ടികയിലടക്കം ഗവര്‍ണര്‍ കൈവെക്കുമെന്നും ടിഎംസി ഭയപ്പെടുന്നു. 


ഈ സാഹചര്യത്തിലാണ് ഏകദേശം അരനൂറ്റാണ്ടിന് ശേഷം സംസ്ഥാനത്ത് ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നത്. അങ്ങനെയൊന്ന് സംഭവിക്കുകയാണെങ്കിൽ, ഗവർണറുടെ പദവിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാകും കൈവരിക. ആനന്ദ ബോസിനെപ്പോലെ 'തണുപ്പന്‍' പ്രകടനക്കാര്‍ക്ക് ഇവിടെ റോളില്ല. അടിച്ച് തന്നെ മുന്നേറാന്‍ കഴിയണം. അതിനാണ് രവിയെ കൊല്‍ക്കത്തയിലെത്തിച്ചിരിക്കുന്നത്. ഗവർണർ പദവിയിൽ പ്രതിഷ്ഠിക്കാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള വ്യക്തിയാണ് രവി. സംഘ്പരിവാറിൻ്റെ 'ലക്ഷ്യബോധമുള്ള, വിട്ടുവീഴ്ചയില്ലാത്ത, തന്ത്രശാലിയായ ഓപ്പറേറ്റര്‍ കൂടിയാണ് അദ്ദേഹം.

എന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ മമതക്ക് തന്നെ ഗുണമാകുമെന്ന് വിലിരുത്തുന്നവരും കുറവല്ല. ബിജെപി ആവേശത്തോടെ പിന്തുണക്കാത്തതും ഇക്കാരണം കൊണ്ടാണ്. അധികകാലം രാഷ്ട്രപതി ഭരണത്തിന് കീഴില്‍ ഒരു സംസ്ഥാനത്തെ നിര്‍ത്തുക എന്ന പ്രയാസമാണ്. എന്നായാലും തെരഞ്ഞെടുപ്പ് വേണ്ടിവരും. നിഷ്പക്ഷ വോട്ടർമാരെ കൂടെകൂട്ടേണ്ടത് ബിജെപിക്ക് അനിവാര്യമാണ്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ ബിജെപി, ബംഗാളി വിരുദ്ധമാണെന്ന ധാരണ വരും, അങ്ങനെ വന്നാല്‍ ആ വോട്ട് നഷ്ടപ്പെടാനെ ഉപകരിക്കൂ. മമതയ്ക്ക് വലിയ തോതിലുള്ള ജനപിന്തുണയും സഹതാപവും ലഭിക്കുകയും ചെയ്യും. കോണ്‍ഗ്രസും ഇതെ വികാരമാണ് പങ്കുവെക്കുന്നത്.  

രാഷ്ട്രപതിയുടെ സന്ദര്‍ശനവും വിവാദമാകുമ്പോള്‍...

എസ്‌ഐആറിലേയും ഗവര്‍ണറെ മാറ്റിയതിലേയും എന്ന പോലെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ബംഗാള്‍ സന്ദര്‍ശനവും ടിഎംസി സംശയത്തോടെയാണ് കാണുന്നത്. ഡാർജിലിങ്ങിൽ നടന്ന ഒമ്പതാമത് ഇന്റർനാഷണൽ സന്താൾ കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സ്വീകരിക്കാൻ മുഖ്യമന്ത്രി മമത ബാനർജിയോ മറ്റ് മന്ത്രിമാരോ എത്തിയിരുന്നില്ല. തന്നെ സ്വീകരിക്കാൻ മുഖ്യമന്ത്രി വരാത്തതിൽ രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രപതി പങ്കെടുത്ത ചടങ്ങിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നത് ഭരണഘടനാപരമായ ലംഘനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരോപിച്ചു.  ഇതിനിടെ  താൻ മുഖ്യാതിഥിയായി പങ്കെടുത്ത രാജ്യാന്തര സാന്താൾ സമ്മേളനത്തിന്റെ വേദി ബിധാനഗറിൽ നിന്ന് ഗോശായിപുരിലേക്ക് മാറ്റിയതിനെയും രാഷ്ട്രപതി ചോദ്യം ചെയ്തിരുന്നു. കേന്ദ്രസർക്കാർ ഗോത്രവർഗ അഭിമാനത്തിന് പുതിയ സ്വത്വവും വികസനത്തിന് പുതിയ വേഗവും നൽകിയെന്ന് മുർമു പറഞ്ഞതും  ഈ മേഖലയിലെ സാന്താൾ വിഭാഗക്കാർക്കും ഗോത്രവർഗക്കാർക്കും വികസനം ലഭിക്കുന്നുണ്ടോ? എന്ന് ചോദിച്ചതും ടിഎംസിയെ ചൊടിപ്പിച്ചു. 


രാഷ്ട്രപതിയുടെ വാക്കുകൾ രാഷ്ട്രീയ പ്രേരിതമാണെനായിരുന്നു മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണം.  പദവിക്ക് ചേരാത്ത പ്രസ്താവനകൾ നടത്തരുതെന്ന് അവർ രാഷ്ട്രപതിയോട് അഭ്യർഥിക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃണമൂൽ കോൺഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. ഗവർണറെ മാറ്റിയതിലും എസ്‌ഐആറിനെതിരായ നടപടിയിലുമുള്ള അനിഷ്ടമാണ് രാഷ്ട്രപതിയെ സ്വീകരിക്കാൻ മമത എത്താതിരുന്നത് എന്ന് പറയപ്പെടുന്നുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഞങ്ങള്‍ പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും പറയുന്നു. എസ്ഐആറിനെതിരെ മുന്നില്‍ നിന്ന് നയിക്കുന്ന മമതക്ക്, കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള നീക്കങ്ങളൊന്നും തങ്ങളുടെ നന്മക്ക് വേണ്ടിയല്ല എന്ന് ഉറപ്പാണ്.  അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് കഴിയും വരെയും ബംഗാളിലെ തര്‍ക്കങ്ങള്‍ അവസാനിക്കില്ല.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Similar News