'സ്‌കൂൾ ബാഗിനേക്കാൾ ഭാരം അവരുടെ മനസിലാണോ?; കുട്ടികളുടെ ചിരി മങ്ങുന്നതെവിടെയാണ്..?

കാലം മാറിയിട്ടും നമ്മുടെ പാരന്‍റിങ് ശൈലികള്‍ മാറിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യമെന്ന് മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​നായ ഡോ.സി.ജെ ജോണ്‍ പറയുന്നു

Update: 2026-03-10 07:36 GMT

കുട്ടികളുടെ വളർച്ചയിൽ ശരീരാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അത്യന്തം പ്രധാനപ്പെട്ടതാണ്. ഒരു കുട്ടിയുടെ ചിന്തകൾ, വികാരങ്ങൾ, പെരുമാറ്റങ്ങൾ എന്നിവയെല്ലാം അവരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. സ്‌നേഹവും സുരക്ഷിതത്വവും മനസ്സിലാക്കലും ലഭിക്കുന്ന അന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾ ആത്മവിശ്വാസമുള്ളവരും സന്തോഷകരമായ ജീവിതം നയിക്കാൻ കഴിയുന്നവരുമായിരിക്കും. എന്നാൽ സമ്മർദം, ഭയം, അവഗണന തുടങ്ങിയ അനുഭവങ്ങൾ കുട്ടികളുടെ മനസിനെ ബാധിക്കുമ്പോൾ അവരുടെ പഠനത്തിലും സാമൂഹിക ഇടപെടലുകളിലും പ്രതിഫലനം ഉണ്ടാകാം.

അതുകൊണ്ടുതന്നെ കുട്ടികളുടെ മാനസികാരോഗ്യത്തെ ശ്രദ്ധിക്കുക എന്നത് മാതാപിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. കുട്ടികൾക്ക് അവരുടെ വികാരങ്ങൾ തുറന്ന് പറയാൻ കഴിയുന്ന സുരക്ഷിതമായ ഒരു അന്തരീക്ഷം നൽകുകയും അവരെ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവർ ആരോഗ്യകരമായ മാനസിക നിലയോടെ വളരാൻ സഹായിക്കും. 

Advertising
Advertising

ഇന്നത്തെ കുട്ടികൾ നാളെയുടെ സ്വപ്നങ്ങൾ കെട്ടിപ്പടുക്കുന്നവരാണ്. പക്ഷേ, ആ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ അവരുടെ മനസ്സ് ശക്തമായിരിക്കണം, സന്തോഷപൂർണമായിരിക്കണം. എന്നാൽ ഇന്ത്യയിൽ, കുഞ്ഞുങ്ങളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം  നിശബ്ദവും ഗൗരവമേറിയതുമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

പഠനസമ്മർദം, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം, കോവിഡിനു ശേഷമുള്ള ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍, കുടുംബത്തിലെ പിരിമുറുക്കങ്ങൾ – ഇവയെല്ലാം ചേർന്ന് നിരവധി കുഞ്ഞുമനസ്സുകളെ തകർത്തുകൊണ്ടിരിക്കുന്നു.


ഞെട്ടിപ്പിക്കുന്ന കണക്കുകള്‍..

ഗ്ലോബൽ മൈൻഡ് ഹെൽത്ത് 2025 റിപ്പോർട്ട് പ്രകാരം, 18-34 വയസുകാരായ ഇന്ത്യൻ യുവാക്കൾ മാനസികാരോഗ്യത്തിൽ 84 രാജ്യങ്ങളിൽ 60-ാം സ്ഥാനത്താണുള്ളത്. അതേസമയം, 55 വയസ്സിനു മുകളിലുള്ള ഇന്ത്യക്കാർ 49-ാം സ്ഥാനത്താണ്. ഇന്ത്യയിലെ മുതിർന്നവരേക്കാൾ വളരെ താഴ്ന്ന നിലയിലാണ് യുവാക്കളുടെ മാനസികാരോഗ്യമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.  നാഷണൽ മെന്റൽ ഹെൽത്ത് സർവേയും ഇക്കണോമിക് സർവേ 2025-26 റിപ്പോര്‍ട്ടുകള്‍  പ്രകാരം ഇന്ത്യയിലെ ഏഴുമുതല്‍ പത്ത് ശതമാനം വരെയുള്ള കൗമാരക്കാരില്‍ മാനസിക പ്രശ്നങ്ങൾ ഉണ്ട്. സ്കൂള്‍ കുട്ടികള്‍ ഉത്കണ്ഠയോ ഡിപ്രഷനോ അനുഭവിക്കുന്നുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.ലോകത്ത് 13% കുട്ടികളും യുവാക്കളും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു.

പറക്കും മുന്‍പേ സ്വയം ഇല്ലാതാക്കുന്ന ജീവനുകള്‍

ഇന്നത്തെ തിരക്കുപിടിച്ച ലോകത്ത്, കുട്ടികളുടെ മാനസികാരോഗ്യം എന്നത് ഒരു പ്രധാന വിഷയമായി മാറിയിരിക്കുന്നു. കേരളം പോലുള്ള ഒരു സംസ്ഥാനത്ത്, വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുന്ന സമൂഹത്തിൽ, കുട്ടികൾ നേരിടുന്ന മാനസിക സമ്മർദങ്ങൾ വർധിച്ചുവരുന്നുണ്ടെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ആറാം ക്ലാസുകാരനും എട്ടാം ക്ലാസുകാരിയും പത്താം ക്ലാസുകാരിയുടെ ജീവനൊടുക്കുന്ന സംഭവങ്ങള്‍   പലപ്പോഴും പത്രങ്ങളിലെ ഒറ്റക്കോളം വാര്‍ത്തയായി പോകാറുണ്ട്. അടുത്തിടെ കേരളത്തില്‍ ഒരുപാട് കുട്ടികളാണ് അവരുടെ ജീവിതം സ്വയം ഇല്ലാതാക്കിയത്. 2025-ൽ കേരളത്തിൽ 18 വയസിന് താഴെയുള്ള 359 കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്നാണ് കണക്കുകള്‍ പറയുന്നത്.ഇതില്‍ 73 കേസുകള്‍ 14 വയസ്സിന് താഴെയുള്ളവരാണ്. 14-18 വയസ്സ് പ്രായമുള്ളവരിലാണ് 286 ആത്മഹത്യകളെന്നും കണക്ക് ചൂണ്ടിക്കാണിക്കുന്നു.  ഒരു ദിവസം ഒരു ആത്മഹത്യ എന്ന നിലയിലേക്ക് കൗമാരക്കാരുടെ ഇടയിലുള്ള ആത്മഹത്യകള്‍ വര്‍ധിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  2024ല്‍ 332 ആത്മഹത്യ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023ല്‍ ഇത് 270 മാത്രമായിരുന്നു.

കുറച്ച് കാലം മുന്‍പ് പത്താം ക്ലാസ്,പ്ലസ്ടു പരീക്ഷാ ഫലം വരുന്ന സമയത്തായിരുന്നു കേരളത്തില്‍ കുട്ടികളിലെ ആത്മഹത്യ നിരക്ക് വല്ലാതെ കൂടിയിരുന്നത്. എന്നാല്‍ ഇന്ന് ആത്മഹത്യ ചെയ്യുന്നതിന് കുട്ടികള്‍ കണ്ടെത്തുന്ന കാരണങ്ങള്‍ വളരെ വിചിത്രവും ഞെട്ടിപ്പിക്കുന്നതുമാണ്. പഠിക്കാന്‍ പറഞ്ഞതിനും, മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതിനും വഴക്ക് പറഞ്ഞതിനുമെല്ലാമാണ് കുട്ടികള്‍ സ്വന്തം ജീവിതം തന്നെ ഇല്ലാതാക്കുന്നത്.

കൂടാതെ എക്കാലത്തെയും പോലെ അമിത സമ്മർദ്ദം, മാതാപിതാക്കളുടെ ഉയർന്ന പ്രതീക്ഷകൾ, പരീക്ഷാഫലം സംബന്ധിച്ച ഭയം എന്നിവ കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നു. അതൊടൊപ്പം തന്നെ സ്കൂളുകളിലെ റാഗിങ്,കൂട്ടുകാരുടെ പരിഹാസം,അധ്യാപകരുടെ ശിക്ഷയും ഭീഷണിയുമെല്ലാം കുട്ടികളെ തളര്‍ത്തുന്നുണ്ട്. അധ്യാപിക മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്‍റെ പേരില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം പാലക്കാട്ടാണ് നടന്നത്. 

കുഞ്ഞുങ്ങളാണ് അവരുടെ മനസ് അറിയാതെ പോകരുത്...

കുഞ്ഞുമനസിന് താങ്ങാവുന്നതിലും അപ്പുറമുള്ള സമ്മര്‍ദങ്ങള്‍ അവരെ ഇല്ലാതാക്കും. അതിനെ എങ്ങിനെ നേരിടേണ്ടത് എന്നറിയാതെ അവര്‍ കുഴങ്ങിപ്പോകും. സോഷ്യല്‍ മീഡിയയുടെ ഉപയോഗം കൂടുതലായതിനാല്‍ മുതിര്‍ന്നവര്‍ ചിന്തിക്കാത്ത രീതിയിലാകും അവര്‍ അതിനെ സമീപിക്കുക. 

പുസ്തകഭാരത്തോടൊപ്പം മാനസിക സമ്മർദവും

എല്ലാക്കാലത്തും കുട്ടികളില്‍ പഠനത്തെ കുറിച്ച് അമിതമായ ആശങ്കകളും ആകുലതകളും നിറയാറുണ്ട്. ഇതിന് പ്രധാന കാരണം വീട്ടില്‍ നിന്ന് രക്ഷിതാക്കളുടെയും സ്കൂളില്‍ നിന്ന് അധ്യാപകരുടെയും സമ്മര്‍ദമാണ്. സ്കൂളുകള്‍. ട്യൂഷനുകള്‍,നിരന്തരം മത്സര പരീക്ഷകള്‍ ഇവയെല്ലാം കുട്ടികളെ മാനസികമായി തളര്‍ത്തുന്നുണ്ട്. ഇന്ത്യയില്‍ ആണ്‍കുട്ടികളേക്കാള്‍ മാനസിക സമ്മര്‍ദം കൂടുതല്‍ അനുഭവിക്കുന്നത് പെണ്‍കുട്ടികളാണെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. 

കുടുംബത്തില്‍ ഒറ്റക്കാവുന്ന കുട്ടികള്‍

കുടുംബ പ്രശ്നങ്ങള്‍,പ്രത്യേകിച്ചും ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്.ഏതൊരു വിവാഹമോചനത്തിലും തനിച്ചാകുന്നത് കുട്ടികള്‍ കൂടിയാണ്.ആരുടെ കൂടെ പോയാലും അവരുടെ കുഞ്ഞു മനസ് ആകെ തകര്‍ന്നുപോയിട്ടുണ്ടാകും. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങളും വഴക്കുകള്‍ പോലും കുട്ടികളെ ആഴത്തില്‍ സ്വാധീനിക്കുമെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ ഇന്ന് ഒട്ടുമിക്ക കുടുംബത്തിലും അച്ഛനും അമ്മയും ജോലിക്ക് പോകുന്നവരായിരിക്കും. കുട്ടികളെ ശരിയായി ശ്രദ്ധിക്കാനോ, അവരുടെ കൂടെ ഇരിക്കാനോ പലര്‍ക്കും സമയം കിട്ടാറില്ല. മാതാപിതാക്കളില്‍ ആരെങ്കിലും വിദേശത്തായിരിക്കുന്ന കുടുബങ്ങളും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. ഇതും കുട്ടികളില്‍ ഒറ്റപ്പെടല്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 


കോവിഡും സോഷ്യല്‍ മീഡിയയും

കോവിഡ് ശേഷം, കുട്ടികളുടെ സ്ക്രീൻ ടൈം വല്ലാതെ വർധിച്ചു. കേരളത്തിൽ 34.3% കുട്ടികൾ ഇന്റർനെറ്റ് ആഡിക്ഷൻ മൂലം ഡിപ്രഷൻ, ആങ്ക്സൈറ്റി, സ്ട്രെസ് എന്നിവ നേരിടുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.  കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തിയുടെ ഞെട്ടിക്കുന്ന കണക്കുകളാണ് കേരള പൊലീസ് ആരംഭിച്ച ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ (D-DAD) സെന്ററുകളില്‍ നിന്ന് പുറത്ത് വരുന്നത്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇടയിലെ ഡിജിറ്റല്‍ ആസക്തി പരിഹരിക്കുന്നതിനായാണ് ഡി-ഡാഡിന് തുടക്കമിട്ടത്.2026 ജനുവരി 19 വരെയുള്ള കണക്കുകള്‍ പ്രകാരം 2,309 കുട്ടികളാണ് ഇവിടെ ഓണ്‍ലൈന്‍, ഗാഡ്ജെറ്റ് ആസക്തിയുമായി ബന്ധപ്പെട്ട് കൗണ്‍സിലിങ്ങിന് വിധേയരായിട്ടുള്ളത്. കൊല്ലത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.591 കുട്ടികള്‍ കൊല്ലത്ത് നിന്ന് കൗണ്‍സിലിങ്ങിന് വിധേയരായപ്പോള്‍ കോഴിക്കോട്ട് നിന്ന് 411 ഉം തൃശൂരില്‍ നിന്ന് 381 ഉം കൊച്ചിയില്‍ നിന്ന് 300 ഉം എന്നിങ്ങനെയാണ് കണക്കുകള്‍.

കുട്ടികളുടെ ചിരിക്ക് പിന്നിലെ മൗനം

ഓരോ കുഞ്ഞും വ്യത്യസ്തരാണ്. അവരുടെ കുഞ്ഞുകുഞ്ഞുമാറ്റങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. ഉദാഹരണത്തിന്, ഒരു 10 വയസുകാരൻ സ്കൂളിൽ നിന്ന് മടങ്ങി വരുമ്പോൾ എപ്പോഴും ക്ഷീണിതനായിരിക്കുകയോ, സുഹൃത്തുക്കളുമായി ഇടപഴകാതിരിക്കുകയോ ചെയ്താൽ, അത് സിഗ്നൽ ആണ്. കുട്ടികളുടെ ചിരികള്‍ക്ക് പിന്നില്‍ മൗനം ഒളിഞ്ഞിരിപ്പുണ്ടോ എന്ന് ഏറ്റവും ആദ്യം തിരിച്ചറിയാനാകുന്നത് മാതാപിതാക്കള്‍ക്ക് തന്നെയാണ്. ആണ്‍കുട്ടികളാണെങ്കിലും പെണ്‍കുട്ടികളാണെങ്കിലും അവരുടെ ഓരോ മാറ്റവും ശ്രദ്ധിക്കുന്നതിനോടൊപ്പം തന്നെ ദിവസവും അവരോട് ചുരുങ്ങിയത് 30 മിനിറ്റെങ്കിലും സംസാരിക്കാനും സമയം കണ്ടെത്തുക. അവരുടെ പ്രശ്നങ്ങൾ തുറന്ന മനസോടെ കേള്‍ക്കുകയും അതിനുള്ള പരിഹാരങ്ങള്‍ പറഞ്ഞുകൊടുക്കുകയും വേണം. മാതാപിതാക്കളോട് സംസാരിക്കുമ്പോൾ തന്നെ അവരുടെ പകുതി പ്രശ്നങ്ങള്‍ കുറയും. ഇക്കാര്യത്തില്‍ അമ്മക്ക് മാത്രമല്ല,അച്ഛനും ഇതില്‍ പങ്കുണ്ട്. ജോലി കഴിഞ്ഞുവന്നാല്‍ കുട്ടികളോടൊപ്പം കളിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്യാന്‍ അച്ഛന്മാരും സമയം കണ്ടെത്തണം. കുട്ടികളുടെ വിഷമങ്ങള്‍ നിങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നതല്ലെങ്കില്‍, കൃത്യമായ കൗൺസിലിങ് നൽകാവുന്നതാണ്. അതില്‍ ഒട്ടും മടികാണിക്കേണ്ട ആവശ്യമേ ഇല്ല. 


സ്ക്രീൻ ടൈം മാനേജ്മെന്റ്

എത്ര ചെറിയ കുട്ടികളാണെങ്കിലും അവരുടെ ഏറ്റവും വലിയ കളിപ്പാട്ടമായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു. കുട്ടികളുടെ കരച്ചില്‍ നിര്‍ത്താനും ഭക്ഷണം കഴിക്കാനും  മൊബൈല്‍ ഫോണ്‍ ഇല്ലാതെ കഴിയാത്ത അവസ്ഥയാണ്. എന്നാല്‍ കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കുന്നതിനും അവരത് കാണുന്നതിനും കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്ന് മാനസികാരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രണ്ട് വയസ് വരെ പരമാവധി മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കുക. മുതിര്‍ന്ന കുട്ടികളാണെങ്കില്‍ ദിവസം ഏറ്റവും ചുരുങ്ങിയത് രണ്ട് മണിക്കൂറില്‍ കൂടുതല്‍ സ്ക്രീന്‍ ടൈം നല്‍കരുത്. പുറത്തിറങ്ങി കൂട്ടുകാരുമായി കളിക്കാന്‍ പരമാവധി പ്രോത്സാഹിപ്പിക്കുക. ചെറുപ്രായത്തില്‍ തന്നെ പുസ്തകവായനയും ശീലമാക്കാം. 


ഉറക്കവും വ്യായാമവും 

മുതിര്‍ന്നവര്‍ക്ക് മാത്രമല്ല,കുട്ടികള്‍ക്കും വ്യായാമവും ഉറക്കവുമെല്ലാം വളരെ പ്രധാനമാണ്. പരമാവധി ജങ്ക്ഫുഡുകള്‍ ഒഴിവാക്കാനായി ശ്രദ്ധിക്കുക.മാസത്തിലൊരിക്കലോ,രണ്ടാഴ്ചയിലൊരിക്കലോ മാത്രം പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.കൂടാതെ ദിവസം ഒരു മണിക്കൂര്‍ വ്യായാമത്തിനായി മാറ്റിവെക്കാം. അത് അവരുടെ കളികളിലൂടെയും ആവാം. അരമണിക്കൂര്‍ സൈക്കിള്‍ ചവിട്ടുകയോ,നീന്തല്‍ പരിശീലിപ്പിക്കുകയോ ചെയ്യാം. കൂടാതെ രാത്രി നേരത്തെ അത്താഴം കഴിപ്പിക്കുകയും 8-10 മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. നല്ല ഉറക്കം കുട്ടികളുടെ മനസ് ശാന്തമാക്കുകയും അവരുടെ സമര്‍ദം കുറക്കാനും സഹായിക്കും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. മാതാപിതാക്കള്‍ക്കെന്ന പോലെ സ്കൂളിലെ അധ്യാപകര്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുണ്ടെന്ന് മറക്കരുത്. 

'കുട്ടികളെ നിയന്ത്രണത്തിലാക്കുന്നതല്ല പുതിയ കാലത്തെ പാരന്‍റിങ്'- ഡോ.സി.ജെ ജോണ്‍

കാലം മാറിയിട്ടും നമ്മുടെ പാരന്‍റിങ് ശൈലികള്‍ മാറിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യമെന്ന് പ്രശസ്ത മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​നായ ഡോ.സി.ജെ ജോണ്‍ പറയുന്നു. വിലക്കുകളില്ലാതെ പല കാര്യങ്ങളിലും ഇടപഴകാനുള്ള സ്വാതന്ത്ര്യം പണ്ടെത്തേക്കാള്‍ കൂടുതല്‍ ഇന്നത്തെ കുട്ടികള്‍ക്കുണ്ട്. സോഷ്യല്‍മീഡിഡയുടെ വ്യാപകമായ ഉപയോഗം കുട്ടികളുടെ മുന്നില്‍ തുറന്ന് വെക്കുന്നത് വിശാലമായ ലോകമാണ്. പല കാര്യങ്ങളും  മനസിലേക്ക് കടന്നുവരുന്ന പ്രായമാണ് കുട്ടിക്കാലം. ഇതെല്ലാം അവരുടെ സ്വഭാവ രൂപീകരണത്തിലും സ്വാധീനിക്കും.

കുട്ടികളെ നമ്മുടെ നിയന്ത്രണത്തിലാക്കുന്നതിന് പകരം ലോകം ഇതൊക്കെയാണെന്ന് അവരെ മനസിലാക്കിക്കൊടുക്കുകയാണ് വേണ്ടത്. അത് കാണരുത്,ഇത് കാണരുത് എന്ന് പറയലല്ല,പുതിയ കാലത്തെ പാരന്‍റിങ്. പലതു കണ്ടേക്കും, കണ്ട് കഴിഞ്ഞാല്‍ അത് മനസില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണെങ്കില്‍ മാതാപിതാക്കളോ അധ്യാപകരോ ആയി സംസാരിക്കാം,ചര്‍ച്ച ചെയ്യാമെന്ന  ചിന്താഗതി കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം.

നൈരാശ്യം വന്നുകഴിഞ്ഞാല്‍ എങ്ങനെ പ്രതികരിക്കണെ എന്നതിനെക്കുറിച്ചും കുട്ടികള്‍ക്ക് ഇന്ന് ഒരുപാട് വിവരങ്ങള്‍ കിട്ടുന്നുണ്ട്.   നൈരാശ്യത്തില്‍ തകര്‍ന്നുപോകുകയോ, അല്ലെങ്കില്‍ മയക്കുമരുന്ന് പോലുള്ള ചതിക്കുഴികളില്‍ വീഴുകയോ,വീട് വിട്ടുപോകുകയോ ആണ് പല കുട്ടികളും ഇന്ന് ചെയ്യുന്നത്. എന്നാല്‍ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ അതിനെ ധൈര്യപൂര്‍വം നേരിടാന്‍ അവരെ പഠിപ്പിക്കുന്നില്ല.സോഷ്യല്‍ മീഡിയയോ,മൊബൈല്‍ ഫോണോ നിയന്ത്രിച്ചാലോ സ്കൂളുകളിലോ കൂട്ടുകാരുടെ പക്കല്‍ നിന്നോ അവര്‍ക്ക് ലഭ്യമാകാന്‍ സാഹചര്യങ്ങള്‍ ഏറെയുണ്ട്.

സ്കൂളുകളിലായാലും കുറേ കാര്യങ്ങള്‍ പഠിപ്പിക്കലോ  ബോധവത്കരണമോ മാത്രമല്ല വേണ്ടത്. പകരം പുതിയ കാലത്തെ കുട്ടികളെ പരിശീലിപ്പിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കണം. സ്കൂളില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ മാതാപിതാക്കളെ വിളിച്ചറിയിച്ചാല്‍ ബാധ്യത തീര്‍ന്നു എന്നാണ് പൊതുവെ അധ്യാപകരുടെ ധാരണ. എന്നാല്‍ അധ്യാപകരും രക്ഷിതാക്കളും കൂടിച്ചേര്‍ന്ന് കുട്ടികളുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയുമാണ് വേണ്ടത്.-ഡോ.സി.ജെ ജോണ്‍ മീഡിയവണിനോട് പറഞ്ഞു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Similar News