ഷാഹീന്‍ ബാഗ് സമരപ്പന്തലില്‍ കടക്കാനുള്ള പോലിസ് ശ്രമം പ്രക്ഷോഭകര്‍ തടഞ്ഞു

റിപ്പബ്‌ളിക് ദിനത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ദേശീയ പതാക ഉയര്‍ത്താനായി ഷാഹീന്‍ ബാഗില്‍ എത്തിയതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന

Update: 2020-01-27 14:30 GMT
Advertising

ഷാഹീന്‍ ബാഗ് സമരപ്പന്തലില്‍ കടക്കാനുള്ള പോലിസ് ശ്രമം പ്രക്ഷോഭകര്‍ റോഡിലിറിങ്ങി തടഞ്ഞു. ദേശീയ മാധ്യമ സംഘത്തോടൊപ്പമാണ് പോലിസ് എത്തിയതെങ്കിലും ധര്‍ണ നടത്തുന്ന സ്ത്രീകള്‍ മാധ്യമപ്പടയെ അകത്തു കടക്കാന്‍ അനുവദിച്ചില്ല. സീ ടിവി, ന്യൂസ് നാഷന്‍, ടൈംസ് നൗ, റിപ്പബ്‌ളിക് തുടങ്ങിയ ചാനലുകള്‍ക്ക് സമ്മേളന പന്തലിലേക്ക് കടക്കാനാവാതെ തിരിച്ചുപോകേണ്ടിവന്നു.

അടുത്ത മാസം അസംബ്‌ളി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ മാധ്യം ശ്രദ്ധ നേടാനാരംഭിച്ച ഷാഹീന്‍ബാഗ് സമരം ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുകയാണ്. റിപ്പബ്‌ളിക് ദിനത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ദേശീയ പതാക ഉയര്‍ത്താനായി ഷാഹീന്‍ ബാഗില്‍ എത്തിയതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. സമരപ്പന്തലില്‍ ജെ.എന്‍.യു കൗണ്‍സിലര്‍ അഫ്‌റീന്‍ ഫാത്തിയ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്ന ആരോപണവുമായി ബി.ജെ.പി വക്താവ് സംഭീത് പത്ര വാര്‍ത്താ സമ്മേളനം നടത്തിയതിനു പിന്നാലെയാണ് മാധ്യമപ്പട ഷാഹീന്‍ ബാഗിലെത്തിയത്. സമരക്കാരുമായി സംസാരിക്കണമെന്ന് ബാരിക്കേഡിനു പുറത്തു നിന്നും മാധ്യമപ്രവര്‍ത്തകരും ഒപ്പമുള്ള പോലിസും ആവശ്യപ്പെട്ടെങ്കിലും തിരിച്ചു പോകാനുള്ള ആംഗ്യം കാണിച്ച് അവരെ മടക്കി അയക്കുകയായിരുന്നു സ്ത്രീകള്‍ ചെയ്തത്. പോലിസിനു വേണ്ടി മാധ്യമങ്ങള്‍ എത്തിയതാണോ അതോ ഇതിനകം പ്രക്ഷോഭകരുടെ രോഷം ഏറ്റുവാങ്ങിയ സുധീര്‍ ചൗധരി, ദീപക് ചൗരസ്യ മുതലായ മാധ്യമ പ്രവര്‍ത്തകര്‍ പോലിസ് സംരക്ഷണത്തോടെ സമരവേദിയിലെത്താന്‍ ശ്രമിച്ചതാണോ എന്നതു വ്യക്തമല്ല.

മോദി ഭക്തരായ മാധ്യമങ്ങളോടല്ല മോദിയും അമിത് ഷായോടുമാണ് സംസാരിക്കന്‍ താല്‍പര്യമെന്നും അവര്‍ക്ക് പന്തലിലേക്ക് വരാമെന്നും പ്രക്ഷോഭകാരികള്‍ വ്യക്തമാക്കി.

Tags:    

Similar News