പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം; ബംഗാളില്‍ 2 പേര്‍ കൊല്ലപ്പെട്ടു

പൗരത്വഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിലാണ് ബീഹാറിലെ സീതാമർഹിയിൽ 15 പേർക്ക് പരിക്കേറ്റത്

Update: 2020-01-29 13:07 GMT
Advertising

പശ്ചിമബംഗാളിലെ മുർഷിദബാദിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തില്‍ 2 പേര്‍ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. ബീഹാറില്‍ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദീര്‍ഘനാളായി ശക്തമായ പ്രതിഷേധം തുടരുന്ന ഇടമാണ് പശ്ചിമ ബംഗാളിലെ മൂര്‍ഷിദബാദ്. ഇന്ന് വിവിധ സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

ഇതിനിടയില്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ രണ്ട് സംഘമായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ട് പേരുടെ നിലഗുരുതരമായി തുടരുകയാണ്. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. സംഘർഷത്തിന് പിന്നിൽ കോൺഗ്രസ്, സി.പി.എം പ്രവർത്തകരാണെന്ന് ടി.എം.സി ആരോപിച്ചു. തിരിച്ച് ആരോപമുന്നയിച്ച് സി.പി.എമ്മും കോണ്‍ഗ്രസും രംഗത്തെത്തി.

പൗരത്വഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിലാണ് ബീഹാറിലെ സീതാമർഹിയിൽ 15 പേർക്ക് പരിക്കേറ്റത്.

മഹാരാഷ്ട്രയിൽ യവത്-മാലില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന വിവിധ സംഘടനകൾ വിളിച്ച ഭാരത് ബന്ദിനിടെയും സംഘർഷമുണ്ടായി. കട അടപിക്കാന്‍ ശ്രമിച്ച സമരക്കാര്‍ക്ക് നേരെ കടയുടമ മുളകുപൊടി വിതറി.

Tags:    

Similar News