ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നില്ല, അമിത് ഷാ ഇവിടെ കുറച്ച് നാള്‍ താമസിച്ചാല്‍ ബോധ്യമാവും; ബംഗ്ലാദേശ് വിദേശകാര്യമന്ത്രി 

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ രൂക്ഷവിമര്‍ശവുമായി ബംഗ്ലാദേശ്.

Update: 2019-12-12 07:58 GMT
Advertising

പൗരത്വബിൽ മതനിരപേക്ഷ രാജ്യമെന്ന ഇന്ത്യയുടെ പ്രതിഛായ ഇല്ലാതാക്കുമെന്ന് ബംഗ്ലാദേശ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരെടുത്ത് പറഞ്ഞായിരുന്നു ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുല്‍ മോമന്റെ പ്രതികരണം.

ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അബ്ദുൾ മോമൻ. അത് മനസിലാകണമെങ്കിൽ അമിത് ഷാ കുറച്ചു നാൾ ബംഗ്ലാദേശിൽ താമസിക്കണം. പൗരത്വ ഭേദഗതി ബിൽ മതനിരപേക്ഷ രാജ്യമെന്ന ഇന്ത്യയുടെ പ്രതിഛായ ഇല്ലാതാക്കുമെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി വ്യക്തമാക്കി.

ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് ഇന്നലെ ബില്‍ അവതരണ വേളയില്‍ അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. അവരെ സംരക്ഷിക്കാന്‍ കൂടിയാണ് ഈ ബില്ലെന്ന അമിത് ഷാ പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിഷേധക്കാര്‍ അസമില്‍ രണ്ട് റെയില്‍വേ സ്റ്റേഷന് തീയിട്ടു. അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ രാത്രി കല്ലേറുണ്ടായി. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് അര്‍ധസൈനിക വിഭാഗത്തിന് പുറമെ സൈന്യത്തെ കൂടി വിന്യസിച്ചേക്കും. ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തെക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. വ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി അസമിലെ പത്ത് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി.

Tags:    

Similar News