പ്രവാചക നിന്ദ; വിവാദ ഗാസിയാബാദ് പൂജാരിക്കെതിരെ കേസെടുത്തു

മാർച്ചിൽ നരസിംഹാനന്ദ സരസ്വതിയുടെ ​ഗാസിയാബാദ് ക്ഷേത്രത്തിൽ കയറി വെള്ളം കുടിച്ചതിന് പതിനാലുകാരനെ രണ്ട് പേർ ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

Update: 2021-04-04 13:56 GMT
Advertising

വാർത്താ സമ്മേളനത്തിനിടെ പ്രവാചക നിന്ദ നടത്തിയ ​വിവാദ പൂജാരി നരസിംഹാനന്ദ സരസ്വതിക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. മതവികാരം വ്രണപ്പെടുത്തിയതിനാണ് ​ഗാസിയാബാദ് ക്ഷേത്രത്തിലെ പൂജാരിക്കെതിരെ കേസ് എടുത്തത്.

അഖില ഭാരതീയ സന്ദ് പരിഷത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിനിടെയായിരുന്നു സരസ്വതിയുടെ വിവാദ പരാമർശങ്ങൾ. പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച പൂജാരി, പ്രവാചകന്റെ യഥാർഥ മുഖം അറിഞ്ഞിരുന്നെങ്കിൽ തങ്ങള്‍ മുസ്‍ലിങ്ങള്‍ ആണെന്ന് സ്വയം വിളിക്കാൻ അക്കൂട്ടര്‍ അറച്ചുനിന്നേനെയെന്നും പറഞ്ഞു. വിവാദമായ വീഡിയോ ക്ലിപ് സോഷ്യൽ മീഡിയകളിൽ കൂടി വ്യാപകമായി ഷെയർ ചെയ്യപ്പെടുകയുണ്ടായി.

നേരത്തെ ഇവിടെയുണ്ടായിരുന്ന ഭരണാധികാരികളുടെ കഴിവുകേട് മൂലമാണ് ഇന്ന് ഹിന്ദുക്കൾക്കിടയിൽ ജീവിച്ചുകൊണ്ട് പ്രാർഥന നടത്താൻ മുസ്‍ലിങ്ങൾക്ക് അവസരമുണ്ടായതെന്നും നരസിംഹ സരസ്വതി പറഞ്ഞു.

വീഡിയോ വൈറലായതോടെ ഇദ്ദേഹത്തിന്റെ പരാമർശങ്ങൾക്കെതിരെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു. എ.ഐ.എം.ഐ.എം, ആം ആദ്മി പാർട്ടി ഉൾപ്പടെയുള്ളവർ സരസ്വതിക്കെതിരെ നടപടിയാവശ്യപ്പെട്ട് രം​ഗത്ത് വരികയുണ്ടായി. വിദ്വേഷ പ്രചരണത്തിനും, മതവികാരം വ്രണപ്പെടുത്തിയതിനും ഐ.പി.സി 153-എ, 295-എ എന്നീ വകുപ്പുകളാണ് നരസിംഹക്കെതിരെ ചുമത്തിയത്.

നേരത്തെ, മാർച്ചിൽ ഇദ്ദേഹത്തിന്റെ ​ഗാസിയാബാദിലുള്ള ക്ഷേത്രത്തിൽ കയറി വെള്ളം കുടിച്ചതിന് പതിനാലുകാരനെ രണ്ട് പേർ ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News