മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മമത പിന്മാറി; കാരണം..

ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി വ്യാജപ്രചാരണം നടത്തുന്നതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുകയാണെന്ന്

Update: 2019-05-29 10:51 GMT
Advertising

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി വ്യാജപ്രചാരണം നടത്തുന്നതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുകയാണെന്ന് മമത ട്വീറ്റില്‍ വ്യക്തമാക്കി.

"പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങള്‍. ഭരണഘടനാപരമായ ക്ഷണം സ്വീകരിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ബംഗാളില്‍ 54 പേര്‍ രാഷ്ട്രീയ കൊലയ്ക്ക് ഇരയായെന്ന ബി.ജെ.പിയുടെ അവകാശവാദം കഴിഞ്ഞ മണിക്കൂറുകളില്‍ മാധ്യമങ്ങളില്‍ കണ്ടു. ഇത് തികച്ചും തെറ്റാണ്. ബംഗാളില്‍ രാഷ്ട്രീയ കൊലകളല്ല നടന്നത്. വ്യക്തിവൈരാഗ്യവും കുടുംബപ്രശ്നങ്ങളും മറ്റ് തര്‍ക്കങ്ങളുമൊക്കെയാണ് ഈ കൊലകള്‍ക്ക് പിന്നില്‍. ക്ഷമിക്കണം മോദിജി, ഇത്തരം വ്യാജപ്രചാരണങ്ങള്‍ കാരണം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ നിര്‍ബന്ധിതയായി. ജനാധിപത്യത്തിന്‍റെ ആഘോഷമാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാഷ്ട്രീയ നേട്ടത്തിനുള്ള അവസരമായി ഈ ചടങ്ങുകളെ മാറ്റരുത്"- മമത ട്വീറ്റില്‍ വ്യക്തമാക്കി.

ബംഗാളില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ ബന്ധുക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് മമതയുടെ പിന്മാറ്റം. 42 ബി.ജെ.പി പ്രവര്‍ത്തകരുടെ കുടുംബത്തിനാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ബഹുമാനാര്‍ഥമാണ് ക്ഷണമെന്നായിരുന്നു മുകുള്‍ റോയുടെ പ്രതികരണം.

Tags:    

Similar News