35 വര്‍ഷങ്ങള്‍ക്കു ശേഷം ഐ.എല്‍.ഒ ഭരണസമിതി ചെയര്‍മാന്‍ സ്ഥാനം ഇന്ത്യക്ക്

തൊഴില്‍, ഉദ്യോഗ മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്രയാണ് ഇനി ഐ.എല്‍.ഒ ഗവേണിംഗ് ബോഡി ചെയര്‍മാന്‍.

Update: 2020-10-24 05:00 GMT
Advertising

35 വര്‍ഷങ്ങള്‍ക്കു ശേഷം അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍റെ (ഐ.എല്‍.ഒ) ഭരണസമിതി ചെയര്‍മാന്‍ സ്ഥാനം ഇന്ത്യക്ക്. ഐ.എല്‍.എയുടെ, ഗവേണിംഗ് ബോഡി ചെയര്‍മാന്‍ സ്ഥാനമാണ് ഇന്ത്യ ഏറ്റെടുത്തത്. തൊഴില്‍, ഉദ്യോഗ മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്രയാണ് ഇനി ഐ.എല്‍.ഒ ഗവേണിംഗ് ബോഡി ചെയര്‍മാന്‍.

2021 ജൂണ്‍ വരെയാണ് കാലാവധി. 1988 ബാച്ച്‌ മഹാരാഷ്ട്ര കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അപൂര്‍വ ചന്ദ്ര. നേരത്തെ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തില്‍ ഏഴ് വര്‍ഷം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തൊഴില്‍ സംബന്ധിയായ നയങ്ങളും അജണ്ടകളും തീരുമാനിക്കുന്ന കൂട്ടായ്മയാണ് ഐ.എല്‍.ഒ. നിലവില്‍ 187 അംഗരാജ്യങ്ങള്‍ ആണ് ഐ.എല്‍.ഒ യില്‍ ഉള്ളത്.

ഐ.എല്‍.ഒ യുടെ നയങ്ങള്‍, പരിപാടികള്‍, അജണ്ട, ബജറ്റ്, എന്നിവ നിശ്ചയിക്കുന്നതും ഡയറക്ടര്‍ ജനറലിനെ തെരഞ്ഞെടുക്കുന്നതും ഭരണസമിതിയാണ്. തൊഴില്‍ വിപണിയുടെ കാഠിന്യം കുറയ്ക്കുന്നതിന് വിവിധ ഗവണ്‍മെന്‍റുകള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിനുള്ള വേദിയാണ് ഐ.എല്‍.ഒ. സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഐ.എല്‍.ഒ ശ്രമങ്ങള്‍ നടത്തി വരുന്നു.

ഇന്ത്യയുടെ തൊഴില്‍ നിയമ ഭേദഗതികളെക്കുറിച്ചും സംസ്ഥാനങ്ങളുടെ വാഗ്‍ദാനങ്ങളായ ഇളവുകളെക്കുറിച്ചും ഐ.എല്‍.ഒ അഞ്ചുമാസങ്ങള്‍ക്കു മുമ്പ് ആശങ്കപ്പെട്ടിരുന്നു.

Tags:    

Similar News