ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുഎഇയിൽ 17 ഇന്ത്യക്കാർ അറസ്റ്റിൽ

വിവിധ രാജ്യക്കാരായ 25 പേരാണ് പിടിയിലായത്

Update: 2026-03-15 09:32 GMT

അബൂദബി: ആക്രമണ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിന് യുഎഇയിൽ 17 ഇന്ത്യക്കാർ അറസ്റ്റിൽ. വിവിധ രാജ്യക്കാരായ 25 പേരാണ് പിടിയിലായത്. അറ്റോർണി ജനറലിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. പ്രതികൾ യുഎഇക്കെതിരായ സൈനിക ആക്രമണങ്ങളെ മഹത്വവൽക്കരിക്കുന്നതും പ്രതിരോധ നടപടികൾക്ക് ദോഷം വരുത്തുന്നതുമായ, തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിച്ചതായി യുഎഇയുടെ ഔദ്യോഗിക ന്യൂസ് ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു.

 

കുറ്റം സമാന സ്വഭാവമുള്ളതാണെങ്കിലും മൂന്നു വിഭാഗങ്ങളിലായാണ് അറസ്റ്റ്. ആദ്യ വിഭാഗത്തിൽ 12 പേരാണ് അറസ്റ്റിലായത്. ഇതിൽ ഏഴ് പേരും ഇന്ത്യക്കാരാണ്. ആക്രമണ ദൃശ്യങ്ങൾ നേരിട്ട് പകർത്തുകയും വീഡിയോ ഇഫക്ട് സഹിതം അത് പങ്കുവെക്കുകയും ചെയ്തവരാണ് ഈ വിഭാഗത്തിൽ പിടിയിലായത്. ആളുകളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള കുറിപ്പുകളും ഇവർ നൽകിയിരുന്നു. ഇന്ത്യക്കാർക്കൊപ്പം നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ആദ്യ വിഭാഗത്തിൽ അറസ്റ്റിലായത്.

Advertising
Advertising

 

രണ്ടാമത്തെ ഗ്രൂപ്പിലുള്ളത് ഏഴ് പേരാണ്. അഞ്ചുപേരും ഇന്ത്യക്കാർ. ദൃശ്യങ്ങൾ പകർത്തുന്നതിന് പകരം എഐ ഉപയോഗിച്ച് നിർമിച്ചവരാണിവർ. രാജ്യത്തിന്റെ പുറത്ത് നടന്ന രാജ്യത്ത് നടന്നതാണെന്ന മട്ടിൽ ഇവർ പങ്കുവെച്ചതായും റിപ്പോർട്ടിൽ പറയുന്നു.

 

മൂന്നാമത്തെ വിഭാഗത്തിൽ ആറ് പേരുണ്ട്. അഞ്ചുപേരും ഇന്ത്യക്കാർ, ഒരാൾ പാകിസ്താൻ സ്വദേശിയും. ആക്രമിക്കുന്ന രാജ്യത്തിന്റെ നേതൃത്വത്തെയും പട്ടാള ആക്രമണ ശേഷിയെയും പ്രകീർത്തിച്ചതാണ് ഇവർ ചെയ്ത കുറ്റം.

ഇത്തരം കുറ്റങ്ങൾ ചെയ്തതിന് കഴിഞ്ഞ ദിവസം പത്ത് പേരും പിടിയിലായിരുന്നു. ഇതിൽ രണ്ട് പേർ ഇന്ത്യക്കാരായിരുന്നു. അബൂദബിയിൽ സമാന കേസിൽ 45 പേർ പിടിയിലായിട്ടുണ്ട്. അബൂദബി പൊലീസാണ് ഇവരെ പിടികൂടിയത്. ആക്രമണ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 80 പേരാണ് യുഎഇയിൽ പിടിയിലായിട്ടുള്ളത്.

ഫുജൈറയിൽ ഒരാൾക്ക് പരിക്ക്

ഫുജൈറയിലെ ഡ്രോണാക്രമണത്തിൽ ജോർദാൻ സ്വദേശിക്ക് പരിക്ക്. ഓയിൽ ഇൻഡസ്ട്രിയൽ മേഖലയിൽ തീയണക്കാൻ ശ്രമം തുടരുന്നു

റുവൈസിലെ തീയണച്ചു

അബൂദബി റുവൈസ് ഇൻഡസ്ട്രിയൽ സോണിലെ തീയണച്ചു. ചൊവ്വാഴ്ച ഡ്രോണാക്രമണത്തിലാണ് തീപിടിത്തമുണ്ടായത്. കൂളിങ് നടപടി പുരോഗമിക്കുന്നുവെന്ന് അബൂദബി മീഡിയ ഓഫീസ് അറിയിച്ചു

ദുബൈയിൽ ആക്രമണം

ദുബൈയിൽ മറീന, അൽസുഫു എന്നിവിടങ്ങളിൽ ഇറാൻ ആക്രമണം. പ്രതിരോധിക്കുന്നുവെന്ന് ദുബൈ അധികൃതർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News