മാറ്റമില്ല; രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

കൂടുതല്‍ നേതാക്കള്‍ രാജി പ്രഖ്യാപിച്ചതോടെ പ്രവർത്തക സമിതി അംഗങ്ങള്‍ക്കും രാജി സമ്മർദ്ദമേറി.

Update: 2019-07-01 14:49 GMT
Advertising

കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് രാഹുൽ ഗാന്ധി. ഡൽഹിയിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുൽ നിലപാട് ആവർത്തിച്ചത്.

കൂടുതല്‍ നേതാക്കള്‍ രാജി പ്രഖ്യാപിച്ചതോടെ പ്രവർത്തക സമിതി അംഗങ്ങള്‍ക്കും രാജി സമ്മർദ്ദമേറി. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് അധ്യക്ഷ പദവി ഒഴിയാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി അറിയിച്ചിട്ട് ഒരു മാസമായി. ഈ സാഹചര്യത്തിലാണ് സമ്മർദവുമായി കോൺഗ്രസ് മുഖ്യമന്ത്രിമാരെത്തിയത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പഞ്ചാബ്, പുതുച്ചേരി മുഖ്യമന്ത്രിമാരാണ് ഒരുമിച്ചെത്തിയത്. പക്ഷെ ഫലമുണ്ടായില്ല. രാജിയിൽ ഉറച്ചുനിന്ന രാഹുല്‍, ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാളെ അധ്യക്ഷനാക്കണമെന്ന് ആവര്‍ത്തിച്ചു.

തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പദം ഒഴിയാന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അശോക് ഗെലോട്ടും കമൽ നാഥും പ്രതികരിച്ചു. പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം ആവശ്യപ്പെട്ട് എ.ഐ.സി.സി ആസ്ഥാനത്തിനു മുന്നിലും രാഹുലിന്റെ വസതിക്ക് മുന്നിലും പ്രവർത്തകർ നിരാഹാര സമരം നടത്തി.

Tags:    

Similar News