സൗദിയിൽ ബുധനാഴ്ച ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം
Update: 2026-03-16 12:04 GMT
ജിദ്ദ: സൗദിയിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതിയുടെ ആഹ്വാനം. റമദാൻ 29ന് അതായത് മാർച്ച് 18 ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. നഗ്‌നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ ഉപയോഗിച്ചോ ചന്ദ്രക്കല കാണുന്നവർ എത്രയും വേഗം അടുത്തുള്ള കോടതിയിൽ വിവരം അറിയിക്കണമെന്നും സാക്ഷ്യം രേഖപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.
വിവിധ പ്രദേശങ്ങളിൽ ഇതിനായി രൂപീകരിച്ചിട്ടുള്ള പ്രത്യേക സമിതികളിൽ ചേരാൻ താൽപ്പര്യമുള്ളവർക്കും അവസരമുണ്ടാകും. പുണ്യകരമായ ഈ പ്രവൃത്തിയിൽ പങ്കാളികളാകുന്നത് സമൂഹത്തിന് വലിയ പ്രയോജനം ചെയ്യുമെന്നും പുണ്യപ്രവൃത്തികളിൽ പരസ്പരം സഹകരിക്കുക എന്നത് വിശ്വാസിയുടെ കടമയാണെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു. ഫെബ്രുവരി 18നായിരുന്നു ഈ വർഷത്തെ റമദാൻ വ്രതം ആരംഭിച്ചത്.