ഭീമ കോറെഗാവിന് 201 വയസ്സ്; പ്രദേശം അതീവ സുരക്ഷയില്‍

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദും യുദ്ധ സ്മാരകത്തില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്

Update: 2019-01-01 10:06 GMT
Advertising

ഭീമ കോറെഗാവ് യുദ്ധത്തിന്റെ 201ാം വാര്‍ഷികം ഇന്ന് ആചരിക്കും. കഴിഞ്ഞ വര്‍ഷം നടന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദും യുദ്ധ സ്മാരകത്തില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

1817 ഡിസംബര്‍ 31ന് തുടങി 1818 ജനുവരി 1ന് അവസാനിച്ച യുദ്ധത്തിന്റെ ഓര്‍മ്മക്കായി സ്ഥാപിച്ച സ്മാരകത്തില്‍ ഡോക്ടര്‍ ബി.ആര്‍ അംബേദ്കര്‍ 1927 ജനുവരി 1ന് പുഷ്പാര്‍ചന നടത്തിയതോടെയാണ് തുടര്‍ച്ചയായി എല്ലാവര്‍ഷവും ഈ ദിനം ആചരിക്കാനാരംഭിച്ചത്. ഇത്തവണ ലക്ഷക്കണക്കിന് പേര്‍ പ്രദേശത്തെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്.

കഴിഞ്ഞ തവണത്തേതിന് സമാനമായി സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാമെന്ന സാധ്യത നിവനില്‍ക്കെ 5000 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. 12 കമ്പനി ദ്രുത കര്‍മ്മ സേനയെയും പ്രദേശത്തെത്തിച്ചിട്ടുണ്ട്. 350 സി.സി.ടി.വി കാമറകളും നിരീക്ഷണത്തിനായി സ്ഥാപിച്ചു.

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദും യുദ്ധ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് ചില നേതാക്കളെ കരുതല്‍ തടങ്കലിലേക്കും ചിലരെ ജില്ലയില്‍ നിന്നും മാറ്റിയതും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മിലിന്ദ് എക് തോബെ, കബിര്‍ കലാ മഞ്ച് തുടങ്ങിയവക്കും സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ തവണ യുദ്ധ സ്മാരകത്തിലെ പുഷ്പാര്‍ച്ചനക്ക് ശേഷം മടങ്ങിയ ദളിതരും മറാത്ത ഹിന്ദുത്വ വിഭാഗവും തമ്മില്‍ വ്യാപക സംഘര്‍ഷം ഉടലെടുക്കുകയും മരണത്തിനിടയാക്കുകയും ചെയ്തിരുന്നു.

Tags:    

Similar News