ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് മിതമായ നിരക്കിൽ ലഘുഭക്ഷണം ഉറപ്പാക്കുന്ന 'ഉഡാൻ യാത്രി കഫെ' രാജ്യത്തുടനീളമുള്ള 24 വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം.
വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർക്ക് കുറഞ്ഞ വിലയിൽ ഭക്ഷണപാനീയങ്ങൾ നൽകുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. യാത്രക്കാർക്ക് 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്നാക്സും ലഭിക്കുന്ന ഉഡാൻ യാത്രി കഫേ ഫെബ്രുവരിയിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഉദ്ഘാടനം ചെയ്തിരുന്നു.
രാജ്യത്തെ ആദ്യത്തെ ഉഡാൻ യാത്രി കഫേ 2024 ഡിസംബർ 19 ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഉദ്ഘാടനം ചെയ്തത്. കൊൽക്കത്തയ്ക്ക് പിന്നാലെ, രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന വിമാനത്താവളങ്ങളിലൊന്നായ ചെന്നൈ വിമാനത്താവളത്തിലും ഉഡാൻ യാത്രി കഫേ ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ഉഡാൻ യാത്രി കഫേ ഇപ്പോൾ രാജ്യത്തുടനീളമുള്ള 24 വിമാനത്താവളങ്ങളിലേക്ക് വികസിപ്പിച്ചത്.
പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ വികസിപ്പിച്ചവ ഉൾപ്പെടെ നിരവധി വിമാനത്താവളങ്ങളിൽ ഉഡാൻ യാത്രി കഫേകൾ പോലുള്ള കുറഞ്ഞ ചെലവിലുള്ള ഔട്ട്‌ലെറ്റുകൾ ആരംഭിച്ചിട്ടുള്ളതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ പറഞ്ഞു
കഫേ ആരംഭിച്ച വിമാനത്താവളങ്ങൾ
കൊൽക്കത്ത വിമാനത്താവളം, ഹൈദരാബാദ് വിമാനത്താവളം, ചെന്നൈ വിമാനത്താവളം, വിജയവാഡ വിമാനത്താവളം, ഹൊളോങ്കി (അരുണാചൽ പ്രദേശ്) വിമാനത്താവളം, അഹമ്മദാബാദ് വിമാനത്താവളം, പൂനെ വിമാനത്താവളം, സൂറത്ത് വിമാനത്താവളം, മുംബൈ വിമാനത്താവളം, ഭുവനേശ്വർ വിമാനത്താവളം, കോയമ്പത്തൂർ വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളം, മംഗളൂരു വിമാനത്താവളം, രാജ്കോട്ട് വിമാനത്താവളം, ചണ്ഡീഗഡ് വിമാനത്താവളം, ജമ്മു വിമാനത്താവളം, പട്ന വിമാനത്താവളം, ഇൻഡോർ വിമാനത്താവളം, അമൃത്സർ വിമാനത്താവളം, വാരണാസി വിമാനത്താവളം, ഗ്വാളിയോർ വിമാനത്താവളം, അഗർത്തല വിമാനത്താവളം, ജയ്പൂർ വിമാനത്താവളം, ലഖ്നൗ വിമാനത്താവളം.