എത്താനാകുക ചാർട്ടേഡ് ബോട്ടിലോ സീപ്ലെയിനിലോ മാത്രം; സൗദിയിൽ രണ്ട് ആഡംബര വില്ലകൾ വാങ്ങി ക്രിസ്റ്റ്യാനോയും പങ്കാളിയും
1.55 കോടി റിയാലാണ് വില്ലകളുടെ പ്രാരംഭ വില
റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും സൗദി അറേബ്യയിൽ രണ്ട് ആഡംബര വില്ലകൾ വാങ്ങിയതായി റിപ്പോർട്ട്. 1.55 കോടി സൗദി റിയാൽ (31 ലക്ഷം പൗണ്ട്) ആണ് വില്ലകളുടെ പ്രാരംഭ വില. എന്നാൽ റൊണാൾഡോ തന്റെ രണ്ട് വില്ലകൾക്കും എത്ര പണം നൽകിയെന്ന വിവരം പുറത്തുവന്നിട്ടില്ല.
സൗദിയുടെ മെയിൻലാൻഡിൽനിന്ന് ഏകദേശം 26 കിലോമീറ്റർ അകലെ റിറ്റ്‌സ്-കാൾട്ടൺ റിസർവ് റെസിഡൻസായ നുജുമയിലാണ് വില്ലകൾ വാങ്ങിയത്. സൗദിയുടെ പടിഞ്ഞാറൻ തീരത്തായി ചാർട്ടേഡ് ബോട്ടിലോ സീപ്ലെയിനിലോ മാത്രം എത്തിച്ചേരാവുന്ന പ്രദേശമാണിത്. 19 അൾട്രാ-പ്രൈവറ്റ് വില്ലകൾ മാത്രമുള്ള ഈ റിസോർട്ട് ലോകോത്തര രൂപകൽപ്പനയോടെ പ്രകൃതിരമണീയ അന്തരീക്ഷത്തിലാണ് നിർമിച്ചിരിക്കുന്നത്. പ്രദേശത്തിന്റെ പ്രത്യേകതയും സ്വകാര്യതയുമാണ് ദമ്പതിമാരെ ആകർഷിച്ചത്.
ശതകോടീശ്വര ക്ലബ്ബിലെ ആദ്യ ഫുട്ബോൾ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറിയ ശേഷമുള്ള ആദ്യ വമ്പൻ പർച്ചേസാണിത്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്സ് പ്രകാരം 1.4 ബില്യൺ ഡോളറാണ് പോർച്ചുഗീസ് താരത്തിന്റെ ആസ്തി. സൗദി അറേബ്യയിലെ അൽനസ്റുമായുള്ള വമ്പൻ കരാറാണ് റൊണാൾഡോയെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. ജൂണിൽ അൽനസറുമായി 400 ദശലക്ഷത്തിലധികം ഡോളറിന്റെ പുതിയ കരാറിൽ താരം ഒപ്പിട്ടിരുന്നു. 2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെത്തിയത്.