ഇറാനിയല്‍ യുദ്ധക്കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചു, രക്ഷാപ്രവര്‍ത്തനം നടത്തി -നാവികസേന

'നാവികസേനക്ക് സന്ദേശം ലഭിച്ചയുടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. കപ്പലുകളും എയര്‍ക്രാഫ്റ്റും അയച്ചു'

Update: 2026-03-05 16:44 GMT

ഐആര്‍ഐഎസ് ദേന (ഫയൽ ഫോട്ടോ)

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ തീരത്ത് യുഎസ് അന്തര്‍വാഹിനിയുടെ ടോര്‍പിഡോ ആക്രമണത്തില്‍ തകര്‍ന്ന ഇറാന്റെ യുദ്ധക്കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചിരുന്നെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും ഇന്ത്യന്‍ നാവികസേന. ഇതുസംബന്ധിച്ച് നാവികസേന പ്രസ്താവനയിറക്കി. കപ്പല്‍ ആക്രമണത്തെ ഇന്ത്യ അപലപിച്ചില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് നാവികസേനയുടെ വിശദീകരണക്കുറിപ്പ്.

കൊളംബോയിലെ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററിലാണ് അപായ സന്ദേശം ലഭിച്ചത്. ശ്രീലങ്കയിലെ ഗാലെ തുറമുഖത്തിന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇറാന്റെ ഐആര്‍ഐഎസ് ദേന യുദ്ധക്കപ്പലുണ്ടായിരുന്നത്. ലങ്കയുടെ ഉത്തരവാദിത്തമുള്ള പ്രത്യേക അധികാര മേഖലയിലായിരുന്നു കപ്പല്‍. ഇന്ത്യന്‍ നാവിക സേനക്ക് സന്ദേശം ലഭിച്ചയുടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. നാവികസേനയുടെ ലോങ് റേഞ്ച് പട്രോള്‍ എയര്‍ക്രാഫ്റ്റിനെ മേഖലയിലേക്ക് അയച്ചു. ലൈഫ് റാറ്റ്‌സുകള്‍ അടങ്ങിയ മറ്റൊരു എയര്‍ക്രാഫ്റ്റിനെ സജ്ജമാക്കി വെച്ചു. മേഖലയിലുണ്ടായിരുന്ന ഐഎന്‍എസ് തരംഗിണി കപ്പലിനെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചു. കൂടാതെ, കൊച്ചിയില്‍ നിന്ന് ഐഎന്‍എസ് ഇക്ഷക് കപ്പലിനെയും എത്തിച്ചു. ഇത് മേഖലയില്‍ തുടര്‍ന്ന് കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയാണെന്നും നാവികസേന അറിയിച്ചു.

Advertising
Advertising

കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ നാവികസേനയുടെ ഐആര്‍ഐഎസ് ദേന യുദ്ധക്കപ്പല്‍ യുഎസ് തകര്‍ത്തത്. വിശാഖപട്ടണത്ത് നടന്ന മിലാന്‍ 2026 നാവികാഭ്യാസത്തിലും ഇന്റര്‍നാഷണല്‍ ഫ്‌ലീറ്റ് റിവ്യൂവിലും പങ്കെടുത്ത് മടങ്ങുകയായിരുന്നു കപ്പല്‍. നാവികരും ജീവനക്കാരുമുള്‍പ്പെടെ 180 പേര്‍ കപ്പലിലുണ്ടായിരുന്നു. ഇതില്‍ 87പേര്‍ കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ നേവി 32 പേരെ രക്ഷപ്പെടുത്തി. 60ഓളം പേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫെബ്രുവരി 19മുതല്‍ 25 വരെ വിശാഖപട്ടണത്ത് നടന്ന മിലാന്‍ നാവികാഭ്യാസത്തില്‍ അമേരിക്കയും ഇറാനും ഉള്‍പ്പെടെ 18 രാജ്യങ്ങളിലെ യുദ്ധക്കപ്പലുകള്‍ പങ്കെടുത്തിരുന്നു. 

ഇറാനിയന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ യുഎസ് ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടുത്ത ക്രൂരതയാണ് അമേരിക്ക കാണിച്ചതെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്സില്‍ കുറിച്ചു. 'ഇന്ത്യന്‍ അതിഥികളായിരുന്ന 130 നാവികരുമായി വരികയായിരുന്ന ഫ്രിഗേറ്റ് ദേനയെ മുന്നറിയിപ്പൊന്നും കൂടാതെയാണ് അന്താരാഷ്ട്ര ജലാശയത്തില്‍ ആക്രമിച്ചത്. ഇക്കാര്യം ഓര്‍ത്തുവെച്ചോളൂ, ഈ ക്രൂരതയ്ക്ക് യുഎസ് പശ്ചാത്തപിക്കേണ്ടിവരും' -അരാഗ്ചി കുറിച്ചു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News