ഞാന്‍ വന്നിരിക്കുന്നത് കൊറോണയുമായിട്ടാണ്; ഭീതി പടര്‍ത്തുന്ന കുറിപ്പുമായി കറന്‍സി നോട്ടുകള്‍, ആശങ്കയോടെ ബിഹാറിലെ സഹാര്‍സവാസികള്‍

20,50,100 എന്നീ നോട്ടുകള്‍ക്കൊപ്പമാണ് കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്

Update: 2020-04-12 13:35 GMT
Advertising

കൊറോണ വൈറസ് നാശം വിതച്ചുകൊണ്ടിരിക്കുമ്പോള്‍ പൊതുജനങ്ങളില്‍ കൂടുതല്‍ ഭയാശങ്കകള്‍ സൃഷ്ടിക്കുന്ന ഒന്നാണ് വ്യാജവാര്‍ത്തകള്‍ അല്ലെങ്കില്‍ അത്തരത്തിലുള്ള സന്ദേശങ്ങള്‍. അത്തരത്തിലൊരു സന്ദേശത്തിന്റെ പേരില്‍ ഭീതിയുടെ മുള്‍മുനയില്‍ കഴിയുകയാണ് ബിഹാറിലെ സഹാര്‍സ എന്ന ചെറിയ നഗരത്തിലെ ആളുകള്‍. ഞാന്‍ കൊറോണയുമായിട്ടാണ് വന്നിരിക്കുന്നത് എന്നെഴുതിയ കറന്‍സി നോട്ടുകള്‍ പല വീടുകളില്‍ നിന്നും കണ്ടെടുത്തതാണ് ഇതിന് കാരണം.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഹിന്ദി പബ്ലിക്കേഷനായ ലൈവ് ഹിന്ദുസ്ഥാനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കറന്‍സി നോട്ടുകളും അതോടൊപ്പം കുറിപ്പുമാണ് കണ്ടെത്തിയത്." ഞാന്‍ കൊറോണയുമായിട്ടാണ് വന്നിരിക്കുന്നത്. എന്നെ സ്വീകരിക്കുക, അല്ലാത്ത പക്ഷം ഞാന്‍ നിങ്ങളെ ഉപദ്രവിക്കും'' എന്നാണ് കുറിപ്പിലെഴുതിയിട്ടുള്ളത്.

20,50,100 എന്നീ നോട്ടുകള്‍ക്കൊപ്പമാണ് കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. മിക്ക വീടുകളില്‍ നിന്നും കണ്ടെത്തിയ കുറിപ്പിലെ കയ്യക്ഷരം ഒന്നാണെന്നും അതുകൊണ്ട് തന്നെ ഒരാളായിരിക്കും ഇതിന് പിന്നിലെന്നും പ്രദേശവാസികള്‍ പറഞ്ഞതായി ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നോളം വീടുകളില്‍ നിന്നാണ് ഇത്തരത്തില്‍ നോട്ടുകളും കുറിപ്പുകളും കണ്ടെടുത്തത്. വെള്ളിയാഴ്ച മുതലാണ് ഇങ്ങിനെ കുറിപ്പുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

കറൻസി നോട്ടുകളിലൂടെ കൊറോണ വൈറസ് പടരുന്നതിലെ ആശങ്ക പങ്കുവെച്ച് ധനകാര്യമന്ത്രി നിർമ്മല സീതാരാമന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) കത്തയച്ചിരുന്നു.നിലവില്‍ നോട്ടിലൂടെ വൈറസ് പരക്കുമോ ഇല്ലയോ എന്നതിന് ശാസ്ത്രീയമായി തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും കറന്‍സികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളെടുക്കണമെന്ന് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശമുണ്ട്. പക്ഷേ, കറന്‍സി നോട്ടുകളുടെ ഉപയോഗം ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഇതുവരെ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല.

ബിഹാറില്‍ ഇതുവരെ 63 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരാള്‍ മരിക്കുകയും ചെയ്തു. 18 പേര്‍ കോവിഡ് രോഗമുക്തി നേടിയിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News