സൗദിയിൽ വിസാകാലാവധിക്ക് ശേഷം തങ്ങാനാവില്ല; നാടുകടത്തൽ ഉൾപ്പെടെ കർശന നടപടി

നിലവിൽ ഇളവുകൾ ഇല്ലെന്ന് മന്ത്രാലയം

Update: 2026-03-14 16:10 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദിയിൽ വിസാകാലാവധിക്ക് ശേഷം തങ്ങുന്നവർക്കെതിരെ ഡീപോർട്ടേഷൻ ഉൾപ്പെടെ കർശന നടപടികളുമായി മന്ത്രാലയം. ഉംറ കമ്പനികൾക്ക് കനത്ത പിഴ ഈടാക്കി തുടങ്ങിയതോടെ കമ്പനികൾ അധികമായി തങ്ങുന്നവർക്കെതിരെ നടപടികൾ എടുക്കുന്നുണ്ട്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ ഇളവുകൾ ഒന്നും അധികൃതർ പ്രഖ്യാപിച്ചിട്ടില്ല. യുഎഇ, ബഹ്റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ വിസ ഇളവ് മനസ്സിലാക്കിയാണ് പലരും രാജ്യത്ത് തങ്ങുന്നത്.

വിവിധ വിസിറ്റിങ് വിസകളിലും ഉംറ വിസയിലും എത്തി കാലാവധി കഴിഞ്ഞ് മടങ്ങാത്ത തീർത്ഥാടകർക്കാണ് ഇത്തരത്തിൽ പ്രയാസങ്ങൾ നേരിടുക. പിന്നീട് നാട്ടിൽ എത്തണമെങ്കിൽ ഡിപോട്ടേഷൻ സെൻറർ വഴി മടങ്ങേണ്ടിവരും. ഫിങ്കർ നൽകി മടങ്ങുന്നവർക്ക് പിന്നീട് രാജ്യത്തേക്ക് തിരിച്ചെത്താൻ കഴിയാതെ വരികയും ചെയ്യും. വ്യക്തികളുടെ കീഴിൽ വന്ന ഉംറ വിസക്കാർ അധികമായി സൗദിയിൽ തങ്ങിയാൽ നടപടി ഉണ്ടാവുക വ്യക്തികൾക്കാണ്. ഇക്കാര്യം ഉംറ മേഖലയിൽ ഉള്ളവരും മുന്നറിയിപ്പ് നൽകുന്നു.

ഏതാനും വിമാനങ്ങൾ ക്യാൻസലാകുവുന്നതൊഴിച്ചാൽ നിലവിൽ രാജ്യത്തുനിന്നുള്ള വിമാന സർവീസിനെ യുദ്ധം കാര്യമായി ബാധിച്ചിട്ടില്ല. ജിദ്ദയിൽ നിന്ന് കേരളത്തിലേക്കുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്കും സർവീസുകൾ തുടരുന്നുണ്ട്. ക്യാൻസൽ ആയ ഫ്ലൈറ്റുകളുടെ ടിക്കറ്റുകൾ മറ്റു ദിവസങ്ങളിലേക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യം ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങളും വിമാന കമ്പനികൾ നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ ആകാശ എയർ ഉൾപ്പെടെ വിമാന കമ്പനികൾ പുതിയ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News