വീട്ടുതടങ്കലിലായിരുന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് മോചനം

കഴിഞ്ഞ ഏഴ് മാസമായി വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഫാറൂഖ് അബ്ദുള്ള ജമ്മുകശ്മീരില്‍ വീട്ടുതടങ്കലിലായത്.

Update: 2020-03-13 10:31 GMT
Advertising

വീട്ടുതടങ്കലിലായിരുന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ മോചിപ്പിച്ചു. പൊതുസുരക്ഷാനിയമം ചുമത്തിയാണ് ഫാറൂഖ് അബ്ദുല്ലയെ തടവിലാക്കിയിരുന്നത്. കഴിഞ്ഞ ഏഴുമാസമായി വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഫാറൂഖ് അബ്ദുള്ള ജമ്മുകശ്മീരില്‍ വീട്ടുതടങ്കലിലായത്.

മൂന്നു തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നിലവില്‍ ലോക്‌സഭാംഗവുമാണ് ഫാറൂഖ് അബ്ദുല്ല. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഓഗസ്റ്റ് 5 മുതലാണ് അദ്ദേഹം വീട്ടുതടങ്കലിലായത്. മോചനത്തിനായുള്ള ഉത്തരവ് പുറത്തിറങ്ങി. ഉടൻ തന്നെ അദ്ദേഹത്തെ മോചിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുള്ളയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുള്ളയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ ഇനിയും നീളും. ഇവരുടെ മോചനത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇരുവരും ആഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്.

പൊതുസുരക്ഷാ നിയമപ്രകാരം ഫാറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ടുവര്‍ഷംവരെ തടങ്കലില്‍ വയ്ക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് പൊതുസുരക്ഷാ നിയമം. ഫാറൂഖ് അബ്ദുല്ലയുടെ പിതാവായ ഷെയ്ഖ് അബ്ദുല്ലയുടെ ഭരണകാലത്താണ് ഈ നിയമം ആദ്യമായി കശ്മീരില്‍ നടപ്പാക്കിയത്. അതേസമയം വീട്ടുതടങ്കലില്‍ തുടരുന്ന അദ്ദേഹത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നില്ല.

സബ് ജയിലായി പ്രഖ്യാപിക്കപ്പെട്ട ശ്രീനഗറിലെ വസതിയിലായിരുന്നു അദ്ദേഹം. വീട്ടുതടങ്കലില്‍ കഴിയവെ തന്നെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കത്ത് പുറത്തുവന്നിരുന്നു. അബ്ദുല്ലയെ തടവിലാക്കിയ നടപടിക്കെതിരെ പ്രതിപക്ഷം ഒന്നാകെ രംഗത്തെത്തിയിരുന്നു. കശ്മീരിൽ തടവിലുള്ള മുഴുവൻ നേതാക്കളെയും മോചിപ്പിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

Tags:    

Similar News