സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'സന്ദേശം' സിനിമയിൽ ജയറാമിന്റെയും ശ്രീനിവാസന്റെയും കഥാപാത്രങ്ങൾ തമ്മിൽ തീൻമേശയിൽ നടക്കുന്ന ഒരു തർക്കത്തിന്റെ സീനുണ്ട്. അതിൽ ശ്രീനിവാസന്റെ കഥാപാത്രമായ കോട്ടപ്പള്ളി പ്രഭാകരൻ പറയുന്ന ഡയലോഗാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ നിറയുന്നത്. ഇവിടത്തെ കാര്യം പറയുമ്പോൾ എന്തിനാണ് അന്താരാഷ്ട്രത്തിലേക്ക് ഓടുന്നത് എന്ന ചോദ്യത്തിന് കോട്ടപ്പള്ളി പറയുന്ന മറുപടി ''മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ...'' എന്നാണ്. യുഎസ്, ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം ഇന്ത്യയിൽ എൽപിജി പ്രതിസന്ധി രൂക്ഷമാക്കുകയും വാണിജ്യ സിലിണ്ടറുകളുടെ വിതരണം കേന്ദ്രം നിർത്തുകയും ചെയ്തതോടെയാണ് കോട്ടപ്പള്ളിയുടെ വാക്കുകൾ വീണ്ടും ഫീഡിൽ നിറയുന്നത്.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്താക്രമണത്തിന്റെ കെടുതികൾ 3,000 കിലോമീറ്റർ ഇപ്പുറത്തുള്ള ഇന്ത്യയിലെ സാധാരണക്കാരുടെ അടുക്കളയിലേക്ക് എത്തിയിരിക്കുകയാണ്. ലോകത്തെ പ്രധാന ഊർജ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചതോടെയാണ് ഇന്ത്യയിലേക്കുള്ള പാചകവാതക വിതരണത്തിൽ വലിയ കുറവുണ്ടായത്. ഇന്ത്യയിൽ ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ 60 ശതമാനത്തിലധികവും ഇറക്കുമതിയെ ആശ്രയിച്ചാണ്. ഇതിൽ 85-90 ശതമാനം വരെ ഇറക്കുമതിയും ഹോർമുസ് കടലിടുക്ക് വഴിയാണ് വരുന്നത്. ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയാണെങ്കിലും ഹോർമുസിലെ ചരക്കുനീക്കം തടസപ്പെട്ടതാണ് നമ്മുടെ അടുക്കളയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
പ്രതിവർഷം 31 ദശലക്ഷം ടൺ എൽപിജി ആണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിൽ 87 ശതമാനവും വീടുകളിലെ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിതരണം നിലച്ചതോടെ ഹോട്ടൽ മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പല ഹോട്ടലുകളും താത്കാലികമായി അടച്ചു. കൊച്ചി നഗരത്തിൽ കഴിഞ്ഞ ദിവസം തന്നെ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടിയിരുന്നു. നിലവിലെ സ്ഥിതി തുടർന്നാണ് ഹോട്ടൽ മേഖല പൂർണമായും സ്തംഭിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറൻ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് അസീസ് മീഡിയവണിനോട് പറഞ്ഞു. ലൈവായി തയ്യാറാക്കുന്ന പല വിഭവങ്ങളുടെ പാചകത്തിന് എൽപിജി അത്യാവശ്യമാണ്. വിറകടുപ്പിലേക്ക് മാറിയാലും പല വിഭവങ്ങളും നൽകാൻ പറ്റാത്ത സ്ഥിതിയിലാണ് ഹോട്ടലുടമകൾ.
മുംബൈയിലെ 20 ശതമാനത്തോളം ഹോട്ടലുകൾ അടച്ചതായി ഹോട്ടൽ അസോസിയേഷനായ 'ആഹാർ'നെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. പ്രതിസന്ധി തുടർന്നാൽ 50 ശതമാനത്തോളം ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലെ ഹോട്ടലുകൾ വിറകടുപ്പുകളിലേക്ക് മാറിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിലയിടങ്ങളിൽ സാഹചര്യം അതീവ ഗുരുതരമാണ്; പല റെസ്റ്റോറന്റുകളും ചില വിഭവങ്ങൾ വിളമ്പുന്നത് നിർത്തുകയോ അല്ലെങ്കിൽ കൂടുതൽ ഗ്യാസ് ആവശ്യമുള്ള വിഭവങ്ങൾക്ക് പകരം പെട്ടെന്ന് തയ്യാറാക്കാവുന്ന ഫാസ്റ്റ് ഫുഡ് ഇനങ്ങളിലേക്ക് മാറുകയും ചെയ്തു.
ഉദാഹരണത്തിന്, കർണാടകയിൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിന് എതിർവശത്തുള്ള പ്രശസ്തമായ 'ബാംഗ്ലൂർ തിണ്ടീസ്' ഹോട്ടൽ ഇപ്പോൾ ചായയും കാപ്പിയും മാത്രമാണ് നൽകുന്നത്. പ്രതിസന്ധിക്ക് മുമ്പ് ദോശ, ഇഡ്ഡലി, വട, ചോറ് വിഭവങ്ങൾ ഉൾപ്പെടെ 11 ഇനങ്ങൾ ഇവിടെ ലഭ്യമായിരുന്നു. എൽപിജി സിലിണ്ടറുകൾ കരിഞ്ചന്തയിൽ ലഭ്യമാണെങ്കിലും അമിതവിലയാണെന്ന് കഫേ ഉടമ എൻഡിടിവിയോട് പറഞ്ഞു. അവശ്യ സർവീസായി കണക്കാക്കി എൽപിജി ലഭ്യതക്ക് ബദൽ മാർഗം കണ്ടെത്തണമെന്ന് ചെന്നൈയിലെയും ബംഗളൂരുവിലെയും ഹോട്ടൽ ഉടമകളുടെ സംഘടനകൾ ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
മുംബൈയിലെയും കൊൽക്കത്തയിലെയും സ്ഥിതിയും സമാനമായ രീതിയിൽ ആശങ്കാജനകമാണ്. മുംബൈയിലെ ഏകദേശം 20 ശതമാനം ഭക്ഷണശാലകൾ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. കൊൽക്കത്തയിലെ കഥയും ഇതുതന്നെ. സ്റ്റോക്കുള്ള സിലിണ്ടറുകൾ തീർന്നാൽ വിറകിലേക്കും കൽക്കരിയിലേക്കും മാറാനാണ് ആലോചിക്കുന്നതെന്ന് ഹോട്ടലുടമകൾ പറഞ്ഞു. ഡൽഹിയിലും ഗുജറാത്തിലും 2,200 രൂപ വരെ നൽകിയാണ് പലരും വാണിജ്യ സിലിണ്ടറുകൾ വാങ്ങുന്നത്. ഇന്ത്യ സുരക്ഷിതമായ നിലയിലാണെന്നും പ്രതിസന്ധിയില്ലെന്നുമാണ് കഴിഞ്ഞ ആഴ്ച പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞിരുന്നത്. എന്നാൽ ഇതിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിർത്തിവെച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനമുണ്ടായത്.
മാർച്ച് ഒമ്പതിനാണ് പെട്രോളിയം, പ്രകൃതിവാതകം എന്നിവക്ക് കേന്ദ്രസർക്കാർ അവശ്യവസ്തു നിയമം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി 2026 ലെ പ്രകൃതിവാതക (വിതരണ നിയന്ത്രണം) ഉത്തരവ് സർക്കാർ വിജ്ഞാപനം ചെയ്തു. ഇത് പ്രകാരം ഗ്യാസ് ഉപഭോക്താക്കളെ വ്യത്യസ്ത മുൻഗണനാ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മേഖലയിലേക്കുമുള്ള വിതരണം അവരുടെ മുൻകാല ഉപഭോഗത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നു. ദൈനംദിന ഉപയോഗത്തിനും ഊർജ വിതരണത്തിനും അത്യാവശ്യമായി കണക്കാക്കപ്പെടുന്ന മേഖലകൾക്കാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകിയിരിക്കുന്നത്. ഗാർഹിക പൈപ്പ് നാച്ചുറൽ ഗ്യാസ്, ഗതാഗതത്തിൽ ഉപയോഗിക്കുന്ന കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്, എൽപിജി ഉത്പാദനം, പൈപ്പ്‌ലൈൻ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഇന്ധനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഗ്യാസ് ഉപഭോഗത്തിന്റെ 100 ശതമാനം വരെ ഈ മേഖലകൾക്ക് ലഭിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിതരണത്തിന് മുൻഗണന നൽകാനാണ് സർക്കാർ തീരുമാനം. വീടുകൾക്ക് പുറമെ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്കുള്ള പാചകവാതക വിതരണത്തിനാണ് നിലവിൽ മുൻഗണന നൽകുന്നത്. ഹോട്ടലുകൾക്കും റെസ്‌റ്റോറന്റുകൾക്കുമുള്ള വിതരണം പുനഃ പരിശോധിക്കാൻ എണ്ണക്കമ്പനികളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങിയ പ്രത്യേക കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്.
പാചകവാതക ക്ഷാമത്തിന് കാരണം കേന്ദ്രസർക്കാരിന്റെ പരാജയമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളും ആരോപിച്ചു. വിഷയത്തിൽ കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കാനുള്ള നീക്കത്തിലാണ് പഞ്ചാബിലെ എഎപി സർക്കാർ. രാജ്യത്തെ ജനങ്ങൾക്ക് സത്യമറിയാൻ അവകാശമുണ്ടെന്നും പശ്ചിമേഷ്യൻ സംഘർഷത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്നും കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. എൽപിജി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ചരക്കുനീക്കത്തിലുള്ള പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധി തുടരുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.