മോദി കൊട്ടാരത്തിൽ കഴിയുന്ന ചക്രവർത്തി, ജനങ്ങളുമായി ബന്ധമില്ല: പ്രിയങ്ക ഗാന്ധി

‘ഭരണഘടന തിരുത്താനും ജനങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറക്കാനും ദുർബലപ്പെടുത്താനും ബി.ജെ.പി ആഗ്രഹിക്കുന്നു’

Update: 2024-05-04 10:50 GMT

ലഖാനി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടാരത്തിൽ താമസിക്കുന്ന ചക്രവർത്തിയാണെന്നും അദ്ദേഹത്തി​ന് പൊതുജനങ്ങളുമായി ബന്ധമില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയെ യുവരാജാവെന്ന് കഴിഞ്ഞ ദിവസം മോദി വിശേഷിപ്പിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക. ഗുജറാത്തിലെ ലഖാനിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രിയങ്കയുടെ മറുപടി.

‘അദ്ദേഹം എന്റെ സഹോദരനെ യുവരാജാവ് എന്നാണ് വിളിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ കന്യാകുമാരി മുതൽ കശ്മീർ വരെ 4000 കിലോമീറ്റർ ഈ യുവരാജാവ് നടന്നുവെന്ന് ​അദ്ദേഹത്തോട് പറയാൻ താൻ ആഗ്രഹിക്കുന്നു. എന്റെ സഹോദരങ്ങളെയും സഹോദരിമാരെയും കർഷകരെയും തൊഴിലാളികളെയും കണ്ട് അവരുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി.

Advertising
Advertising

മറുവശത്ത് ഉള്ളത് ഷഹൻഷാ നരേന്ദ്ര മോദിയാണ്. അദ്ദേഹം കൊട്ടാരത്തിലാണ് കഴിയുന്നത്. അദ്ദേഹത്തെ നിങ്ങൾ എപ്പോ​ഴെങ്കിലും ടി.വിയിൽ കണ്ടിട്ടുണ്ടോ? ഒരു പൊടിപോലുമില്ലാത്ത, ഒരു മുടിയിഴപോലും വീഴാത്ത വൃത്തിയുള്ള വസ്ത്രം. നിങ്ങളുടെ കഠിനാധ്വാനവും കൃഷിയും അദ്ദേഹം എങ്ങനെ മനസ്സിലാക്കും. നിങ്ങളുടെ പ്രശ്നങ്ങളും പണപ്പെരുപ്പം കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടുകയാണെന്ന കാര്യവും മോദി എങ്ങനെ തിരിച്ചറിയും?

ഭരണഘടന തിരുത്താനും ജനങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറക്കാനും ദുർബലപ്പെടുത്താനും ബി.ജെ.പി ആഗ്രഹിക്കുന്നു. കഴിഞ്ഞ 10 വർഷമായി മോദി ചെയ്ത ഏറ്റവും വലിയ കാര്യം പൊതുജനങ്ങളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തി എന്നതാണെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News