ഡോക്ടറുടെ മൃതദേഹം തടഞ്ഞ സംഭവം: കുടുംബ കല്ലറയില്‍ അടക്കം ചെയ്യണമെന്ന ഭര്‍ത്താവിന്റെ അന്ത്യാഭിലാഷം നിറവേറ്റണമെന്ന അപേക്ഷയുമായി ഭാര്യ

കോവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം വീണ്ടും സംസ്കരിക്കാന്‍ അനുവദിക്കണമെന്ന് ഭാര്യ. മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

Update: 2020-04-22 04:58 GMT
Advertising

കോവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം വീണ്ടും സംസ്കരിക്കാന്‍ അനുവദിക്കണമെന്ന് ഭാര്യ. മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. മൃതദേഹം സംസ്കരിയ്ക്കുന്ന പരിസരങ്ങളില്‍ രോഗം പടരുമെന്ന ഭീതിയില്‍ ഡോക്ടറുടെ മൃതദേഹം മറവുചെയ്യാന്‍ ജനങ്ങള്‍ അനുവദിച്ചിരുന്നില്ല.

കോവിഡ് 19 രോഗബാധിതരെ ചികിത്സിച്ച്, രോഗബാധിതനായി മരിച്ച ഡോക്ടര്‍ സൈമണ്‍ ഹെര്‍ക്കുലീസിന്റെ ഭാര്യ ആനന്ദി സൈമണാണ് അപേക്ഷയുമായി രംഗത്തെത്തിയത്. കില്‍പോക്കിലെ കുടുംബ കല്ലറയില്‍ അടക്കം ചെയ്യണമെന്ന ഭര്‍ത്താവിന്റെ അന്ത്യാഭിലാഷം നിറവേറ്റണമെന്ന അപേക്ഷ. രോഗികള്‍ക്കു വേണ്ടിയാണ് തന്റെ ഭര്‍ത്താവ് ജീവിച്ചത്. മൃതദേഹം സംസ്കരിയ്ക്കുന്നതിലൂടെ രോഗം പടരില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇതിന് ജനങ്ങള്‍ അനുവദിച്ചില്ല. പിന്നീട് അണ്ണാ നഗറിലാണ് സംസ്കാരം നടത്തിയത്. ആചാരപ്രകാരമുള്ള സംസ്കാരം നടത്താന്‍ അനുമതി നല്‍കണം.

ചെന്നൈയിലെ സ്വകാര്യ ക്ളിനിക്കില്‍ ന്യൂറോളജിസ്റ്റായിരുന്നു ഡോക്ടര്‍ സൈമണ്‍. രോഗികളെ ചികിത്സിച്ചതിലൂടെയാണ് കോവിഡ് ബാധിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം സംസ്കരിയ്ക്കാന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ കില്‍പോക്കില്‍ എത്തിച്ചെങ്കിലും ഇതിന് ജനങ്ങള്‍ അനുവദിച്ചില്ല. പിന്നീട് അണ്ണാ നഗറിലേയ്ക്ക് കൊണ്ടുപോയി. അവിടെ, ജനങ്ങള്‍, ആംബുലന്‍സ് അക്രമിച്ചു. ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റു. മൃതദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഡോക്ടറും ആശുപത്രിയിലെ അറ്റന്ററും ചേര്‍ന്നാണ് പിന്നീട്, ശ്മശാനത്തില്‍ സഹപ്രവര്‍ത്തനുവേണ്ടി കുഴിയൊരുക്കിയത്. അതിനുപോലും ആളുകളെ കിട്ടിയില്ല. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഡോക്ടറുടെ മൃതദേഹം സംസ്കരിച്ചത്.

കോവിഡിനെ പ്രതിരോധിയ്ക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ലോകമൊട്ടുക്കും ആദരിയ്ക്കുമ്പോഴാണ്, ഇത്രയും വലിയ അനാദരവ് ഒരു ഡോക്ടറുടെ മൃതദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. സംഭവത്തില്‍ 20 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. മൃതദേഹം സംസ്കരിയ്ക്കുന്നത് തടയാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കുമെന്ന് ചെന്നൈ സിറ്റി കമ്മിഷണര്‍ എ.കെ. വിശ്വനാഥന്‍ അറിയിച്ചു.

Tags:    

Similar News