കുറ്റകൃത്യങ്ങൾക്ക് സ്വയം ശിക്ഷ നടപ്പാക്കി അപ്പാർട്ട്‌മെന്റ് റസിഡൻസ് അസോസിയേഷൻ; കേസെടുത്ത് പൊലീസ്

മയക്കുമരുന്ന് ഉപയോ​ഗം, ലൈം​ഗികാതിക്രമം തുടങ്ങിയ ​ഗുരുതര കുറ്റങ്ങൾക്ക് പോലും റസിഡൻസ് അസോസിയേഷൻ സ്വന്തം നിലക്ക് ശിക്ഷ നടപ്പാക്കുകയായിരുന്നു

Update: 2025-12-17 16:29 GMT

ബംഗളൂരു: നീതിന്യായ വ്യവസ്ഥയെ മറികടന്ന് ക്രിമിനൽ കുറ്റങ്ങൾ പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നതിന് പകരം സ്വന്തമായി കൈകാര്യം ചെയ്ത ബംഗളൂരുവിലെ അപ്പാർട്ട്‌മെന്റിലെ റസിഡൻസ് അസോസിയേഷനും സ്വകാര്യ സെക്യൂരിറ്റി ഏജൻസിക്കും എതിരെ കേസെടുത്ത് പൊലീസ്. പ്രൊവിഡന്റ് സൺവർത്ത് അപ്പാർട്ട്‌മെന്റ് അസോസിയേഷനും ടൈകോ സെക്യൂരിറ്റി ഏജൻസിക്കും എതിരെയാണ് കുംബൽഗൊഡു പൊലീസ് കേസെടുത്തത്. അനധികൃത ശിക്ഷാ നിയമങ്ങൾ നിർമിക്കുകയും നടപ്പാക്കുകയും ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് കേസ്.

തെക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ ദൊഡ്ഡബെലെയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ, വിദ്യാർഥികൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ താമസിക്കുന്നുണ്ട്. ലൈംഗികാതിക്രമം, മോഷണം, മയക്കുമരുന്ന് ഉപയോഗം, അപ്പാർട്ട്‌മെന്റ് പരിസരത്തും സമീപ പ്രദേശങ്ങളിലും നിയമവിരുദ്ധമായി മയക്കുമരുന്ന് കൈവശംവെക്കൽ എന്നിവയുൾപ്പെടെയുള്ള ചെറിയ കുറ്റകൃത്യങ്ങൾ മുതൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ വരെ ഇവിടെ താമസിക്കുന്നവർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഈ സംഭവങ്ങൾ പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനുപകരം, അപ്പാർട്ട്‌മെന്റ് അസോസിയേഷൻ സ്വന്തം നിയമങ്ങൾ ഉണ്ടാക്കി. പ്രതികളെ ചോദ്യം ചെയ്യുകയും ചിലർക്ക് പിഴ ചുമത്തുകയും ചെയ്തു. ചിലരെ വെറുതെവിട്ടു. സ്വകാര്യ സെക്യൂരിറ്റി ഏജൻസിയുട സഹായത്തോടെയാണ് ഇത് നടപ്പാക്കിയത്. ക്രിമിനൽ കേസുകൾ ഇല്ലാതാക്കുന്നതിനും ഇരകൾക്ക് നീതി നിഷേധിക്കുന്നതിനും കുറ്റാരോപിതരായ വ്യക്തികളെ രക്ഷപ്പെടാൻ സഹായിക്കുന്നതിനും ഇത് കാരണമായെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News