പ്രജ്വൽ രേവണ്ണയുടെ ലൈം​ഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ചു; രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിൽ

പ്രതികൾ അശ്ലീല ക്ലിപ്പുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച രണ്ട് പെൻഡ്രൈവുകളും കമ്പ്യൂട്ടർ സിപിയുവും എസ്ഐടി ഉദ്യോഗസ്ഥർ കണ്ടെടുത്തു.

Update: 2024-05-13 06:31 GMT

ബെം​ഗളൂരു: കർണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ച കേസിൽ രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിൽ. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതൻ, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിനു ശേഷം സ്പോട്ട് ഇൻക്വസ്റ്റിനായി ഇരുവരേയും വീടുകളിലേക്ക് കൊണ്ടുപോയി. പ്രതികൾ അശ്ലീല ക്ലിപ്പുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച രണ്ട് പെൻഡ്രൈവുകളും കമ്പ്യൂട്ടർ സിപിയുവും എസ്ഐടി ഉദ്യോഗസ്ഥർ കണ്ടെടുത്തു. പിടിക്കപ്പെടാതിരിക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ നശിപ്പിക്കാൻ ഇരുവരും ഗൂഢാലോചന നടത്തിയെന്നും എന്നാൽ സമയബന്ധിതമായി പിടികൂടിയെന്നും എസ്ഐടി വൃത്തങ്ങൾ പറഞ്ഞു.

Advertising
Advertising

ഹാസൻ മുൻ എംഎൽഎയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പ്രീതം ഗൗഡയുടെ അടുത്ത അനുയായികളാണ് ഇവരെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 22ന് നഗരത്തിലും പരിസരത്തും പ്രജ്വലിന്റെ ലൈം​ഗികാതിക്രമ ക്ലിപ്പുകൾ പ്രചരിക്കുകയും നിരവധി പെൻഡ്രൈവുകൾ കണ്ടെത്തുകയും ചെയ്തതിന് പിന്നാലെ 23ന് ഹാസൻ‌ സിഇഎൻ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ടാണ് അറസ്റ്റുകൾ. 

കേസിൽ നേരത്തെ മറ്റൊരു ബിജെപി നേതാവും അറസ്റ്റിലായിരുന്നു. വീഡിയോകൾ ചോർത്തിയെന്ന കേസിൽ അഡ്വ. ജി. ദേവരാജ് ഗൗഡയാണ് അറസ്റ്റിലായത്. പെൻഡ്രൈവിലാണ് ഇയാൾ വീഡിയോ ചേർത്തിയത്. ഹാസൻ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴി‍ഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം, താനല്ല വീഡിയോ ചോർത്തിയതെന്നും കോൺഗ്രസാണ് അത് ചെയ്തതെന്നുമായിരുന്നു ഇയാളുടെ ആരോപണം.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രജ്വൽ രേവണ്ണയുടെ പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കെതിരെ ഹോളനരസിപുര മണ്ഡലത്തിൽ ദേവരാജ ഗൗഡ മത്സരിച്ചിരുന്നു. അന്ന് കോൺ​ഗ്രസിനൊപ്പമായിരുന്നു ജെഡിഎസ്. പരാതിക്കാരിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ എച്ച്.ഡി രേവണ്ണ നിലവിൽ ജയിലിലാണ്.

ഏപ്രിൽ 26ന് നടന്ന കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈം​ഗികാതിക്രമ വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്. സ്ത്രീകളെ ലൈം​ഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എം.പിയുമായ പ്രജ്വൽ തന്നെ റെക്കോർഡ് ചെയ്‌തതെന്നാണ് കരുതപ്പെടുന്നത്.

എന്നാൽ ഇത് ചോർന്നതോടെ വൻ ജനരോഷത്തിന് കാരണമാവുകയും കർണാടക രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും എൻഡിഎ മുന്നണി പ്രതിരോധത്തിലാവുകയും ചെയ്തു. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ കൂടി ഇടപെട്ടതോടെ കേസന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ രാജ്യം വിട്ട ഇയാൾക്കെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങി വിവിധ കുറ്റങ്ങളിലായി മൂന്ന് എഫ്.ഐ.ആറാണ് പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്രജ്വലിൻ്റെ വീട്ടിൽ ജോലി ചെയ്തിരുന്ന 47കാരിയാണ് പരാതിയുമായി ആദ്യം രം​ഗത്തെത്തിയത്. പരാതിക്കാരി രേവണ്ണയുടെ വീട്ടിൽ മൂന്നര വർഷത്തോളം ജോലി ചെയ്യുകയും 2019 ജനുവരി മുതൽ 2022 ജനുവരി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ഇതിനു പിന്നാലെ മറ്റു യുവതികളും പരാതി നൽകുകയായിരുന്നു.







Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News