ആക്രമണത്തിന് ഒരു മാസം; ഇറാനിൽ കുരുങ്ങി ട്രംപ്

യുദ്ധം ആരംഭിച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും ട്രംപിന്റെ ജനപ്രീതിയെയും ബാധിച്ചിട്ടുണ്ട്

Update: 2026-03-29 04:49 GMT

വാഷിങ്ടൺ: നാല് ദിവസംകൊണ്ട് തീർക്കുമെന്ന അവകാശവാദവുമായി ഇസ്രായേലുമായി ചേർന്ന് ഇറാനിൽ സംയുക്താക്രമണം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഊരാക്കുടുക്കിൽ. ആക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോൾ ട്രംപും ഇസ്രായേലും ലോകത്തിന് മുന്നിൽ ഒറ്റപ്പെടുന്നതാണ് കാണുന്നത്. രാഷ്ട്രീയമായും സാമ്പത്തികമായും കടുത്ത പ്രതിസന്ധിയാണ് ട്രംപ് നേരിടുന്നത്. ആഗോള ഊർജ്ജ വില കുതിച്ചുയരുകയും ജനസമ്മതി കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഒന്നുകിൽ പോരായ്മകളുള്ള ഒരു കരാറിലേർപ്പെട്ട് യുദ്ധത്തിൽ നിന്ന് പിന്മാറുക, അല്ലെങ്കിൽ സൈനിക നടപടി ശക്തമാക്കി തന്റെ പ്രസിഡന്റ് പദവി തന്നെ അപകടത്തിലായേക്കാവുന്ന ദീർഘകാല പോരാട്ടത്തിലേക്ക് നീങ്ങുക എന്ന രണ്ട് വഴികളാണ് ട്രംപിന് മുന്നിലുള്ളത്.

Advertising
Advertising



യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കങ്ങൾക്കിടയിലും മധ്യേഷ്യയിലെ പ്രതിസന്ധി പരിഹരിക്കാൻ ട്രംപ് ഭരണകൂടം പാടുപെടുകയാണ്. ഗൾഫ് മേഖലയിലെ എണ്ണ-വാതക നീക്കങ്ങൾ ഇറാൻ തടസപ്പെടുത്തുന്നതും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുകയാണ്. ആഗോള ഇന്ധന പ്രതിസന്ധിക്ക് കാരണം ട്രംപിന്റെ വീണ്ടുവിചാരമില്ലാത്ത എടുത്തുചാട്ടമാണെന്ന വിമർശനം ലോക രാഷ്ട്രങ്ങൾക്കുണ്ട്. ഇറാനെതിരായ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും യുഎസുമായി സഹകരിക്കില്ലെന്നും യുകെ, ഫ്രാൻസ് തുടങ്ങിയ രാഷ്ട്രങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. നാറ്റോ രാജ്യങ്ങളും യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ ട്രംപ് നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. എത്രയും വേഗം ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടിലാണ് ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ. വിട്ടുവീഴ്ച ചെയ്തുള്ള ഒരു ചർച്ചക്കുമില്ലെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.

ഒരു അവസാനിക്കാത്ത യുദ്ധത്തിന് തനിക്ക് താത്പര്യമില്ലെന്ന് ട്രംപ് തന്റെ സഹായികളോട് വ്യക്തമാക്കിയിട്ടുണ്ട്. നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പാകിസ്താൻ വഴി 15 ഇന സമാധാന നിർദേശം ഇറാനു മുന്നിൽ വെച്ചിട്ടുണ്ട്. എന്നാൽ ഈ നീക്കങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന് വ്യക്തമല്ല.

ചർച്ചകൾ പരാജയപ്പെട്ടാൽ ശക്തമായ സൈനിക നടപടി തുടരാനാണ് ട്രംപിന്റെ തീരുമാനമെന്നാണ് സൂചന. ഇതിനായി ആയിരക്കണക്കിന് അമേരിക്കൻ സൈനികരെ മേഖലയിൽ വിന്യസിച്ചു കഴിഞ്ഞു. ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി വിജയം പ്രഖ്യാപിച്ച് പിന്മാറാനാണ് ഒരു വിഭാഗം വിദഗ്ധർ നിർദേശിക്കുന്നത്. എന്നാൽ ഹോർമൂസ് കടലിടുക്ക് പൂർണമായും തുറക്കാതെ ഇത്തരമൊരു പിന്മാറ്റം പ്രായോഗികമല്ല. ഹോർമൂസിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ യുഎസിന് കഴിഞ്ഞിട്ടില്ല.



യുദ്ധം ആരംഭിച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നത് അമേരിക്കൻ സമ്പദ്വ്യവസ്ഥയെയും ട്രംപിന്റെ ജനപ്രീതിയെയും ബാധിച്ചിട്ടുണ്ട്. പുതിയ സർവേകൾ പ്രകാരം ട്രംപിന്റെ അംഗീകാര നിരക്ക് 36 ശതമാനമായി കുറഞ്ഞു. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഇത് റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് പാർട്ടി നേതാക്കൾ ഭയപ്പെടുന്നു.

ഇന്ധന വിതരണത്തിന് തടസം നേരിടുന്നതാണ് ട്രംപിനെ വലിയ പ്രതിസന്ധിയിലാക്കിയത്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ലോകം വലിയ ഇന്ധന പ്രതിസന്ധിയാണ് നേരിടുന്നത്. ഈ കെടുതി ട്രംപ് സൃഷ്ടിച്ചതാണെന്ന നിലപാടാണ് ലോകരാജ്യങ്ങൾക്കുള്ളത്. അതുകൊണ്ട് തന്നെ ഇത് എത്രയും വേഗം പരിഹരിക്കേണ്ടതും ട്രംപിന്റെ ബാധ്യതയായി മാറിയിട്ടുണ്ട്.

ഇറാൻ ഭരണകൂടം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതും, യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട നേതാക്കൾക്ക് പകരം കൂടുതൽ തീവ്രനിലപാടുള്ളവർ അധികാരത്തിൽ വരുന്നതും നയതന്ത്ര നീക്കങ്ങളെ ബാധിക്കുന്നുണ്ട്. നിലവിൽ, വിപണികളെ ശാന്തമാക്കാൻ പ്രസ്താവനകൾ നടത്തുന്നതിനൊപ്പം തന്നെ ഇറാനെതിരെ കടുത്ത ഭീഷണി മുഴക്കി എതിരാളികളെ ആശയക്കുഴപ്പത്തിലാക്കുന്ന തന്ത്രമാണ് ട്രംപ് പയറ്റുന്നത്.

ട്രംപ് കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്നും ഇറാന്റെ പ്രധാന എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപും മറ്റ് തന്ത്രപ്രധാനമായ ദ്വീപുകളും പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൂടാതെ, തീരപ്രദേശങ്ങളിൽ സൈനിക നടപടികൾ നടത്താനോ, കഴിഞ്ഞ ജൂണിൽ നടന്ന യുഎസ്-ഇസ്രായേൽ ബോംബാക്രമണത്തെ തുടർന്ന് ഭൂഗർഭത്തിൽ ഒളിപ്പിച്ചതായി കരുതപ്പെടുന്ന സമ്പുഷ്ട യൂറാനിയം ശേഖരം പിടിച്ചെടുക്കാൻ പ്രത്യേക സേനയെ അയക്കാനോ ഉള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇത്തരമൊരു നീക്കം ഇറാഖ്, അഫ്ഗാനിസ്ഥാൻ യുദ്ധങ്ങൾ പോലെ ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു വലിയ യുദ്ധത്തിലേക്ക് വഴിമാറിയേക്കാം. തന്റെ ഭരണകാലത്ത് അമേരിക്കയെ ഇത്തരം യുദ്ധങ്ങളിലേക്ക് വലിച്ചിഴയ്ക്കില്ലെന്ന ട്രംപിന്റെ വാഗ്ദാനത്തിന് വിരുദ്ധമായിരിക്കും ഇത്. കൂടാതെ, ഇത് അമേരിക്കൻ സൈനികരുടെ ജീവൻ കൂടുതൽ അപകടത്തിലാക്കുകയും യുദ്ധത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യും.

ഇറാനിൽ കരസേനാ വിന്യാസം നടത്തരുതെന്ന് ഗൾഫ് സഖ്യകക്ഷികൾ യുഎസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ഇറാന്റെ ഭാഗത്തുനിന്ന് കൂടുതൽ പ്രത്യാക്രമണങ്ങൾക്ക് കാരണമാകുമെന്നും തങ്ങളുടെ ഊർജ-സിവിൽ അടിസ്ഥാന സൗകര്യങ്ങളെ അത് ബാധിക്കുമെന്നും ഒരു മുതിർന്ന ഗൾഫ് ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്താതെ പറഞ്ഞു. നിലവിൽ എവിടെയും കരസേനയെ അയക്കാൻ ട്രംപിന് പദ്ധതിയില്ലെന്നും എന്നാൽ എല്ലാ മാർഗങ്ങളും തങ്ങൾ പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു വൈറ്റ് ഹൗസ് വക്താവിന്റെ പ്രതികരണം.

'ട്രംപ് പരസ്പരവിരുദ്ധമായ സന്ദേശങ്ങളാണ് നൽകുന്നത്, എതിരാളികളെ ആശയക്കുഴപ്പത്തിലാക്കാൻ അദ്ദേഹം തന്നെ ഒരു സന്ദേശ വിനിമയ യന്ത്രമായി മാറിയിരിക്കുകയാണ്'' വാഷിങ്ടണിലെ ജോൺസ് ഹോപ്കിൻസ് സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ ലോറ ബ്ലൂമെൻഫെൽഡ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Similar News