വീണ്ടും തിരിച്ചടി; ബി.ജെ.പി എം.പിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്

അരവിന്ദ് കെജ്‌രിവാളിനെ ഇന്ത്യയോട് പോരാടുന്ന ദേശ വിരുദ്ധ ശക്തികളുമായി താരതമ്യപ്പെടുത്തിയ പര്‍വേഷ് വർമ്മ മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയെന്നും എ.എ.പിയുടെ പരാതിയില്‍ പറയുന്നു. 

Update: 2020-01-30 16:46 GMT
Advertising

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാളിനെ 'തീവ്രവാദി' എന്ന് വിളിച്ചെന്നാരോപിച്ച് ബി.ജെ.പി എം.പി പര്‍വേഷ് വർമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്. സംഭവത്തില്‍ നേരത്തെ പര്‍വേഷിനെതിരെ ആം ആദ്മി പാർട്ടി ഡല്‍ഹി ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയിരുന്നു. ബി.ജെ.പി എം.പിക്കെതിരെ നടപടിയെടുക്കണമെന്നും എഫ്‌.ഐ.ആർ രജിസ്റ്റര്‍ ചെയ്യണമെന്നും എ.എ.പി ആവശ്യപ്പെട്ടിരുന്നു.

അരവിന്ദ് കെജ്‌രിവാളിനെ ഇന്ത്യക്കെതിരെ പോരാടുന്ന ദേശ വിരുദ്ധ ശക്തികളുമായി താരതമ്യപ്പെടുത്തിയ പര്‍വേഷ് വർമ്മ മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയെന്നും എ.എ.പിയുടെ പരാതിയില്‍ പറയുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണിതെന്നും ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടി. അതേസമയം, കെജ്‍രിവാള്‍ സംയമനം പാലിച്ചുകൊണ്ടായിരുന്നു ഇതിനോട് പ്രതികരിച്ചത്. താന്‍ രാജ്യതലസ്ഥാനത്തിന്റെ മകനാണോ അതോ തീവ്രവാദിയാണോ എന്ന് ഡല്‍ഹി ജനത തീരുമാനിക്കുമെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. “ഞാൻ നിങ്ങളുടെ മകനായി അഞ്ച് വർഷമായി പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ നിങ്ങളുടെ മകനാണോ അതോ തീവ്രവാദിയാണോ എന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം നിങ്ങള്‍ക്ക് വിടുന്നു,” അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

"കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഈ ആളുകൾ എന്നെ കഷ്ടപ്പെടുത്തുകയല്ലാതെ വേറെ ഒന്നും ചെയ്തില്ല. എന്റെ വസതിയിലും ഓഫീസിലും റെയ്ഡുകൾ നടന്നിട്ടുണ്ട്. വിവിധ കുറ്റങ്ങളും കേസുകളും എനിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഞാൻ ഇന്നലെ എന്റെ വീട്ടിലേക്ക് പോയപ്പോൾ, എന്റെ മാതാപിതാക്കൾ എന്നെ കാത്തിരിക്കുകയായിരുന്നു. ഇത്തരം പ്രസ്താവനകളിൽ അവർ വളരെ നിരാശരാണ്. അവർക്ക് പറയാനുള്ളത് ഞങ്ങളുടെ മകൻ ഒരു ദേശസ്‌നേഹിയാണെന്നും തീവ്രവാദിയല്ലെന്നുമാണ് " കെജ്‍രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ഓരോ കുടുംബത്തിനും മകനാകാനും കുടുംബങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും താൻ ശ്രമിച്ചിട്ടുണ്ടെന്നും കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News