ഖുശ്ബുവിനെ എ.ഐ.സി.സി വക്‌താവ്‌ സ്‌ഥാനത്തുനിന്ന്‌ നീക്കിയെന്ന് കോൺഗ്രസ്സ്

രാജിക്ക് പിന്നാലെ ഖുശ്ബുവിനെ എ.ഐ.സി.സി വക്‌താവ്‌  സ്‌ഥാനത്തുനിന്ന്‌ മാറ്റിയതായി കോൺഗ്രസ്സ് അറിയിച്ചു

Update: 2020-10-12 06:05 GMT
Advertising

ബി.ജെ.പിയിൽ ചേരുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെ നടി ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവെച്ചു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കാണ് ഖുശ്ബു രാജി കൈമാറിയത്. പിന്നാലെ താരത്തെ എ.ഐ.സി.സി വക്‌താവ്‌  സ്‌ഥാനത്തുനിന്ന്‌ മാറ്റിയതായി കോൺഗ്രസ്സ് അറിയിച്ചു. 

കഴിഞ്ഞ കുറച്ചു കാലമായി കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകവുമായി ഖുശ്ബു അകല്‍ച്ചയിലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിലെ അതൃപ്തിയും ഇതിനു കാരണമായിരുന്നു.

'ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാർഥ്യ ബോധമില്ലാത്തവരുമാണ് കോൺഗ്രസിന്‍റെ ഉന്നതതലങ്ങളിലിരിക്കുന്നത്, തന്നെ പോലെ ആത്മാർഥമായി പ്രവർത്തിക്കാൻ തയാറായവരെ പാർട്ടിയെ നിയന്ത്രിക്കുന്നവർ ഒതുക്കാൻ ശ്രമിക്കുകയാണ്. പണമോ പ്രശസ്തിയോ ആഗ്രഹിച്ചല്ല ഞാൻ പാർട്ടിയിലേക്ക് കടന്നുവന്നത്.

ഏറെക്കാലത്തെ ആലോചനക്ക് ശേഷമാണ് പാർട്ടി വിടാനുള്ള തീരുമാനം കൈക്കൊണ്ടത്. രാഹുൽ ഗാന്ധിയോടും പാർട്ടിയിലെ മറ്റെല്ലാ സഹപ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി പറയുന്നു. കോൺഗ്രസിന്‍റെ വക്താവായും അംഗമായും രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിലെ എല്ലാവരോടുമുള്ള കടപ്പാടും അറിയിക്കുന്നു. ' സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ ഖുശ്ബു പറഞ്ഞു.

2010ല്‍ ഡി.എം.കെ.യിലൂടെ ആയിരുന്നു ഖുശ്ബുവിന്‍റെ രാഷ്ട്രീയ പ്രവേശനം. ജനങ്ങളെ സേവിക്കാനും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനും ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് ഖുശ്ബു ഡി.എം.കെയിലെത്തിയത്. 2014ല്‍ ഡി.എം.കെ വിട്ട് കോണ്‍ഗ്രസിലെത്തി. വീട്ടിലെത്തിയ പോലെ തോന്നുന്നുവെന്നും കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയൂ എന്നുമായിരുന്നു അന്ന് ഖുശ്ബുവിന്റ പ്രതികരണം.

Tags:    

Similar News