ഇറാനെതിരെ യുഎസ്-ഇസ്രായേൽ സഖ്യം കനത്ത ആക്രമണം തുടരുമ്പോൾ തെഹ്‌റാന്റെ സഖ്യകക്ഷികളായ റഷ്യയുടെയും ചൈനയുടെയും നിലപാടും ചർച്ചയാവുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ അപലപിച്ചിരുന്നു. 'മനുഷ്യ ധാർമികതയുടെ എല്ലാ മാനദണ്ഡങ്ങളുടെയും നിന്ദ്യമായ ലംഘനം' എന്നായിരുന്നു ഖാംനഈയുടെ വധത്തെ പുടിൻ വിശേഷിപ്പിച്ചത്. യുദ്ധത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇസ്രായേൽ വിദേശകാര്യമന്ത്രി ഗിഡിയോൺ സാറുമായുള്ള സംഭാഷണത്തിൽ വ്യക്തമാക്കിയിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേരണമെന്നും ഇരു രാഷ്ട്രങ്ങളും ആവശ്യപ്പെട്ടിരുന്നു.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് (വലത്), ഇറാനിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി എന്നിവർ
ഇറാനും റഷ്യയും ചൈനയും തമ്മിലുള്ള അടുത്ത ബന്ധത്തെയാണ് ഈ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. റഷ്യയും ചൈനയും ഇറാനുമായി ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കുകയും സംയുക്ത നാവിക അഭ്യാസങ്ങളിലൂടെ സൈനിക ഏകോപനം വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദീർഘകാലമായി തങ്ങളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ക്രമത്തിനെതിരെ ഒരു ഐക്യമുന്നണി രൂപീകരിക്കാനാണ് റഷ്യയും ചൈനയും ലക്ഷ്യമിടുന്നത്. അതേസമയം യുഎസ്-ഇസ്രായേൽ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ചെങ്കിലും ഇറാന് സൈനിക പിന്തുണ നൽകുന്നത് സംബന്ധിച്ച് ഇരുരാഷ്ട്രങ്ങളും പ്രതികരിച്ചിട്ടില്ല.
2025 ജനുവരിയിൽ റഷ്യയും ഇറാനും ഒരു വിപുലമായ തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചിരുന്നു. വ്യാപാരം, സൈനിക സഹകരണം, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പുനൽകുന്നതാണിത്. ഫെബ്രുവരി അവസാന വാരത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇവർ സംയുക്ത നാവിക അഭ്യാസവും നടത്തിയിരുന്നു. എങ്കിലും ചില പ്രധാന പരിമിതികൾ ഈ ബന്ധത്തിനുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ഔപചാരിക സൈനിക സഖ്യമില്ല എന്നതാണ് ഇതിൽ പ്രധാനപ്പെട്ട കാര്യം.
ഉത്തരകൊറിയയുമായുള്ള റഷ്യയുടെ 2024 ലെ പരസ്പര പ്രതിരോധ ഉടമ്പടി സൈനിക പിന്തുണ സംബന്ധിച്ച് കുറച്ചുകൂടി ശക്തമാണെന്ന് റഷ്യൻ ഇന്റർനാഷണൽ അഫയേഴ്സ് കൗൺസിലിന്റെ മുൻ ഡയറക്ടർ ജനറലും റഷ്യൻ വിദേശനയ തിങ്ക് ടാങ്കായ വാൽഡായ് ഡിസ്‌കഷൻ ക്ലബിലെ അംഗവുമായ ആൻഡ്രി കോർട്ടുനോവ് 'അൽ ജസീറ'യോട് പറഞ്ഞു. വടക്കൻ കൊറിയയുമായി റഷ്യ ഒപ്പിട്ട കരാർ പ്രകാരം ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ മറ്റേ രാജ്യം സഹായിക്കണമെന്ന് നിബന്ധനയുണ്ട്. എന്നാൽ ഇറാനുമായുള്ള കരാറിൽ ഇത്തരമൊരു 'മ്യൂച്വൽ ഡിഫൻസ് ക്ലോസ്' ഇല്ല.
നിലവിൽ യുക്രൈൻ വിഷയത്തിൽ റഷ്യ അമേരിക്കയുടെ മധ്യസ്ഥതയ്ക്ക് മുൻഗണന നൽകുന്നുണ്ട്. വെനസ്വേലയിൽ നിക്കോളാസ് മദുറോ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും റഷ്യയുടെ ഇടപെടൽ നയതന്ത്രപരമായ വിമർശനങ്ങളിൽ ഒതുങ്ങിനിന്നിരുന്നു. റഷ്യയിൽ നിന്ന് സൈനികമായ പിന്തുണ പ്രതീക്ഷിച്ചിരുന്നെങ്കിലും, ഐക്യരാഷ്ട്രസഭയിലെ നയതന്ത്ര നീക്കങ്ങൾക്കപ്പുറം റഷ്യ ഒന്നും ചെയ്യുന്നില്ലെന്നതിൽ ഇറാന് അതൃപ്തിയുള്ളതായാണ് റിപ്പോർട്ട്.
2021-ൽ ചൈനയും ഇറാനും തമ്മിൽ 25 വർഷത്തെ സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 87.2 ശതമാനവും പോകുന്നത് ചൈനയിലേക്കാണ്. എങ്കിലും സൈനിക ഇടപെടലിനില്ല എന്ന് തന്നെയാണ് ചൈനയുടെയും നിലപാട്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നതാണ് ചൈനയുടെ നയം. അതുകൊണ്ട് തന്നെ ഇറാനിലേക്ക് ആയുധങ്ങൾ അയക്കാൻ ചൈന തയ്യാറാവില്ല. എങ്കിലും പശ്ചിമേഷ്യൻ സംഘർഷം ചൈനക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. മേഖലയിൽ ഒരു വലിയ തകർച്ചയുണ്ടായാൽ അത് ചൈനയുടെ സാമ്പത്തിക താത്പര്യങ്ങളെ ബാധിക്കും. അതിനാൽ അമേരിക്കയുമായും ഗൾഫ് രാജ്യങ്ങളുമായും സംസാരിച്ച് സംഘർഷം ലഘൂകരിക്കാനാണ് ചൈന ശ്രമിക്കുന്നത്.
ഇറാനെ സംബന്ധിച്ചിടത്തോളം ചൈന ഏറ്റവും വലിയ സാമ്പത്തിക പങ്കാളിയാണെങ്കിലും, ചൈനയുടെ ആഗോള വ്യാപാരത്തിൽ ഇറാന്റെ പങ്ക് താരതമ്യേന കുറവാണ്. റഷ്യയും ചൈനയും ഇറാനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അമേരിക്കയുടെ നീക്കങ്ങളെ എതിർക്കുകയും ചെയ്യുന്നുണ്ടെങ്കിലും, തങ്ങളുടെ സ്വന്തം സൈനിക സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഒരു യുദ്ധത്തിലേക്ക് ഇറാനുവേണ്ടി ഇറങ്ങിപ്പുറപ്പെടാൻ ഈ രണ്ട് വൻശക്തികളും തയ്യാറല്ല.
യെമനിലെ ഹൂതികളുടെ നിലപാടാണ് ഇറാൻ-യുഎസ് സംഘർഷത്തിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. മേഖലയിലെ പല രാജ്യങ്ങളിലേക്കും ആക്രമണം നീണ്ടപ്പോഴും യെമൻ ഇപ്പോൾ ആശ്ചര്യകരമാംവിധം ശാന്തമാണ്. ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിന് പിന്നാലെ 2023 ഒക്ടോബർ മുതൽ ഇറാൻ അനുകൂലികളായ ഹൂതി വിമതർ അമേരിക്കൻ-ഇസ്രായേൽ ലക്ഷ്യങ്ങൾക്ക് നേരെ നിരന്തരം ആക്രമണം നടത്തിയിരുന്നു. എന്നാൽ ഫെബ്രുവരി 28-ന് ഇറാനിൽ ആക്രമണം ആരംഭിച്ചതിന് ശേഷം, ഇറാനുള്ള തങ്ങളുടെ പിന്തുണ പ്രസംഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങളിലും മാത്രമായി ഹൂതികൾ പരിമിതപ്പെടുത്തിയിരിക്കുകയാണ്.
നിലവിൽ സംഘർഷത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഹൂതികൾ ഈ നിലപാട് തുടരുമോ എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഹൂതികളുടെ ഇപ്പോഴത്തെ മൗനം ഒരു തന്ത്രപരമായ നീക്കമാണെന്നും വരും ഘട്ടങ്ങളിൽ അവർ പോരാട്ടത്തിൽ പങ്കുചേരാൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
ഇപ്പോഴത്തെ മൗനം ഹൂതികളുടെ തന്ത്രപരമായ നീക്കമാണെന്നാണ് എസിഎൽഇഡി (ACLED) സംഘർഷ നിരീക്ഷണ വിഭാഗത്തിലെ മുതിർന്ന അനലിസ്റ്റ് ലൂക്ക നെവോല പറയുന്നത്. ഹൂതികൾ ഈ യുദ്ധത്തിൽ ഇടപെടാൻ ഇപ്പോഴും സാധ്യതയുണ്ട്. ഘട്ടം ഘട്ടമായുള്ള ഒരു തിരിച്ചടിക്കായിരിക്കാം അവർ ലക്ഷ്യമിടുന്നത്. നിലവിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും നേരിട്ടുള്ള പ്രത്യാക്രമണത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക എന്നതിനാണ് അവർ മുൻഗണന നൽകുന്നതെന്നും നെവോല പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിൽ ഇസ്രായേൽ സനായിൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവി, ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അൽ-ഗുമരി എന്നിവരുൾപ്പെടെ 12 ഹൂതി ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇത് ഹൂതി നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് നൽകിയത്. അതുകൊണ്ടുതന്നെ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ വീണ്ടും വലിയ രീതിയിലുള്ള വ്യോമാക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ ഹൂതികൾ ജാഗ്രത പാലിക്കുന്നുണ്ട്.
ഇറാൻ-റഷ്യ സംയുക്ത സൈനികാഭ്യാസത്തിൽ ഇറാൻ സൈനികർ
ഹൂതികൾക്ക് ഇപ്പോഴും ആക്രമണം നടത്താനുള്ള ശേഷിയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷനായ സദ്ദാം അൽ-ഹുറൈബി പറഞ്ഞു. എന്നാൽ ഇറാന്റെ നിർദേശം ലഭിച്ചാൽ മാത്രമേ ഹൂതികൾ രംഗത്തിറങ്ങുകയുള്ളൂ എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. തങ്ങളുടെ പക്കലുള്ള എല്ലാ ആയുധങ്ങളും ഒരേസമയം ഉപയോഗിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ല. ഹൂതികളെ വരാനിരിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് കരുതിവെക്കുകയാണ് അവർ. ഇറാന്റെ മേലുള്ള ആക്രമണങ്ങൾ തുടരുകയാണെങ്കിൽ ഹൂതികൾ വെറുതെ ഇരിക്കില്ല. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനും ഇസ്രായേലിലേക്ക് ഡ്രോണുകളും മിസൈലുകളും തൊടുക്കാനും അവർക്ക് ഇപ്പോഴും സാധിക്കുമെന്നും ഹുറൈബി പറഞ്ഞു.
അറേബ്യൻ മേഖലയിലെ ഇറാൻ അനുകൂല സായുധ സംഘങ്ങളെല്ലാം ഇപ്പോൾ നേരിട്ടുള്ള ആക്രമണം നേരിടുകയാണ്. ഈ സാഹചര്യത്തിൽ യെമനിലെ ഹൂതി ഭരണകൂടത്തെ ഒരു സുരക്ഷിത താവളമായി നിലനിർത്തുക എന്നത് ഇറാന്റെ തന്ത്രപരമായ മുൻഗണനയാകാം എന്നാണ് നെവോല ചൂണ്ടിക്കാട്ടുന്നത്.
തങ്ങൾ ഇറാന്റെ കളിപ്പാവകളല്ലെന്നും സ്വതന്ത്രമായ തീരുമാനമെടുക്കുന്ന വിഭാഗമാണെന്നും ലോകത്തിന് മുന്നിൽ കാണിക്കാൻ ഹൂതികൾ ആഗ്രഹിക്കുന്നതായി യെമൻ ഗവേഷകനായ അദേൽ ദാഷെല പറഞ്ഞു. സാഹചര്യങ്ങൾ കൂടുതൽ വഷളായാൽ മാത്രമേ ധൃതിപിടിച്ചൊരു തീരുമാനത്തിലേക്ക് ഹൂതികൾ കടക്കുകയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
അതേസമയം ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ഇറാനിൽ ആക്രമണം തുടങ്ങിയത് മുതലുള്ള സംഘർഷാവസ്ഥ പശ്ചിമേഷ്യയിൽ മാറ്റമില്ലാതെ തുടരുകയാണ്. ആക്രമണത്തിൽ ഇതുവരെ 1,332 പേർ കൊല്ലപ്പെട്ടതായാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ആത്മീയ നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈയുടെ മരണത്തിന് പകരം ചോദിക്കുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. വെള്ളിയാഴ്ച രാത്രി ഖാംനഈയുടെ ഔദ്യോഗിക എക്‌സ് എക്കൗണ്ടിൽ വന്ന പുതിയ പോസ്റ്റിലും യുഎസ്-ഇസ്രായേൽ സഖ്യത്തിനെതിരെ തിരിച്ചടി തുടരുമെന്ന് തന്നെയാണ് ഇറാൻ വ്യക്തമാക്കിയത്. ഇറാൻ നിരുപാധികം കീഴടങ്ങാതെ ചർച്ചക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ട്രംപും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാര്യമായ സമാധാന ശ്രമങ്ങൾ നടക്കാത്ത പശ്ചാത്തലത്തിൽ യുദ്ധം നീണ്ടുപോവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.