ഹെൽത്ത് ഡ്രിങ്ക് എന്ന പേരിൽ പാനീയങ്ങൾ വിൽക്കണ്ട; നിർദേശവുമായി കേന്ദ്രം

ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങൾ 'ഹെൽത്ത് ഡ്രിങ്ക്' വിഭാഗത്തിന് കീഴിൽ വിൽക്കരുതെന്നാണ് നിർദേശം

Update: 2024-04-13 14:00 GMT
Advertising

ന്യൂഡൽഹി: ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങളെ ‘ഹെൽത്ത് ഡ്രിങ്ക്സ്’ വിഭാഗത്തിൽനിന്ന് നീക്കാൻ കേന്ദ്ര സർക്കാർ ഇ-കൊമേഴ്സ് സൈറ്റു​കളോട് നിർദേശിച്ചതായി റിപ്പോർട്ട്. വാണിജ്യ - വ്യവസായ മന്ത്രാലയമാണ് നിർദേശം നൽകിയത്. തീരുമാനം ബോൺവിറ്റയടക്കമുള്ള മുൻനിര ബ്രാൻഡുകൾക്ക് വലിയ തിരിച്ചടിയാണ്.

എഫ്എസ്എസ് ആക്ട് 2006 പ്രകാരം ഹെൽത്ത് ഡ്രിങ്ക് എന്നൊരു വിഭാഗമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിർദേശം.

ഏപ്രിൽ പത്താം തീയതിയാണ് നിർദേശം നൽകിയത്. അതേസമയം, പല സൈറ്റുകളും ഈ പാനീയങ്ങളെ ഇപ്പോഴും ഹെൽത്ത് ഡ്രിങ്ക് വിഭാഗത്തിൽ നിന്ന് മാറ്റിയിട്ടില്ല. ഹെൽത്ത് ഡ്രിങ്ക് എന്ന പ്രയോഗം ഉ​പഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നിർദേശത്തിൽ പറയുന്നു.

ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങൾ 'ഹെൽത്ത് ഡ്രിങ്ക്' വിഭാഗത്തിന് കീഴിൽ വിൽക്കരുതെന്ന് എൻസിപിസിആർ മേധാവി പ്രിയങ്ക് കനൂംഗോ കേന്ദ്രത്തിനും എഫ്എസ്എസ്എഐക്കും സംസ്ഥാനങ്ങളിലെ ഉപഭോക്തൃകാര്യ വകുപ്പിനും അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇത്തരം പാനീയങ്ങളിൽ ഷുഗർ വലിയ തോതിലാണെന്നും ഇത് കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News