ജിസാനിൽ വൻ മയക്കുമരുന്ന് വേട്ട; യമൻ, എത്യോപ്യൻ സ്വദേശികളായ14 പേർ പിടിയിൽ
299 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു
റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ അതിർത്തി സുരക്ഷാ സേന നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഹാഷിഷും ഖാത്തും ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ കടത്താൻ ശ്രമിച്ച യമൻ, എത്യോപ്യൻ സ്വദേശികളായ14 പേരാണ് പിടിയിലായത്. ജിസാൻ മേഖലയിലെ അൽ ദായർ സെക്ടറിൽ നടത്തിയ ലാന്റ് പട്രോളിങ്ങിനിടെയാണ് പ്രതികൾ വലയിലായത്. ഇവരിൽ നിന്ന് 252 കിലോ ഖാത്ത്, 47 കിലോ ഹാഷിഷ് എന്നിങ്ങനെ 299 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. പ്രതികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി. പിടിച്ചെടുത്ത ലഹരിമരുന്നുകൾ സഹിതം അവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അധികൃതർ അറിയിച്ചു.
മയക്കുമരുന്ന് കടത്തോ വിതരണമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് സുരക്ഷാ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിത്വം തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിലുള്ളവർ 911 എന്ന അടിയന്തര നമ്പറിലും മറ്റു മേഖലകളിലുള്ളവർ 999 എന്ന നമ്പറിലും ബന്ധപ്പെടണമെന്നാണ് നിർദേശം. ബോർഡർ ഗാർഡ് ഡയറക്ടറേറ്റ് നമ്പറായ 994, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ നമ്പറായ 995 എന്ന നമ്പറുകളിലും ബന്ധപ്പെടാം.