ബി.ജെ.പി ഭാരവാഹികളുടെ യോഗം ഡൽഹിയിൽ ആരംഭിച്ചു; അധ്യക്ഷനായി അമിത് ഷാ തുടർന്നേക്കും

സംഘടനാ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ അമിത് ഷായുടെ സഹായിയായി വര്‍ക്കിങ് പ്രസിഡന്‍റിനെ നിയമിച്ചേക്കും

Update: 2019-06-13 08:01 GMT
Advertising

സംഘടനാ തിര‍ഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഭാരവാഹികളുടെ രണ്ട് ദിവസത്തെ യോഗം ഡൽഹിയിൽ ആരംഭിച്ചു. ഡിസംബറില്‍ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ അധ്യക്ഷനായി അമിത് ഷാ തുടർന്നേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവും യോഗം വിലയിരുത്തും.

അംഗത്വ വിതരണത്തില്‍ തുടങ്ങി പ്രദേശിക തലം മുതല്‍ സംസ്ഥാനത്തെയും ദേശീയതലത്തിലെയും നേതൃനിരയെ തിരഞ്ഞെടുക്കുന്നത് വരെ നീളുന്ന സംഘടന തിരഞ്ഞെടുപ്പ് നടപടിക്രമത്തിന് മുന്നോടിയായാണ് യോഗം. ഇന്ന് സംസ്ഥാന അധ്യക്ഷൻമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരും ദേശീയ ഭാരവാഹികളുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ സംഘടന തെരഞ്ഞെടുപ്പ് സംസ്ഥാന നേതാക്കളുടെ യോഗത്തിൽ ചർച്ചയാകും. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് തുടരനാണ് സാധ്യത.ഈ സംസ്ഥാനങ്ങളെ സംഘടന തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംഘടനാ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ അമിത് ഷായുടെ സഹായിയായി വര്‍ക്കിങ് പ്രസിഡന്‍റിനെ നിയമിച്ചേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഒഴിവുവന്ന നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തിൽ ചർച്ചയാവും. നേതൃമാറ്റം വേണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പ് കഴിയും വരെ മാറ്റത്തിന് സാധ്യതയില്ല.

Tags:    

Similar News