രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു; കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു

കർണാടകയിലെ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ മുംബൈയിൽ ഹോട്ടലിൽ താമസം തുടങ്ങിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്

Update: 2019-01-15 10:09 GMT
Advertising

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുകയാണ്. രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. ആര്‍. ശങ്കറും എച്ച്. നാഗേഷുമാണ് പിന്തുണ പിന്‍വലിച്ചത്.

മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുംബൈയില്‍ റിസോര്‍ട്ടില്‍ തുടരുകയാണ്. സംസ്ഥാനത്ത് ബി.ജെ.പി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. 102 എം.എല്‍.എ മാരെ ബി.ജെ.പി ഇന്നലെ ഹരിയാനയിലേക്ക് മാറ്റി.

കർണാടകയിലെ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ മുംബൈയിൽ ഹോട്ടലിൽ താമസം തുടങ്ങിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ബി.ജെ.പി, എം.എൽ.എമാരെ ചാക്കിടാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ ചൂണ്ടിക്കാട്ടി. ഇവരുമായി സമ്പർക്കം നടത്തുന്നുണ്ടെന്നും ബി.ജെ.പി പ്രശ്നം സൃഷ്ടിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു.

പ്രശ്ന പരിഹാരത്തിന് കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ബെംഗളൂരുവിൽ എത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി.

രണ്ട് എം.എല്‍.എമാരുടെ പിന്മാറ്റം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പി അധികാരവും പണവും ഉപയോഗിച്ച് എം.എല്‍.എമാരെ സ്വാധീനിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും പറഞ്ഞു.

മുംബൈയില്‍ തങ്ങുന്ന എം.എല്‍.എമാരെ തിരികെയെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമം നടക്കുകയാണ്. ഏഴ് എം.എല്‍.എമാരെ കൂടി ബി.ജെ.പി പാളയത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ തങ്ങളുടെ എം.എല്‍.എമാരെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതായി ബി.ജെ.പിയും ആരോപിക്കുന്നു. അഞ്ച് മുതല്‍ പത്ത് പേര്‍ വരെ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെയാണ് 102 ബി.ജെ.പി എം.എല്‍.എമാരെ ഗുഡ്ഗാവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.

Tags:    

Similar News