അദാനിക്ക് വിമാനത്താവളങ്ങൾ നൽകിയത് ധനമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് മറികടന്ന്

ലേല പ്രക്രിയയിൽ പങ്കെടുത്ത വിമാനത്താവള നടത്തിപ്പിൽ പരിചയമുള്ള കമ്പനികളെ മറികടന്നാണ് അദാനിക്ക് നൽകിയത്.

Update: 2021-01-15 06:06 GMT
Advertising

വിമാനത്താവളങ്ങൾ സ്വകാര്യ മേഖലക്ക് നൽകുന്നതിനുള്ള 2019 ലേല പ്രക്രിയക്ക് മുന്നോടിയായി കേന്ദ്ര ധനമന്ത്രാലയവും നീതി ആയോഗും അദാനി ഗ്രൂപ്പിനെ കുറിച്ച് മുൻകരുതൽ നൽകി.ആറു വിമാനത്താവളങ്ങൾ അദാനിയുടെ കമ്പനിക്ക് നൽകാനുള്ള നീക്കത്തിനുള്ള തടസ്സങ്ങളെല്ലാം മറികടന്നാണ് ലേലത്തിൽ കമ്പനിക്ക് പങ്കെടുക്കാനുള്ള അനുമതി ലഭിച്ചതെന്നു രേഖകൾ വെച്ച് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനു പുറമെയാണ് കഴിഞ്ഞ ആഗസ്റ്റിൽ മുംബൈ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് നൽകിയത്.

കേന്ദ്ര മത്സര കമ്മീഷൻ മാർക്കറ്റിലെ ആധിപത്യം പരിശോധിക്കുന്നതിനായി ആവശ്യപ്പെട്ട മേഖലകളിൽ ഒന്നാണ് വ്യോമയാന മേഖല. ഇതേത്തുടർന്നാണ് കേന്ദ്ര ധനമന്ത്രാലയവും നീതി ആയോഗും ആറു വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിനെ എതിർത്തത്. കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ എണ്ണത്തിൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഗ്രൂപ്പാണ് അദാനിയുടേത്. 20 മാസത്തെ കണക്കെടുത്താൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാമതും.

അഹമ്മദാബാദ്, മംഗലാപുരം, ലഖ്നോ, ജയ്‌പൂർ, ഗുവാഹത്തി, തിരുവനന്തപുരം, മുംബൈ വിമാനത്താവളങ്ങളിൽ നിന്നായി കഴിഞ്ഞ സാമ്പത്തിക വര്ഷം (2019 - 20) 7.9 കോടി യാത്രക്കാരാണ് അദാനി ഗ്രൂപ് വഴി യാത്ര ചെയ്തത്. ലേല നടപടികൾ തുടങ്ങുന്നതിനു മുൻപായി നടന്ന ചർച്ചകളിൽ " വലിയ വരുമാനം നൽകുന്ന വിമാനത്താവളങ്ങളാണ് ഇവ. അതിനാൽ തന്നെ ഒരു ഗ്രൂപ്പിന് രണ്ടിൽ കൂടുതൽ വിമാനത്താവളങ്ങൾ കൊടുക്കേണ്ടതില്ല എന്ന നിബന്ധന വെക്കേണ്ടതുണ്ട്. വിവിധ കമ്പനികൾക്ക് നൽകുന്നത് മത്സരം പ്രോത്സാഹിപ്പിക്കും." എന്നാണ് ധനകാര്യ വകുപ്പ് കുറിപ്പ് നൽകിയത്.

എന്നാൽ പിന്നീട് നടന്ന ചർച്ചകളിൽ ഈ കുറിപ്പ് വിഷയമായില്ല. ധനകാര്യ വകുപ്പ് നോട്ട് നൽകിയ അന്ന് തന്നെ നീതി ആയോഗ് മറ്റൊരു കുറിപ്പും നൽകി. " ആവശ്യത്തിന് സാങ്കേതിക സൗകര്യങ്ങൾ ഇല്ലാത്ത കമ്പനിക്ക് കരാർ നൽകുന്നത് പദ്ധതിയെ തകർക്കുകയും നൽകുന്ന സേവനങ്ങളുടെ ഗുണത്തെ സാരമായി ബാധിക്കുകയും ചെയ്യും. " എന്നായിരുന്നു ആ കുറിപ്പ്. ലേല പ്രക്രിയയിൽ പങ്കെടുത്ത വിമാനത്താവള നടത്തിപ്പിൽ പരിചയമുള്ള കമ്പനികളെ മറികടന്നാണ് അദാനിക്ക് നൽകിയത്.

Tags:    

Similar News