ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി

Update: 2017-08-08 15:58 GMT
Editor : admin
ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി
Advertising

പശ്ചിമ ബംഗാള്‍ നിയമസഭയിലേയ്ക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി.

പശ്ചിമ ബംഗാള്‍ നിയമസഭയിലേയ്ക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ഏറ്റവും ഒടുവില്‍ ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് 80 ശതമാനത്തിലധികം പോളിങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്ത് പിടിത്തവും ആക്രമണവും നടത്തിയതായി ബി.ജെ.പിയും സി.പി.എമ്മും ആരോപിച്ചു. ബൂത്തിനു മുന്‍പില്‍ വനിതാ വോട്ടറെ പിടിച്ചു തള്ളിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി രൂപ ഗാംഗുലിയ്ക്കെതിരെ കേസെടുത്തു.

പശ്ചിമ ബംഗാളില്‍ 49 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ ബൂത്തു പിടിച്ചെടുത്തതായും ബി.ജെ.പി പ്രവര്‍ത്തകരെ വോട്ട് ചെയ്യാനനുവദിക്കുന്നില്ലെന്നും രാവിലെ തന്നെ ബി.ജെ.പി നേതൃത്വം ആരോപിച്ചു. ബി.ജെ.പിയുടെ ഹൌറ സാഥാനാര്‍ത്ഥി രൂപ ഗാംഗുലിയും വോട്ടര്‍മാരും തമ്മില്‍ സാല്‍ക്കിയയില്‍ ബൂത്തിനു മുന്‍പില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞതാണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിയ്ക്കുമെന്നും രൂപ ഗാംഗുലി പറഞ്ഞു. എന്നാല്‍ രൂപ ഗാംഗുലി ഒരു വനിതാ വോട്ടറെ പിടിച്ചു തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെത്തടര്‍ന്ന് സംഭവം വിവാദമായി. രൂപ ഗാംഗുലിയ്ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി നോര്‍ത്ത് ഡംഡം മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥി തന്മയ് ഭട്ടാചാര്യ പരാതി നല്‍കി. കാറില്‍ പോകുമ്പോള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇഷ്ടിക കൊണ്ട് എറിയുകയായിരുന്നുവെന്നും ഇതില്‍ കാര്‍ തകര്‍ന്നുവെന്നും തനിയ്ക്ക് പരിക്കേറ്റുവെന്നും തന്മയ് ഭട്ടാചാര്യ പരാതിയില്‍ വിശദീകരിച്ചു. തന്മയ് ഭട്ടാചാര്യയുടെ കയ്യിന് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇത് വ്യാജ ആരോപണമാണെന്നും പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും തൃണമൂല്‍ സ്ഥാനാര്‍ത്ഥി പ്രതിമാ ഭട്ടാചാര്യ പറഞ്ഞു. മൂന്നാം ഘട്ട വോട്ടെടുപ്പില്‍ വ്യാപകമായ അക്രമ സംഭവങ്ങളുണ്ടായതിനെ തുടര്‍ന്ന് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവിലാണ് വോട്ടെടുപ്പ് നടന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News