മഹാരാഷ്ട്രയിൽ 620 ഏക്കർ ഭൂമി കൈക്കലാക്കി ​ഗുജറാത്തിലെ ജിഎസ്ടി കമ്മീഷണർ

മഹാബേൽശ്വറിന് സമീപത്തെ ഝദാനി ​ഗ്രാമം മുഴുവൻ ​ഇയാളുടെയും കുടുംബത്തിന്റേയും കൈയിലായി.

Update: 2024-05-18 11:11 GMT
Advertising

ഭോപ്പാൽ: മഹാരാഷ്ട്രയിൽ 620 ഏക്കർ ഭൂമി കൈക്കലാക്കി ​ഗുജറാത്തിലെ ജിഎസ്ടി കമ്മീഷണർ. അഹമ്മദാബാദിൽ സേവനമനുഷ്ഠിക്കുന്ന നന്ദുർബാർ സ്വദേശി ചന്ദ്രകാന്ത് വാൽവിയാണ് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ കണ്ടാതി താഴ്‌വരയിൽ ഇത്രയധികം ഭൂമി സ്വന്തമാക്കിയത്. ഇവിടുത്തെ മഹാബേൽശ്വറിന് സമീപത്തെ ഝദാനി ​ഗ്രാമം മുഴുവൻ വാൽവിയുടെയും കുടുംബത്തിന്റേയും കൈയിലായി.

1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, 1976ലെ വനസംരക്ഷണ നിയമം, 1972ലെ വന്യജീവി സംരക്ഷണ നിയമം എന്നിങ്ങനെയുള്ള വിവിധ നിയമങ്ങളുടെ ലംഘനം ഇവിടെ പതിവായി നടക്കാറുണ്ടെന്നും ഇതും അത്തരമൊന്നാണെന്നുമാണ് റിപ്പോർട്ട്.

തങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന് ഈ ജിഎസ്ടി ഉദ്യോഗസ്ഥൻ ഗ്രാമത്തിലെ എല്ലാവരോടും പറഞ്ഞതായി പ്രാദേശിക സാമൂഹിക പ്രവർത്തകൻ സുശാന്ത് മോറിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മൂന്നു വർഷമായി അനധികൃത നിർമാണവും വൻതോതിലുള്ള ഖനനവും പ്രദേശത്ത് നടക്കുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാവുന്നില്ലെന്നാണ് ആരോപണം. ഒരു സർക്കാർ ഉദ്യോഗസ്ഥനും പരിശോധിക്കാൻ വരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

നിയമങ്ങളുടെ ലംഘനം പ്രകൃതിവിഭവങ്ങൾക്കും പരിസ്ഥിതിക്കും ഗുരുതര ഭീഷണി ഉയർത്തുന്നതായും ജൈവവൈവിധ്യത്തിന് കോട്ടം, വായു- ജല മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

നിലവിൽ അനധികൃത നിർമാണം, ഘനനം, മരം മുറിക്കൽ, അനധികൃത റോഡുകൾ, വനാതിർത്തിയിൽ നിന്നുള്ള വൈദ്യുതി വിതരണം എന്നിവ മൂലം വനത്തിന്റെ ഉൾപ്രദേശങ്ങളിൽ ഗണ്യമായ നാശം സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News