മൂന്ന് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശത്തുമായി ഒഴിവാക്കപ്പെട്ടത് ഒരു കോടി വോട്ടർമാർ;ആശങ്കയുയർത്തി എസ്‌ഐആർ കരട് പട്ടിക

ഒക്ടോബർ 27ന് എസ്‌ഐആർ നടപടികൾ പ്രഖ്യാപിക്കുമ്പോൾ 13.35 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം പുതിയ കരട് പട്ടിക വന്നപ്പോൾ 12.33 കോടിയായി ചുരുങ്ങി

Update: 2025-12-17 10:37 GMT

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഗോവ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന് ശേഷം പുറത്തുവിട്ട കരട് പട്ടികയിൽ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി.മൂന്ന് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശത്തുമായി ആകെ വോട്ടർമാരുടെ എണ്ണത്തിൽ 7.6 ശതമാനം ഇടിവുണ്ടായതായും ഒരു കോടിയിലധികം വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു.

ഒക്ടോബർ 27ന് എസ്‌ഐആർ നടപടികൾ പ്രഖ്യാപിക്കുമ്പോൾ 13.35 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം പുതിയ കരട് പട്ടിക വന്നപ്പോൾ 12.33 കോടിയായി ചുരുങ്ങി. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ പട്ടികയ്ക്ക് പുറത്തായത്. ഏകദേശം 58 ലക്ഷം പേരെയാണ് ഇവിടെ ഒഴിവാക്കിയത്. ഇതിൽ 24.16 ലക്ഷം പേർ മരിച്ചവരും 32.65 ലക്ഷം പേർ താമസം മാറിയവരോ നിലവിൽ സ്ഥലത്തില്ലാത്തവരോ ആണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

Advertising
Advertising

രാജസ്ഥാനിൽ ഏകദേശം 42 ലക്ഷം പേരെയും പുതുച്ചേരിയിൽ 1.03 ലക്ഷം പേരെയും പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഗോവയിൽ ഒരു ലക്ഷത്തിലധികം പേർ ഒഴിവാക്കപ്പെട്ടപ്പോൾ ലക്ഷദ്വീപിൽ 1,500ഓളം പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. ഈ അഞ്ച് സംസ്ഥാനങ്ങളിലുമായി ആകെ 1.02 കോടി വോട്ടർമാരെയാണ് 'മരിച്ചവർ', 'താമസം മാറിയവർ', 'ഇരട്ട വോട്ടുള്ളവർ' തുടങ്ങിയ കാരണങ്ങൾ കാണിച്ച് ഒഴിവാക്കിയത്.

നവംബർ 4ന് ആരംഭിച്ച കണക്കെടുപ്പ് ഘട്ടത്തിൽ ഫോമുകൾ സമർപ്പിച്ചവരെ മാത്രമാണ് ഈ കരട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ബിഹാറിൽ നടന്ന സമാനമായ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിൽ എട്ട് ശതമാനത്തോളം വോട്ടർമാരെ ഒഴിവാക്കിയിരുന്നു. നിലവിൽ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പരാതി നൽകാനും തെറ്റുകൾ തിരുത്താനുമുള്ള അവസരം തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. ഇതിനായുള്ള പരിശോധനകളും ഹിയറിംഗുകളും പൂർത്തിയാക്കി ഫെബ്രുവരി 14ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

രാജസ്ഥാൻ

രാജസ്ഥാനിൽ മാത്രം ഏകദേശം 42 ലക്ഷം വോട്ടർമാരുടെ പേരുകളാണ് നീക്കം ചെയ്തത്. ആകെ വോട്ടർമാരുടെ 7.66 ശതമാനമാണിത്. ഇതിൽ 8.75 ലക്ഷം (1.6%) പേർ മരിച്ചവരും, 29.6 ലക്ഷം (5.43%) പേർ സ്ഥിരമായി താമസം മാറിയവരോ അല്ലെങ്കിൽ സ്ഥലത്തില്ലാത്തവരോ ആണ്. കൂടാതെ 3.44 ലക്ഷം (0.63%) വോട്ടർമാർക്ക് ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുള്ളതായും കണ്ടെത്തി.

ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം ജയ്പൂരിൽ 5.3 ലക്ഷത്തിലധികം പേരെ ഒഴിവാക്കി. അജ്മീർ, കോട്ട, അൽവാർ, സിക്കർ, പാലി എന്നിവിടങ്ങളിൽ ഓരോ ലക്ഷത്തിലധികം വോട്ടർമാരെ വീതം പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ഉപതെരഞ്ഞെടുപ്പ് നടന്നതിനാൽ അന്താ നിയമസഭാ മണ്ഡലത്തിലെ വിവരങ്ങൾ ഈ കരട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഗോവ

ഗോവയിലെ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒരു ലക്ഷത്തിലധികം പേരുകളാണ നീക്കം ചെയ്തത്. സംസ്ഥാനത്തെ ആകെ 11,85,034 വോട്ടർമാരിൽ 10,84,992 പേർ (91.56%) മാത്രമാണ് വിവരശേഖരണ ഫോമുകൾ സമർപ്പിച്ചതെന്ന് ഗോവ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് ഗോയൽ അറിയിച്ചു.

ഒഴിവാക്കപ്പെട്ട 1,00,042 പേരിൽ 25,574 പേർ മരിച്ചവരും, 29,729 പേർ കണ്ടെത്താൻ കഴിയാത്തവരുമാണ്. 40,469 പേർ സ്ഥിരമായി താമസം മാറിയവരാണെന്ന് അധികൃതർ വിശദീകരിക്കുന്നു. 1,997 പേർക്ക് ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുള്ളതായി വ്യക്തമായി. വോട്ടർ പട്ടികയിൽ തുടരാൻ താൽപ്പര്യമില്ലാത്ത 2,273 പേരെ 'മറ്റുള്ളവർ' എന്ന വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. വടക്കൻ ഗോവയിൽ നിന്ന് 44,639 പേരെയും തെക്കൻ ഗോവയിൽ നിന്ന് 55,403 പേരെയും ഒഴിവാക്കി.

പുതുച്ചേരി

പുതുച്ചേരിയിലെ കരട് വോട്ടർ പട്ടികയിൽ നിന്ന് 1.03 ലക്ഷത്തിലധികം പേരുകൾ നീക്കം ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വിതരണം ചെയ്ത 10,21,578 വിവരശേഖരണ ഫോമുകളിൽ 1,03,467 എണ്ണം മരണം, കുടിയേറ്റം, വിവരം സമർപ്പിക്കാത്തത് തുടങ്ങിയ കാരണങ്ങളാൽ തിരികെ ലഭിച്ചിട്ടില്ല.

ഇതോടെ പുതുച്ചേരിയിലെ ആകെ വോട്ടർമാരുടെ എണ്ണം 9,18,111 ആയി കുറഞ്ഞു. ലഭ്യമായ കണക്കുകൾ പ്രകാരം 20,798 പേർ മരിച്ചവരും 80,645 പേർ താമസം മാറിയവരോ സ്ഥലത്തില്ലാത്തവരോ ആണ്. 2,024 പേരുടെ പേര് ഒന്നിലധികം സ്ഥലങ്ങളിൽ ഉള്ളതായി കണ്ടെത്തി. എസ്‌ഐആർ നിയമങ്ങൾ അനുസരിച്ച് ഇത്തരം വോട്ടർമാരെ ഒരു സ്ഥലത്ത് മാത്രമേ നിലനിർത്തുകയുള്ളൂവെന്ന് അധികൃതർ വിശദീകരിക്കുന്നു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News