ഹറമിൽ അപകടകരമായ രീതിയിൽ പ്രാർഥന നടത്തിയ ആൾക്കെതിരെ നിയമനടപടി
സുരക്ഷാക്രമീകരണങ്ങൾ പാലിക്കണമെന്ന് നിർദേശം
Update: 2026-03-18 11:56 GMT
റിയാദ്; ഹറമിൽ അപകടകരമായ രീതിയിൽ പ്രാർഥന നടത്തിയയാൾക്കെതിരെ നടപടിയുമായി ഹജ്ജ് ഉംറ സുരക്ഷാസേന. സ്വന്തം ജീവൻ അപകടത്തിലാക്കുകയും ഹറമിലെ സുരക്ഷാ ക്രമീകരണങ്ങൾ ലംഘിക്കുകയും ചെയ്തതിനെത്തുടർന്നാണ് ഇയാൾക്കെതിരെ നിയമനടപടി.
ഹറമിലെ ഒരു ഇടനാഴിയിലെ ഉയരത്തിലുള്ള ഗ്ലാസ് മറക്ക് മുകളിൽ കയറി ഇഹ്‌റാം ധരിച്ച ഒരാൾ നമസ്കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മറ്റു തീർഥാടകർ ഇയാളോട് താഴെ ഇറങ്ങാൻ വിളിച്ചുപറയുന്നത് വീഡിയോയിൽ കാണാമായിരുന്നു. തീർഥാടകരുടെ സുരക്ഷക്കായി ഹറമിനുള്ളിൽ നമസ്കാരത്തിനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് പബ്ലിക് സെക്യൂരിറ്റി പറഞ്ഞു.