ചരക്ക് സേവന നികുതി തര്‍ക്കം പരിഹരിക്കാന്‍ ജിഎസ്‍ടി യോഗം ഇന്ന്

Update: 2017-11-11 05:57 GMT
Editor : Sithara
ചരക്ക് സേവന നികുതി തര്‍ക്കം പരിഹരിക്കാന്‍ ജിഎസ്‍ടി യോഗം ഇന്ന്
Advertising

ജിഎസ്ടിയില്‍ ഒന്നരക്കോടിക്ക് താഴെ വരുമാനമുള്ളവരുടെ നികുതി, സേവന നികുതി എന്നിവ പിരിക്കുന്നത് സംബന്ധിച്ചാണ് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ പ്രധാനമായും തര്‍ക്കമുള്ളത്.

ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനുള്ള രണ്ടു ദിവസത്തെ ജിഎസ്ടി കൌണ്‍സില്‍ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. ധനമന്ത്രി തോമസ് ഐസക് പങ്കെടുക്കും. ജിഎസ്ടിയില്‍ ഒന്നരക്കോടിക്ക് താഴെ വരുമാനമുള്ളവരുടെ നികുതി, സേവന നികുതി എന്നിവ പിരിക്കുന്നത് സംബന്ധിച്ചാണ് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ പ്രധാനമായും തര്‍ക്കമുള്ളത്.

ചരക്ക് സേവന നികതിക്ക് കീഴില്‍ വരുന്ന കേന്ദ്ര നികുതി, സംസ്ഥാന നികുതി, അന്തര്‍ സംസ്ഥാന നികുതി എന്നിവ സംബന്ധിച്ച് ഏകദേശ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇവയുടെ കരട് നിയമത്തിന് അംഗീകാരം നല്‍കാന്‍ ജിഎസ്ടി കൌണ്‍സിലിന് ഇതുവരെ സാധിച്ചില്ല. ജിഎസ്ടി വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് വരുന്ന നഷ്ടം നികത്താന്‍ ഇപ്പോള്‍ തയ്യാറാക്കിയ വ്യവസ്ഥകളിലും തര്‍ക്കം ബാക്കിയാണ്.

നോട്ട് അസാധുവാക്കല്‍ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ അപ്രതീക്ഷിത കുറവ് വരുത്തിയ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ച നഷ്ടപരിഹാരം പോരെന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെയാണ് 50 ലക്ഷം മുതല്‍ ഒന്നര കോടി വരെ വരുമാനമുള്ളവരില്‍ നിന്നുള്ള നികുതി പിരവിനെ ചൊല്ലിയുള്ള തര്‍ക്കം. ഈ വിഭാഗത്തില്‍ പെട്ടവരുടെ ചരക്ക് നികുതി സംസ്ഥാനങ്ങളും സേവന നികുതി കേന്ദ്രവും പിരിക്കും എന്ന, കേന്ദ്രം മുന്നോട്ട് വച്ച വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളും വ്യക്തമാക്കി കഴിഞ്ഞു.

ഏകീകൃത നികുതി ഘടനയായ ജിഎസ്ടി അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് നടപ്പിലാക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇന്നും നാളെയുമായി നടക്കുന്ന യോഗത്തില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ കണക്ക് കൂട്ടുന്ന പോലെ ഏപ്രിലില്‍ ജിഎസ്ടി കൊണ്ടുവരാനാകില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News