കൂപ്പുകുത്തി ഓഹരി വിപണി; നിക്ഷേപകർക്ക് നഷ്ടം 12 ലക്ഷം കോടി രൂപ, തകർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ അറിയാം
ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതാണ് വിപണിയെ പിടിച്ചുലച്ചത്
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് കറുത്ത തിങ്കളാഴ്ച. മിഡിൽ ഈസ്റ്റിലെ യുദ്ധ സാഹചര്യങ്ങളും ആഗോള വിപണിയിലെ തിരിച്ചടികളും മൂലം വ്യാപാരം ആരംഭിച്ച നിമിഷങ്ങൾക്കുള്ളിൽ തന്നെ വലിയ തകർച്ചയാണ് വിപണിയിൽ രേഖപ്പെടുത്തിയത്. സെൻസെക്‌സ് 2,400 പോയിന്റോളം ഇടിഞ്ഞ് 76,424 എന്ന നിലയിലേക്കും നിഫ്റ്റി 700 പോയിന്റിലധികം താഴ്ന്ന് 23,697 എന്ന നിലയിലേക്കും താഴ്ന്നു. വിപണി തുറന്ന് പത്തു മിനിറ്റിനുള്ളിൽ തന്നെ നിക്ഷേപകരുടെ സമ്പാദ്യത്തിൽ നിന്ന് ഏകദേശം 12.39 ലക്ഷം കോടി രൂപയാണ് തുടച്ചുനീക്കപ്പെട്ടത്.
മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതാണ് വിപണിയെ പിടിച്ചുലച്ച പ്രധാന ഘടകങ്ങൾ. സെൻസെക്‌സിലെ എല്ലാ കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇൻഡിഗോ ഓഹരികൾ 8 ശതമാനത്തോളം ഇടിഞ്ഞപ്പോൾ ടാറ്റ സ്റ്റീൽ, എസ്.ബി.ഐ, മാരുതി സുസുക്കി തുടങ്ങിയ പ്രമുഖ ഓഹരികൾ 5 ശതമാനത്തിലധികം തകർച്ച നേരിട്ടു.
എൻഎസ്ഇയിലെ വിവിധ സെക്ടറുകളെ പരിശോധിക്കുമ്പോൾ ബാങ്കിംഗ്, ഓട്ടോമൊബൈൽ മേഖലകളാണ് തകർച്ചയിൽ ഏറ്റവും കൂടുതൽ ആഘാതം നേരിട്ടത്. പൊതുമേഖലാ ബാങ്കുകളുടെ സൂചികയായ നിഫ്റ്റിപിഎസ്‌യു ബാങ്ക് അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞ് ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി. ഇതിന് പിന്നാലെ നിഫ്റ്റി ഓട്ടോ നാല് ശതമാനത്തോളം താഴേക്ക് പോയപ്പോൾ, നിഫ്റ്റി റിയൽറ്റിയും നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികകളും മൂന്ന് ശതമാനത്തിലധികം തകർച്ച നേരിട്ടു.
വിപണിയെ തളർത്തിയ പ്രധാന കാരണങ്ങൾ
ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിൽ
മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണമായും അടഞ്ഞത് അന്താരാഷ്ട്ര വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനത്തിലധികം കടന്നുപോകുന്ന ഈ നിർണായക പാതയിലൂടെയുള്ള ഗതാഗതം ആക്രമണങ്ങളെത്തുടർന്ന് തടസ്സപ്പെട്ടതോടെ, ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ്, ബ്രെന്റ് ക്രൂഡ് എന്നിവ യഥാക്രമം 30%, 27% വീതം വർധിച്ച് ബാരലിന് 118 ഡോളറിന് മുകളിലെത്തി. 2022ലെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ശേഷം ആദ്യമായാണ് എണ്ണവില 100 ഡോളർ കടക്കുന്നത്. കപ്പലുകൾക്ക് ഇൻഷുറൻസ് സുരക്ഷ നൽകാമെന്ന് അമേരിക്കൻ ഭരണകൂടം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ വിപണി ഇപ്പോഴും കടുത്ത ആശങ്കയിലാണ്.
മിഡിൽ ഈസ്റ്റ് യുദ്ധം രൂക്ഷമാകുന്നു
മിഡിൽ ഈസ്റ്റിൽ ഇറാനും ഇസ്രായേൽ-യുഎസ് സഖ്യവും തമ്മിലുള്ള യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ആഗോളതലത്തിൽ കനത്ത ആശങ്ക നിലനിൽക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖാംനഇയെ പ്രഖ്യാപിച്ചെങ്കിലും, ഇറാന്റെ ഭരണകൂടത്തെ പൂർണമായും ഇല്ലാതാക്കാതെ യുദ്ധം അവസാനിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയും സാഹചര്യം കൂടുതൽ സങ്കീർണമാക്കി. ഇറാന്റെ എണ്ണ സംഭരണശാലകൾക്ക് നേരെ ആക്രമണമുണ്ടായതും, പകരം ഗൾഫ് രാജ്യങ്ങളിലേക്ക് ഡ്രോൺ ആക്രമണങ്ങൾ നടന്നതും നിക്ഷേപകരെ ഭയപ്പെടുത്തുന്നു. നയതന്ത്രപരമായ പരിഹാരങ്ങൾ ഒന്നും തന്നെ കാണാത്തതും സംഘർഷം ഗൾഫ് മേഖലയിലാകെ പടരുന്നതും ആഗോള നനിക്ഷേപകരെ കനത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
രൂപയുടെ മൂല്യത്തകർച്ച
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിടുകയാണ്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ ഡോളറിനെതിരെ 92.1975 എന്ന നിരക്കിലേക്ക് രൂപ കൂപ്പുകുത്തി. മുൻ ദിവസത്തെ അപേക്ഷിച്ച് 0.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നതും വിദേശ നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കുന്നതും രൂപയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ആഗോള വിപണിയിലെ ചലനങ്ങളും ക്രൂഡ് ഓയിൽ നിരക്കുമായിരിക്കും രൂപയുടെ ഗതി നിർണയിക്കുക.
വിദേശ നിക്ഷേപകരുടെ കൂട്ടമായ പിന്മാറ്റം
വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നത് തുടരുന്നത് വിപണിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. മാർച്ച് മാസത്തിലെ ആദ്യ നാല് വ്യാപാര ദിനങ്ങളിൽ മാത്രം ഏകദേശം 21,829 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. ഇതിൽ ആദ്യ ആഴ്ചയിലെ മാത്രം കണക്ക് 16,000 കോടി രൂപയോളമാണ്. യുദ്ധം മൂലമുള്ള അനിശ്ചിതത്വം, ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വർധനവ്, രൂപയുടെ മൂല്യത്തകർച്ച എന്നിവ ഇന്ത്യൻ വിപണിയെ കൂടുതൽ ദുർബലമാക്കുന്നതിനാൽ, സാഹചര്യം മെച്ചപ്പെടാതെ വിദേശ നിക്ഷേപകർ വിപണിയിലേക്ക് തിരിച്ചെത്താൻ സാധ്യതയല്ല
ആഗോള വിപണികളിലെ തകർച്ച
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതിനെത്തുടർന്ന് ഏഷ്യൻ ഓഹരി വിപണികളിൽ വൻ തകർച്ചയാണ് രേഖപ്പെടുത്തിയത്. ജപ്പാനിലെ നിക്കി 225 ആറ് ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ ദക്ഷിണ കൊറിയയുടെ കോസ്പി എട്ട് ശതമാനത്തോളം താഴേക്ക് പതിച്ചു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് മൂന്ന് ശതമാനവും ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് ഒരു ശതമാനത്തിലധികം നഷ്ടവും നേരിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് വിപണിയായ നാസ്ഡാക്കും യൂറോപ്യൻ വിപണികളായ എഫ്ടിഎസ്ഇ, സിഎസി, ഡാക്‌സ് എന്നിവയും കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ ആഗോള തരംഗമാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്.