സ്വർണവിലയിലെ കുതിച്ചുചാട്ടം നിക്ഷേപകർക്ക് നൽകുന്ന സൂചനയെന്ത്?

ജെപി മോർഗൻ ഗ്ലോബർ റിസർച്ച് അടക്കമുള്ള ബാങ്കിങ് സ്ഥാപനങ്ങളും സ്വർണവിലയിൽ വർധന തുടരുമെന്നാണ് വ്യക്തമാക്കുന്നത്

Update: 2026-02-06 13:28 GMT

നമ്മുടെ സമ്പാദ്യശീലത്തിൽ സ്വർണത്തിന് എക്കാലത്തും വലിയ സ്ഥാനമാണുള്ളത്. ഒരു ആഭരണമെന്നതിലുപരി സാമ്പത്തിക പ്രതിസന്ധികളിൽ തുണയാകുന്ന സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ലോകമെമ്പാടുമുള്ള നിക്ഷേപകർ കാണുന്നത്. ആഗോള വിപണിയിലെ ചലനങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും സ്വർണവിലയെ സ്വാധീനിക്കാറുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് ലാഭകരമായ ഒരു നിക്ഷേപമാണ്. സമീപകാലത്ത് സ്വർണവിലയിലുണ്ടായ വൻ കുതിച്ചുചാട്ടം സ്വർണ നിക്ഷേപത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കുകയാണ്.

സ്വർണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ലിക്വിഡിറ്റി അഥവാ പെട്ടെന്ന് പണമാക്കി മാറ്റാനുള്ള കഴിവാണ്. ഓഹരി വിപണിയിലോ റിയൽ എസ്റ്റേറ്റിലോ നിക്ഷേപിക്കുമ്പോൾ അത് തിരികെ പണമാക്കാൻ സ്വാഭാവികമായും സമയമെടുക്കും. എന്നാൽ സ്വർണം ഏത് സമയത്തും വിൽക്കാനോ പണയംവെക്കാനോ സാധിക്കും എന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. അടിയന്തര സാഹചര്യങ്ങളിൽ സാമ്പത്തിക സഹായം നൽകുന്നതിൽ സ്വർണത്തേക്കാൾ മികച്ച മറ്റൊരു നിക്ഷേപം കണ്ടെത്തുക പ്രയാസമാണ്.

Advertising
Advertising

നിക്ഷേപകർക്ക് വലിയ വെല്ലുവിളിയാകുന്ന നാണയപ്പെരുപ്പത്തെ പ്രതിരോധിക്കാൻ കഴിയുമെന്നതാണ് സ്വർണത്തിന്റെ സവിശേഷത. പണത്തിന്റെ മൂല്യം ഇടിയുമ്പോൾ സ്വർണവില സാധാരണയായി വർധിക്കുകയാണ് പതിവ്. ഉദാഹരണത്തിന്, വർഷങ്ങൾക്ക് മുമ്പ് ഒരു നിശ്ചിത തുകയ്ക്ക് ലഭിച്ചിരുന്ന സാധനങ്ങൾ ഇന്ന് വാങ്ങാൻ അതിലും വലിയ തുക വേണ്ടിവരും. എന്നാൽ സ്വർണത്തിന്റെ കാര്യത്തിൽ, അതിന്റെ മൂല്യം കാലത്തിനനുസരിച്ച് ഉയരുന്നത് വഴി നിക്ഷേപകന്റെ വാങ്ങൽ ശേഷി സംരക്ഷിക്കപ്പെടുന്നു.

ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് നിക്ഷേപത്തെ സംരക്ഷിക്കാനും സ്വർണത്തിനാവും. ഓഹരി വിപണി തകരുമ്പോൾ പലപ്പോഴും സ്വർണവില ഉയരാറുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ നിക്ഷേപത്തിൽ ഒരു നിശ്ചിത ശതമാനം സ്വർണം ഉൾപ്പെടുത്തുന്നത് നഷ്ടസാധ്യത കുറയ്ക്കാൻ സഹായിക്കും.

അതേസമയം സ്വർണനിക്ഷേപത്തിൽ ചില വെല്ലുവിളികളുമുണ്ട്. ആഭരണങ്ങളായി സ്വർണം വാങ്ങുമ്പോൾ പണിക്കൂലി, ജിഎസ്ടി എന്നിവ നൽകേണ്ടി വരുന്നു. ഇത് നിക്ഷേപത്തിന്റെ മൂല്യത്തിൽ കുറവുണ്ടാക്കാം. കൂടാതെ, സ്വർണം സുരക്ഷിതമായി സൂക്ഷിക്കാൻ ലോക്കർ സൗകര്യങ്ങൾ ഉപയോഗിക്കേണ്ടി വരുന്നതും അധിക ചെലവ് വരുത്തിവെക്കുന്നു. മോഷ്ടിക്കപ്പെടാനുള്ള സാധ്യതയും ഇവിടെ ഒരു ഘടകമാണ്.

ഡിജിറ്റൽ യുഗത്തിൽ സ്വർണ നിക്ഷേപത്തിന് പുതിയ വഴികൾ തുറന്നിട്ടുണ്ട്. ഗോൾഡ് ഇടിഎഫുകൾ, ഡിജിറ്റൽ ഗോൾഡ്, സോവറിൻ ഗോൾഡ് ബോണ്ടുകൾ എന്നിവ ഇതിൽ പ്രധാനമാണ്. പണിക്കൂലിയോ സൂക്ഷിപ്പ് ചെലവോ ഇല്ലാതെ സ്വർണത്തിൽ നിക്ഷേപിക്കാൻ ഇവ സഹായിക്കുന്നു. പ്രത്യേകിച്ച് സർക്കാർ പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടുകൾക്ക് നിശ്ചിത പലിശയും ലഭിക്കുന്നു എന്നത് നിക്ഷേപകരെ ആകർഷിക്കുന്ന ഘടകമാണ്.

റിയൽ എസ്റ്റേറ്റിൽ നിന്നുള്ള വാടകയോ ഓഹരികളിൽ നിന്നുള്ള ഡിവിഡന്റോ പോലെ സ്വർണത്തിൽ നിന്ന് സ്ഥിരമായ വരുമാനം ലഭിക്കില്ല എന്നത് സ്വർണത്തിൽ നിക്ഷേപിക്കുന്നതിന്റെ ഒരു പരിമിതിയാണ്. വില കൂടുമ്പോൾ ലാഭത്തിൽ വിറ്റഴിക്കാം എന്നത് മാത്രമാണ് ഒരു മാർഗം. ഹ്രസ്വകാലത്തേക്ക് വലിയ ലാഭം പ്രതീക്ഷിക്കുന്നവർക്ക് സ്വർണം ചിലപ്പോൾ അനുയോജ്യമായെന്ന് വരില്ല.

ഒരു നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ബിഐഎസ് ഹാൾമാർക്കിങ് ഉള്ള സ്വർണം മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. ഇത് പിന്നീട് സ്വർണം വിൽക്കുമ്പോൾ കൃത്യമായ മൂല്യം ലഭിക്കുന്നു എന്ന് ഉറപ്പാക്കും. ഡിജിറ്റൽ സ്വർണമാണെങ്കിൽ അംഗീകൃത പ്ലാറ്റ്ഫോമുകൾ വഴി മാത്രമേ ഇടപാടുകൾ നടത്താവൂ.

സമ്പാദ്യത്തിന്റെ 10 മുതൽ 15 ശതമാനം വരെ സ്വർണത്തിൽ നിക്ഷേപിക്കുന്നത് സാമ്പത്തിക ഭദ്രത നൽകും. വില കുറഞ്ഞിരിക്കുന്ന സമയത്ത് വാങ്ങുകയും ദീർഘകാലത്തേക്ക് കൈവശംവെക്കുകയും ചെയ്യുന്നത് വഴി മികച്ച ലാഭം കൊയ്യാൻ സാധിക്കും. സാമ്പത്തിക അച്ചടക്കവും ശരിയായ നിക്ഷേപ രീതികളും പിന്തുടർന്നാൽ സ്വർണം നമ്മുടെ സമ്പാദ്യത്തിലെ തിളക്കമുള്ള സാന്നിധ്യമായിരിക്കും.

മറ്റു പല നിക്ഷേപത്തിലും ലാഭത്തിനും നഷ്ടത്തിനും സാധ്യതകാണുമ്പോൾ സ്വർണത്തിൽ വലിയ നഷ്ടമുണ്ടാകില്ല എന്നതാണ് ചരിത്രം പരിശോധിക്കുമ്പോൾ മനസിലാക്കാനാവുക. 1925ൽ പവന് 13.75 രൂപ ഉണ്ടായിരുന്ന വിലയാണ് 100 വർഷം കൊണ്ട് ഒരു ലക്ഷവും കടന്ന് കുതിക്കുന്നത്. 1935ൽ 22.65 രൂപയും 1950ൽ 72.75 രൂപയും 1975ൽ 396 രൂപയുമായിരുന്നു വില. 80 കളിലാണ് പവൻ വില ആദ്യമായി ആയിരം കടന്നത്. 1985ൽ 1573 രൂപയായിരുന്നു വില. 1990ൽ ആയിരം രൂപ വർധിച്ച് പവൻവില 2500നോടു അടുത്ത് എത്തി. 1995ൽ 3432 രൂപയായിരുന്ന സ്വർണവില 2000 വരെയുള്ള അഞ്ച് വർഷത്തിന് വില കുറയുന്നതിനും സാക്ഷിയായി. 2000ൽ 3212 രൂപയായിരുന്നു ഒരു പവന് വില.

എന്നാൽ 2000ന് ശേഷം പൂർവാധികം ശക്തിയോടെ സ്വർണവില കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. 2010ൽ 12,000 കടന്ന സ്വർണവില 2015 ആകുമ്പോഴേക്കും 20,000ന് അടുത്ത് എത്തി. 2020ൽ 32000 കടന്ന് കുതിച്ച സ്വർണവില ഏതാനും വർഷങ്ങൾക്കകമാണ് 50,000 എന്ന നാഴികക്കല്ല് പിന്നിട്ടത്. കൃത്യമായി പറഞ്ഞാൽ 2024 മാർച്ച് 29നാണ് സ്വർണവില ആദ്യമായി 50,000 കടന്നത്. അന്ന് പവന് 50,400 രൂപയാണ് രേഖപ്പെടുത്തിയത്. പിന്നീടുള്ള മാസങ്ങളിൽ റെക്കോർഡുകൾ ഭേദിച്ച് സ്വർണവില പുതിയ ഉയരം കുറിച്ച് മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമായത്.

2025 ഡിസംബർ 22 നാണ് സ്വർണവില സംസ്ഥാനത്ത് ഒരു ലക്ഷം കടന്നത്. പിന്നീട് വിലയിൽ ചാഞ്ചാട്ടമുണ്ടായെങ്കിലും സ്വർണം കുതിപ്പ് തുടരുകയായിരുന്നു. 2026 ജനുവരി 29ന് ആണ് സ്വർണം റെക്കോർഡ് വിലയിലെത്തിയത്. 1,31,160 ആയിരുന്നു അന്നത്തെ വില. ഇതിന് ശേഷവും വിലയിൽ ചാഞ്ചാട്ടം തുടരുന്നുണ്ടെങ്കിലും വലിയ ഇടിവിന് സാധ്യതയില്ലാത്തതിനാൽ നിക്ഷേപകർക്ക് കാര്യമായ നഷ്ടമുണ്ടാകില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ജെപി മോർഗൻ ഗ്ലോബർ റിസർച്ച് അടക്കമുള്ള ബാങ്കിങ് സ്ഥാപനങ്ങളും സ്വർണവിലയിൽ വർധന തുടരുമെന്നാണ് വ്യക്തമാക്കുന്നത്. ഔദ്യോഗിക കരുതൽ ശേഖരത്തിന്റെ ഭാഗമായും നിക്ഷേപമായും സ്വർണത്തെ തിരഞ്ഞെടുക്കുന്ന പ്രവണത ഇനിയും തുടരും. 2027 അവസാനത്തോടെ സ്വർണത്തിന്റെ ശരാശരി വില ഔൺസിന് 5,400 ഡോളറിലേക്ക് ഉയർന്നേക്കുമെന്നാണ് ജെ.പി മോർഗനിലെ ഗ്ലോബൽ കമ്മോഡിറ്റീസ് സ്ട്രാറ്റജി വിഭാഗം മേധാവി നടാഷ കനേവ പറയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Similar News