മഞ്ഞുമ്മലിലെ പൊളി പിളേളര് | Manjummel Boys Review

വെറുമൊരു സൗഹൃദക്കാഴ്ച മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ്, പ്രതിസന്ധികളിൽ പതറാതെയും തോൽക്കാൻ മനസ്സില്ലാതെയും മുന്നോട്ടുപോവുന്ന മനുഷ്യരുടെ മനോവീര്യത്തിന്റെ കഥ കൂടിയാണ് പറയുന്നത്

Update: 2024-02-22 13:39 GMT

Manjummel Boys movie

Advertising

ജാൻ എ മന്നിന് ശേഷം ചിദംബരം എത്തുന്നത് ഒരു നടന്ന സംഭവം സിനിമയാക്കാനാണ്. മനുഷ്യർ അകപ്പെട്ട് പോവുന്ന സന്ദർഭങ്ങളെ ഇച്ഛാശക്തി കൈമുതലാക്കി മറികടക്കാനുള്ള ശ്രമം യഥാർ‌ത്ഥ ജീവിതത്തിലും സ്ക്രീനിലും വലിയ രീതിയിൽ പ്രചോദിപ്പിക്കുന്ന ഒന്നുകൂടിയാണ്. അതുകൊണ്ടാണ് ഈ ഴോണർ ചിത്രങ്ങൾക്ക് ലോകസിനിമയിൽ തന്നെ സ്വീകാര്യത ലഭിക്കുന്നത്. പക്ഷെ മലയാളം ഇത് അങ്ങനെ കൈവെക്കാറില്ല. മാളൂട്ടി, ഹെലൻ‌, 2018, മലയൻ‌ കുഞ്ഞ് എന്നിവയാണ് മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട സർവൈവൽ ത്രില്ലറുകൾ. അവിടെയാണ് പുതിയ കാലത്തിന്റെ സിനിമകളുടെ ഉടുപ്പണിഞ്ഞ് മഞ്ഞുമ്മലിന്റെ വരവ്.


നമുക്കറിയാം ആ കഥ. ട്രെയ്ലറിൽ നിന്ന് എല്ലാം ഊഹിച്ചെടുക്കാം. എന്നിട്ടും സിനിമ പിടിച്ചിരുത്തുന്നുണ്ടെങ്കിൽ കൺമുന്നിൽ കാണുന്നത് യഥാർത്ഥത്തിൽ സംഭവിക്കുന്നതാണെന്ന് മനസ്സിന് തോന്നുന്നത് കൊണ്ടാണ്. അത് അങ്ങനെ മേക്ക് ചെയ്തെടുത്തതുകൊണ്ടാണ്. ശ്വാസമടക്കി പിടിച്ചു മാത്രം പ്രേക്ഷകർക്കു കണ്ടു തീർക്കുന്ന കാഴ്ചാനുഭവമായി, 'മഞ്ഞുമ്മൽ ബോയ്സ് മാറുന്നുണ്ട്. കൊച്ചിയിലെ മഞ്ഞുമ്മലിലുള്ള ഒരു സംഘം കൊടെയ്ക്കനാലിലേക്ക് ടൂർ പോവുന്നതും അവർ അകപ്പെടുന്ന ഒരു പ്രശ്നവുമാണ് സിനിമ പറയുന്നത്. പറയുമ്പോൾ എളുപ്പത്തിൽ പറഞ്ഞു പോകാവുന്ന ഒന്നിനെ ചിദംബരം ഭംഗിയായി എടുത്ത് വെച്ചിട്ടുണ്ട്. കഥയുടെ തുടക്കത്തിൽ തന്നെ ടൂർ പോവുന്ന  സംഘത്തിലെ ഓരോരുത്തരുടെയും സ്വഭാവം കാണിക്കുന്നതിൽ തുടങ്ങുന്നുണ്ട് ചിദംബരത്തിന്റെ ആ മിടുക്ക്. പതുക്കെ പ്രേക്ഷകരെ കഥയിലേക്ക് ഇറക്കി അവരോടൊപ്പം ആ സംഘത്തിലെ ഒരാളാക്കാനായിരുന്നു സംവിധായകന്റെ നീക്കം. അങ്ങനെ സംഭവിച്ചാൽ മാത്രമെ പിന്നീട് നടക്കാൻ പോവുന്നതിൽ പ്രേക്ഷകനെകൂടി ഉൾപ്പെടുത്താനാവൂ എന്ന് എഴുത്തുകാരനായ സംവിധായകന് അറിയാം. കാരണം അവിടെ അകപ്പെട്ടുപോയാൽ പ്രേക്ഷകന് പുറത്തുവരാനാവില്ല. അകപ്പെടുത്താനുള്ള എല്ലാം സംവിധായകൻ ചെയ്തുവെച്ചിട്ടുമുണ്ട്.


വെറുതെ ഒരു സർവൈവൽ ത്രില്ലർ പറയുന്നതിനപ്പുറം മഞ്ഞുമ്മൽ ഒരു സൗഹൃദത്തിന്റെ കഥയാണ്. മലയാളിക്ക് എളുപ്പത്തിൽ കണക്ടാവുന്ന ക്ലബ്ബും അതിലെ നിശ്ചിത അംഗങ്ങളും അവരുടെ വർഷത്തിലെ രണ്ടോ മൂന്നോ തവണയുള്ള ടൂർ പോവലുമൊക്കെയാണ് ചിദംബരം കഥയുടെ പുറം തോടായി വെച്ചിരിക്കുന്നത്. കാണുന്ന പ്രേക്ഷകന് എളുപ്പത്തിൽ തങ്ങള്‍ അടങ്ങുന്ന സംഘം തന്നെയല്ലേ ഇതെന്ന് തോന്നിപ്പോവുകയും സിനിമക്കുള്ളിലേക്ക് ഇറങ്ങാനാവുകയും ചെയ്യും.


മഞ്ഞുമ്മലിന്റെ പോസിറ്റീവുകളിൽ ഏറ്റവും ആദ്യം എല്ലാവരും പറയുക അത് അത്രയും വിശ്വസനീയമായി ഒരുക്കി എന്നതാണ്. അതിന് ചിദംബരത്തെ സഹായിച്ചത് ഛായഗ്രാഹകനും കലാസംവിധായകനുമാണ്. കൊടൈക്കനാലിന്റെ ഭംഗിയും വന്യതയും ദൃശ്യങ്ങളിൽ മിന്നിമറയുന്നുണ്ട്. ഗുണ കേവിന്റെ ഭീതിദമായ അന്തരീക്ഷം  മികവോടെ തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പല സീനുകളും എങ്ങനെയാവും ചിത്രീകരിച്ചിട്ടുണ്ടാവുക എന്ന് സിനിമ കഴിഞ്ഞാലും പ്രേക്ഷകർ ആലോചിച്ച് ഒരു വഴിക്കാവും. മലയാളത്തിൽ അടുത്തിറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ച ആർട്ട് വർക്കുള്ളതും മഞ്ഞുമ്മലിലാണ്. തിയറ്റർ കാഴ്ചാനുഭവം പ്രേക്ഷകന് അതിന്റെ തന്നെ അർത്ഥത്തിൽ കൊടുക്കുന്നത് അജയന്‍ ചാലിശ്ശേരി എന്ന കലാസംവിധായകന്റെ ആ മികവുകൊണ്ടാണ്. പ്രതീക്ഷകൾക്ക് മുകളിൽ നൽകിയിട്ടുണ്ട് സുഷിന്‍. സൗഹൃദത്തിന്റെ സന്ദർഭങ്ങളിൽ യാത്രയുടെ മൂഡിൽ അകപ്പെട്ട് പോകുന്ന ഭീതിയെ അങ്ങനെ സന്ദർഭങ്ങളെ പ്രേക്ഷകരിലേക്ക് അരിച്ചിറക്കുന്നത് സുഷിന്റെ സ്കോറാണ്.


സർവൈവൽ ത്രില്ലർ എടുത്ത് പ്രേക്ഷകന് സീറ്റ് എഡ്ജിലെത്തിക്കുക എന്നത് ചെറിയ ടാസ്ക്കല്ല. ഒന്ന് പാളിയാൽ തീർന്നു. കഥാപാത്രങ്ങൾ അനുഭവിക്കുന്ന മാനസിക പിരിമുറക്കത്തിലൂടെയാണ് അവർ അകപ്പെട്ടുപോയ ഭീകരാവസ്ഥ പ്രേക്ഷകനുമായി കണക്ടാവുക. അതിന് അങ്ങനെയുള്ള അഭിനേതാക്കൾ വേണം. ചിദംബരം അനിയൻ ഗണപതിയെ കാസ്റ്റിങ് ഡയറക്ടറായി വെച്ചതിന്റെ ഗുട്ടൻസ് സിനിമ കാണുമ്പോൾ മനസ്സിലാവും. അങ്ങനെ തകർത്തിട്ടുണ്ട് ഓരോരുത്തരും. ഇത്രയേറെ കഥാപാത്രങ്ങൾ എല്ലാവർക്കും ഡയലോഗുകൾ. വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ളവർ. അവർ കഥാപാത്രമായി മാറിയിട്ടുണ്ട്. ലൊക്കേഷനിൽ അവർ ഉണ്ടാക്കിയ ഫൺ മൂഡ് അതുപോലെ സിനിമയിലേക്ക് ആവാഹിച്ചിട്ടുണ്ട്. പേടിക്കുന്ന, നിലവിളിക്കുന്ന, ഭയം നിഴലിക്കുന്ന മുഖങ്ങളുമായി അവർ പ്രേക്ഷകനെ കൂടെകൂട്ടുന്നതിൽ വിജയിച്ചിട്ടുണ്ട്. ചിദംബരം ഒരു ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ പിള്ളേര് മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ ഖാലിദ് റഹ്മാന്റെയും ലാൽ ജൂനിയറിന്റെയും സലീംകുമാറിന്റെ മകന്റെയും പ്രകടനം ശരിക്കും ഞെട്ടിക്കുന്നതാണ്.


വെറുമൊരു സൗഹൃദക്കാഴ്ച മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ്, പ്രതിസന്ധികളിൽ പതറാതെയും തോൽക്കാൻ മനസ്സില്ലാതെയും മുന്നോട്ടുപോവുന്ന മനുഷ്യരുടെ മനോവീര്യത്തിന്റെ കൂടെ കഥ പറയുന്നുണ്ട്. മലയാള സിനിമ മാറ്റത്തിന്റെ ഗിയർ ചെയ്ഞ്ച് ചെയ്തിട്ടുണ്ട്. മേക്കിങ്ങിലും കഥ പറച്ചിലിലും അത് കാണാനാവുന്നുമുണ്ട്. ആഗോള സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള കണ്ടന്റുകൾ നമ്മുടെ മലയാളത്തിൽ നിന്നും ഉണ്ടാവുന്നുണ്ട്. ആ പട്ടികയിൽ മഞ്ഞുമ്മൽ ബോയ്സിനെ പെടുത്താം. തിയേറ്റർ കാഴ്ച ആവശ്യപ്പെടുന്ന, കഥാപരമായും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും സാങ്കേതികതകൊണ്ടുമെല്ലാം മികവു പുലർത്തുന്ന ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'.

Full View



Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - അലി കൂട്ടായി

contributor

Similar News