കര്‍ഷകര്‍ക്ക് പിന്തുണയുമായി ഒന്‍പതു വയസുകാരി സമരരംഗത്ത്; ലിസിപ്രിയയുടെ ഐക്യദാര്‍ഡ്യം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തിറങ്ങുമ്പോള്‍ ലോകത്തെ മുഴുവന്‍ പരിസ്ഥിതി പ്രവര്‍ത്തകരുടേയും പിന്തുണ തനിക്കൊപ്പം കര്‍ഷകര്‍ക്കുണ്ടാകുമെന്ന് ലിസിപ്രിയ പറഞ്ഞു.

Update: 2020-12-13 10:13 GMT
Advertising

കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദമായ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഒന്‍പതുവയസുകാരി പരിസ്ഥിതി പ്രവര്‍ത്തക. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിഷേധ രംഗത്തേക്കിറങ്ങിയ കൊച്ചു പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ലിസിപ്രിയ കങ്കുജം എന്നാണ് ഈ കുട്ടി ക്ലൈമറ്റ് ആക്ടിവിസ്റ്റിന്‍റെ പേര്. കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തിറങ്ങുമ്പോള്‍ ലോകത്തെ മുഴുവന്‍ പരിസ്ഥിതി പ്രവര്‍ത്തകരുടേയും പിന്തുണ തനിക്കൊപ്പം കര്‍ഷകര്‍ക്കുണ്ടാകുമെന്ന് ലിസിപ്രിയ പറഞ്ഞു.

'കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമില്ല, നീതി ലഭിക്കാതെ വിശ്രമവുമില്ല' എന്ന മുദ്രാവാക്യവുമായാണ് ലിസിപ്രിയ കര്‍ഷകരുടെയൊപ്പം ചേര്‍ന്നത്. സിംഗു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിലൂടെ ലിസിപ്രിയ പങ്കുവെച്ചിട്ടുമുണ്ട്.

'കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഏറ്റവും വലിയ ഇര നമ്മുടെ കർഷകരാണ്. പതിവ് വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ്, വെട്ടുകിളി ശല്യം തുടങ്ങിയവ അവരുടെ വിളകളെ നശിപ്പിക്കുകയാണ്. പ്രതിസന്ധി കാരണം പ്രതിവർഷം ആയിരക്കണക്കിന് കർഷകരാണ് മരിക്കുന്നത്.

'തണുപ്പ് കൊണ്ട് മരവിക്കുന്ന കാലാവസ്ഥയില്‍ കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധിക്കുന്ന ചെറിയ കുരുന്നുകളെ കണ്ടു. അവരോടൊപ്പം സംസാരിക്കാനും സമയം ചിലവഴിക്കാനും സാധിച്ചു. നമ്മുടെ നേതാക്കൾ കർഷകരുടെ ശബ്ദം കേൾക്കണം.അവർക്ക് നീതി ഉറപ്പാക്കി പ്രതിസന്ധിക്ക് ഉടൻ ശാശ്വത പരിഹാരം കണ്ടെത്തണം' ലിസിപ്രിയ കങ്കുജം പറഞ്ഞു.

Tags:    

Similar News