വില്ലനായി യുദ്ധം; കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയുടെ നിഴലിൽ ഇന്ത്യൻ ഓഹരി വിപണി
വെറും അഞ്ച് ദിവസത്തിനുള്ളിൽ സെൻസെക്‌സിന് 4,000 പോയിന്റുകൾ നഷ്ടമായി
മുംബൈ: കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയുടെ നിഴലിലാണ് ഇപ്പോൾ ഇന്ത്യൻ ഓഹരി വിപണി. മാർച്ചിലെ ആദ്യ രണ്ടാഴ്ച പിന്നിടുമ്പോൾ തന്നെ നിഫ്റ്റി സൂചിക എട്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. 2020 മാർച്ചിൽ കോവിഡ് ഭീതിയിൽ വിപണി 23 ശതമാനം ഇടിഞ്ഞതിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണിത്. പത്തു വർഷത്തിനിടയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാസ തകർച്ചയാണിതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വെറും അഞ്ച് ദിവസത്തിനുള്ളിൽ സെൻസെക്‌സിന് 4,000 പോയിന്റുകൾ നഷ്ടമായി. മാർച്ചിലെ പകുതി ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ വിപണി ഇത്രയധികം താഴേക്ക് പോയത് നിക്ഷേപകർക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യമാണ് വിപണിയെ ഇത്രയധികം പിടിച്ചുലച്ചത്. യുദ്ധത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് അടുത്തെത്തി. ഇത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് വലിയ തിരിച്ചടിയായി. അന്താരാഷ്ട്ര എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങൾ ഇന്ത്യൻ വിപണിയുടെ ആത്മവിശ്വാസം തകർത്തു. എണ്ണവില വർധിക്കുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിനും രൂപയുടെ മൂല്യമിടിവിനും കാരണമാകുമെന്ന ഭയമാണ് ഓഹരി വിപണിയിലെ കൂട്ടവിൽപ്പനയ്ക്ക് പിന്നിലെ പ്രധാന കാരണം.
വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ ഓഹരികൾ വിറ്റൊഴിയുന്നത് വിപണിയുടെ തകർച്ചയുടെ ആഴം കൂട്ടി. ഈ മാസം മാത്രം ഏകദേശം 40,000 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. ഇതേത്തുടർന്ന് സെൻസെക്‌സ് ഈ ആഴ്ച മാത്രം 4,000 പോയിന്റോളം താഴേക്ക് പോയി. വൻകിട കമ്പനികളുടെ ഓഹരികൾക്കൊപ്പം തന്നെ ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും വലിയ ഇടിവുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം സ്‌മോൾ ക്യാപ്, മിഡ് ക്യാപ് സൂചികകൾ മൂന്ന് ശതമാനത്തോളം ഇടിഞ്ഞത് വിപണിയിലാകെ പടർന്ന ഭീതിയുടെ തെളിവാണ്. യുദ്ധഭീതിക്ക് പുറമെ ആഗോള തലത്തിലെ സാമ്പത്തിക മാറ്റങ്ങളും വിപണിയെ ബാധിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുണ്ടായ കുതിച്ചുചാട്ടം ഐടി കമ്പനികളുടെ ഭാവി വരുമാനത്തെ ബാധിക്കുമോ എന്ന ആശങ്ക ഐടി ഓഹരികളിൽ പ്രതിഫലിക്കുന്നുണ്ട്.
നിലവിലെ വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനപരമായ കരുത്ത് ഒട്ടും ചോർന്നുപോയിട്ടില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ ഏതാനും പാദങ്ങളായി ഇന്ത്യൻ കമ്പനികളുടെ വരുമാനത്തിൽ ശക്തമായ മുന്നേറ്റമാണ് പ്രകടമാകുന്നത്. നിഫ്റ്റി 500 കമ്പനികളുടെ ലാഭത്തിൽ കഴിഞ്ഞ എട്ട് പാദങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചയായ 16 ശതമാനം ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വരുമാന വളർച്ച വിപണിക്ക് ശക്തമായ ഒരു അടിത്തറ നൽകുന്നുണ്ടെന്നും ആഗോള അനിശ്ചിതത്വങ്ങൾ മാറുന്നതോടെ ഓഹരി വിപണി സ്ഥിരത കൈവരിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. രാജ്യത്തെ ആഭ്യന്തര സാമ്പത്തിക സൂചകങ്ങളും ശുഭസൂചനകളാണ് നൽകുന്നത്. ബാങ്ക് വായ്പകളുടെ വളർച്ച വീണ്ടും രണ്ടക്ക സംഖ്യയിലേക്ക് എത്തിയത് വിപണിയിലെ വർധിച്ച പണലഭ്യതയെയും വായ്പകൾക്കായുള്ള ശക്തമായ ആവശ്യകതയെയും സൂചിപ്പിക്കുന്നു. കൂടാതെ, റിസർവ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ച പലിശ നിരക്ക് കുറയ്ക്കൽ നടപടികൾ സാധാരണക്കാർക്കും കമ്പനികൾക്കും കുറഞ്ഞ ചിലവിൽ വായ്പകൾ ലഭ്യമാക്കാൻ സഹായിച്ചു.
നിലവിൽ വിപണിയിൽ വലിയ ചാഞ്ചാട്ടം അനുഭവപ്പെടുന്നുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വിപണി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധർ. മുൻകാലങ്ങളിലെ സമാനമായ പ്രതിസന്ധികളെ മറികടന്ന് ഇന്ത്യൻ ഓഹരികൾ ശക്തമായി തിരിച്ചുവന്ന ചരിത്രമാണുള്ളത്. എങ്കിലും, പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ കടുക്കുകയാണെങ്കിൽ ക്രൂഡ് ഓയിൽ വില ഉയർന്നുതന്നെ നിൽക്കാൻ സാധ്യതയുണ്ട്. ഇത് പണപ്പെരുപ്പത്തിനും രൂപയുടെ മൂല്യത്തകർച്ചയ്ക്കും കാരണമായേക്കാം. പ്രത്യേകിച്ച് വ്യോമയാനം, പെയിന്റ്‌സ്, കെമിക്കൽ തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ ലാഭവിഹിതത്തെ ഇത് ബാധിച്ചേക്കാമെന്നത് വരും ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യമാണ്. എങ്കിലും ഇന്ത്യയുടെ വിദേശനാണ്യ ശേഖരവും കരുത്തുറ്റ സാമ്പത്തിക നയങ്ങളും ഈ ആഗോള പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ കണക്കുകൂട്ടൽ.