'അറബ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം'; അപലപിച്ച് അറബ് പാർലമെന്റ് സ്പീക്കർ
സ്വയം പ്രതിരോധത്തിനായി സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു
റിയാദ്: വിവിധ അറബ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അറബ് പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബിൻ അഹമ്മദ് അൽ യമാഹി. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൻ്റെയും നഗ്നമായ ലംഘനമാണ് ഈ ആക്രമണങ്ങളെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാൻ്റെ നടപടികൾ പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണ്. ജനവാസ കേന്ദ്രങ്ങളെയും സിവിലിയൻ സ്ഥാപനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് അൽ യമാഹി ചൂണ്ടിക്കാട്ടി.
അറബ് രാജ്യങ്ങളുടെ സുരക്ഷ പ്രധാനമാണ്. ഏതെങ്കിലും ഒരു അറബ് രാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവൻ അറബ് രാഷ്ട്രങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അയൽപക്ക ബന്ധത്തിലെ മര്യാദകൾ പാലിക്കണമെന്നും അറബ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിച്ചുകൊണ്ട് ശത്രുതാപരമായ എല്ലാ നടപടികളും ഇറാൻ ഉടനടി അവസാനിപ്പിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിലും സ്വന്തം രാജ്യത്തെ സംരക്ഷിക്കുന്നതിലും അറബ് സൈന്യങ്ങൾ കാണിക്കുന്ന ജാഗ്രതയെയും കാര്യക്ഷമതയെയും അദ്ദേഹം പ്രശംസിച്ചു. സ്വയം പ്രതിരോധത്തിനുള്ള അവകാശമുപയോഗിച്ച് സുരക്ഷ ഉറപ്പാക്കാൻ രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും അറബ് പാർലമെൻ്റിൻ്റെ പൂർണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.