സൗദിയിൽ 13,500 വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രം
പുതിയ കണ്ടെത്തലുമായി സൗദി ഹെറിറ്റേജ് കമ്മീഷൻ
Update: 2026-03-17 12:30 GMT
റിയാദ്: സൗദിയിൽ ഏകദേശം 13,500 വർഷം പഴക്കമുള്ള മനുഷ്യവാസ കേന്ദ്രം കണ്ടെത്തി. സൗദി ഹെറിറ്റേജ് കമ്മീഷനാണ് വടക്കൻ അറേബ്യയിലെ ആദ്യകാല മനുഷ്യവാസ കേന്ദ്രത്തിന്റെ തെളിവുകൾ പുറത്തുവിട്ടത്. 'വടക്കൻ അറേബ്യൻ മരുഭൂമിയിലെ നത്വൂഫിയൻ എപ്പിപാലിയോലിത്തിക് ആൻഡ് പ്രീ-പോട്ടറി നിയോലിത്തിക്' എന്ന തലക്കെട്ടിൽ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ശാസ്ത്രീയ പഠനത്തിലാണ് വെളിപ്പെടുത്തൽ.
ഹാഇൽ പ്രവിശ്യയിലെ സാഹൂത്ത് പുരാവസ്തു സ്ഥലത്ത് നടത്തിയ വിപുല ഖനനങ്ങളുടെയും ശാസ്ത്രീയ വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. അർനാൻ, അൽമിസ്മ പർവതങ്ങൾക്കിടയിലുള്ള നഫൂദ് മരുഭൂമിയുടെ തെക്കേ അറ്റത്താണ് ഈ പുരാവസ്തു സ്ഥലം.
കണ്ടെത്തിയ പുരാവസ്തുക്കൾ നത്വൂഫിയൻ സംസ്‌കാരവുമായി അടുത്ത ബന്ധമുള്ളതാണെന്നും മരുഭൂമിയിലെ പരിസ്ഥിതികളുമായി പൊരുത്തപ്പെടാൻ കഴിവുള്ള മനുഷ്യ സമൂഹങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നുവെന്നും പുരാവസ്തു ഗവേഷകർ പറഞ്ഞു. ഏകദേശം 10,300 നും 8,700 നും ഇടയിൽ പഴക്കമുള്ള പിൽക്കാല കുടിയേറ്റ ഘട്ടവും കണ്ടെത്തിയതായും വ്യക്തമാക്കി.