ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയുടെ ആഘാതത്തിലാണ് ഇന്ത്യ. അധിക തീരുവ തീരുമാനം രാജ്യത്തെ ഏതൊക്കെ മേഖലയിൽ എങ്ങനെയൊക്കെ ബാധിക്കുമെന്ന കാര്യത്തിൽ വിശകലനം നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കുന്നതിൽ മുൻപന്തിയിലുള്ള ഇന്ത്യൻ കമ്പനിയുടെ പേര് പുറത്തുവരുന്നത്.
റഷ്യൻ ക്രൂഡോയിൽ വാങ്ങിക്കുന്നതിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തുള്ളത് റിലയൻസ് ഇൻഡസ്ട്രീസ് ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 2025 മാർച്ച് വരെയുള്ള വാർഷിക റിപ്പോർട്ടിൽ മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്ര സംഘർഷങ്ങളും, ഷിപ്പിങ് റൂട്ടുകളിലെ മാറ്റവും, ഒപെക്, ഒപെക് ഇതര ഉൽപാദന തീരുമാനങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില അസ്ഥിരമായി തുടരുകയാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. എന്നാൽ യുഎസിന്റെ താരിഫ് ഏർപ്പെടുത്തിയ തീരുമാനത്തെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല.
ഇറാഖ്, സൗദി അറേബ്യ എന്നിവയടക്കമുള്ള മിഡിൽ ഈസ്റ്റായിരുന്നു ഇന്ത്യയുടെ പ്രധാന എണ്ണ സ്രോതസ്. എന്നാൽ 2022 ഫെബ്രുവരിയിൽ റഷ്യ യുക്രൈൻ ആക്രമിച്ചതോടെയാണ് കാര്യങ്ങൾ മാറിയത്.
യുക്രൈനിൽ റഷ്യ നടത്തിയ കടന്നുകയറ്റത്തിനോടുള്ള എതിർപ്പ് മൂലം പശ്ചാത്യ ലോകം റഷ്യൻ ഓയിലിന് വിലക്കേർപ്പെടുത്തിയതോടെ റഷ്യൻ ഓയിലിന് വിലകുറഞ്ഞു. ഇതോടെ ചൈനക്കും യുഎസിനും ശേഷം ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതിയുള്ള രാജ്യമായ ഇന്ത്യ പൊടുന്നനെ വിലകുറഞ്ഞ റഷ്യൻ ഓയിൽ വാങ്ങിക്കുന്നതിലേക്ക് തിരിഞ്ഞു.
ഇന്ത്യക്കുമേൽ 25 ശതമാനം അധിക തീരുവ ചുമത്തി ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന വസ്തുക്കൾക്ക് നിലവിൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് ട്രംപ് പറയുന്ന കാരണവും ഇതാണ്. റഷ്യയിൽ നിന്നും തുടർച്ചയായി ഓയിൽ വാങ്ങിച്ചുവെന്നതിന് ട്രംപ് ചുമത്തിയിരിക്കുന്ന അധിക തീരുവ വസ്ത്രവ്യാപാരത്തെയും, സമുദ്രോൽപന്നങ്ങളുടെയും ലെതറിന്റെയും കയറ്റുമതിയെയും സാരമായി തന്നെ ബാധിക്കാനിടയുണ്ട്.
റഷ്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ഏർപ്പെടുത്തുന്നതടക്കമുള്ള കനത്ത നടപടികൾ ഇന്ത്യക്ക് മാത്രമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. റഷ്യയിൽ നിന്നും ഇറക്കുമതി നടത്തുന്ന മറ്റു പ്രധാന രാജ്യങ്ങളായ ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കെതിരെ നിലവിൽ നടപടിയൊന്നുമുണ്ടായിട്ടില്ല. ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയപ്പോൾ ചൈനക്ക് 30 ശതമാനവും, തുർക്കിക്ക് 15 ശതമാനവും മാത്രമാണ് നിലവിൽ തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്.