ന്യൂഡല്‍ഹി: മുസ്‌ലിംകളെ പുറത്താക്കാൻ ആഹ്വാനം ചെയ്‌ത ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്രസർക്കാർ വക 63 ലക്ഷം ധനസഹായം.
കഴിഞ്ഞ ഡിസംബർ 13,14 തീയതികളിൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സനാതൻ സൻസ്ത സംഘടിപ്പിച്ച സനാതൻ രാഷ്ട്ര ശംഖനാദ് മഹോത്സവത്തിലായിരുന്നു മുസ്ലിംകളെ പുറത്താക്കണമെന്ന ആഹ്വാനം. ഇതിലേക്കാണ് നരേന്ദ്രമോദി സര്‍ക്കാര്‍ 63 ലക്ഷം നല്‍കിയത്. ദി ക്വിന്റാണ് വിവരാവകാശ നിയമപ്രകാരം ഈ വിവരം പുറത്തുകൊണ്ടുവന്നത്.
25 ശതമാനം ഇന്ത്യൻ മുസ്‌ലിംകളെ പുറത്താക്കുക, ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക, മുസ്‌ലിംകളുടെ കൂട്ടമതപരിവർത്തനം, കൂട്ടനാടുകടത്തൽ എന്നിവയൊക്കെയായിരുന്നു സമ്മേളനത്തിലെ വിദ്വേഷ പ്രസംഗങ്ങള്‍. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെയും ഡൽഹി ടൂറിസം മന്ത്രാലയത്തിന്റെയും പിന്തുണയോടെയായിരുന്നു പരിപാടി നടന്നിരുന്നത്. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശ്രീപദ് നായിക്, സഞ്ജയ് സേത്ത്, ഡൽഹി ടൂറിസം മന്ത്രി കപിൽ മിശ്ര എന്നിവർ ചടങ്ങിൽ സംസാരിച്ചിരുന്നു.
'ഇന്ത്യയിലെ 25 ശതമാനം മുസ്‌ലിംകളും നുഴഞ്ഞുകയറ്റക്കാരാണ്. അവർ ബംഗ്ലാദേശികളും പാകിസ്താനികളും അഫ്‌ഗാനിസ്ഥാനികളുമാണ്. എന്‍ആര്‍സി കൊണ്ടുവന്ന് അവരെ പുറത്താക്കണം , കൂടാതെ മുസ്‌ലിംകളുടെ ജനസംഖ്യവളർച്ച നിർത്തലാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം'- സുദർശൻ ടിവി അവതാരകനും ഹിന്ദുത്വ പ്രചാരകനുമായ സുരേഷ് ചാവങ്കെ പരിപാടിയിൽ പങ്കെടുത്ത് ആവശ്യപ്പെട്ടത് ഇങ്ങനെയായിരുന്നു.
'നമുക്കിടയിലെ ബിസിനസുകാർ ജോലിക്കാരായ മുസ്‌ലിംകളോട് മതം മാറാൻ പറയുക, ഓരോ ഹിന്ദുവും ഒരു മുസ്‌ലിമിനെ മതം മാറ്റിയാൽ നമ്മുടെ ലക്ഷ്യം പൂർത്തീകരിക്കും'- ഇങ്ങനെയായിരുന്നു ബിജെപിയുടെ ഡൽഹിയിലെ നേതാവായ അശ്വിനി ഉപാധ്യായുടെ വാക്കുകള്‍. നമുക്കൊരു ആക്രമണാത്മക തന്ത്രം ആവശ്യമാണ്, അതിന് ഭരണഘടനാപരമായ ഒരു ഹിന്ദു രാഷ്ട്രം ആവശ്യമാണെന്നായിരുന്നു ഹിന്ദു ഫണ്ട് നേതാവ് രാഹുൽ ദിവാൻ പ്രസംഗിച്ചത്.
ഒരു സമുദായത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഒരു പരിപാടിക്ക് എന്തിനാണ് നികുതിപ്പണം ഉപയോഗിക്കുന്നത് എന്നതാണ് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തപങ്കുവെച്ച് ചിലര്‍ ചോദിക്കുന്നത്.