ഛത്തീസ്ഗഡ് ഗ്രാമങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി; ഹരജി തള്ളി സുപ്രിംകോടതി

കേസിൽ സുപ്രിംകോടതി വിലക്കുകളെ അംഗീകരിക്കുകയല്ല, മറിച്ച് ഇടപെടുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് ചൂണ്ടിക്കാട്ടിയത്

Update: 2026-02-18 04:33 GMT

ഡൽഹി: രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ ഗ്രാമ കൗൺസിലുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ സുപ്രിംകോടതി തള്ളി. ഛത്തീസ്ഗഢ് പോലുള്ള ചില സംസ്ഥാനങ്ങളിലെ ഗ്രാമസഭകൾ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾക്കും പ്രാർഥനകൾക്കും വിലക്കേർപ്പെടുത്തിക്കൊണ്ട് പ്രമേയങ്ങൾ പാസാക്കിയിരുന്നു. ഇതിനെതിരെയാണ് ക്രൈസ്തവ സംഘടനകൾ കോടതിയെ സമീപിച്ചത്.

ബിലാസ്പൂരിലെ ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ 2025 ഒക്ടോബറിലെ വിധിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു.ഈ കേസിൽ സുപ്രിംകോടതി വിലക്കുകളെ അംഗീകരിക്കുകയല്ല, മറിച്ച് ഇടപെടുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് ചൂണ്ടിക്കാട്ടിയത്. ഏതെല്ലാം ഗ്രാമങ്ങളിലാണ് ഇത്തരം വിലക്കുകൾ ഉള്ളതെന്നോ, ആർക്കെതിരെയാണ് നടപടി വേണ്ടതെന്നോ ഉള്ള കൃത്യമായ വിവരങ്ങൾ ഹരജിയിൽ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.ഇത്തരം പ്രാദേശികമായ വിഷയങ്ങളിൽ ആദ്യം അതത് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളെ സമീപിക്കാനാണ് സുപ്രിം കോടതി നിർദേശിച്ചത്. മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെങ്കിലും പ്രാദേശികമായി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Advertising
Advertising

2025 ജൂലൈയിൽ കാങ്കർ ജില്ലയിലെ നിരവധി ഗ്രാമങ്ങളിൽ പാസ്റ്റർമാർ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ മിഷനറിമാർക്കും മറ്റ് മതങ്ങളിൽ നിന്ന് മതം മാറിയ ക്രിസ്ത്യാനികൾക്കും പ്രവേശനം വിലക്കുന്ന ഹോർഡിംഗുകൾ സ്ഥാപിച്ചതാണ് കേസിന് ആധാരം. മതപരിവർത്തനങ്ങൾ തടയുന്നത് ലക്ഷ്യമിട്ടാണ് നടപടികളെന്ന് ഇന്ത്യയിലെ ഗോത്ര മേഖലകളിൽ നിയമപരമായി അംഗീകൃത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി പ്രവർത്തിക്കുന്ന വില്ലേജ് കൗൺസിലുകൾ വ്യക്തമാക്കുന്നു.

ഈ പ്രദേശത്തുനിന്നുള്ള പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യാനിയായ ദിഗ്ബാൽ തണ്ടി, ക്രിസ്ത്യാനികളുടെ ഭരണഘടനാപരമായ അവകാശങ്ങളായ മതസ്വാതന്ത്ര്യത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും എതിരാണ് ഈ നിയന്ത്രണങ്ങൾ എന്ന് വാദിച്ചുകൊണ്ട് ഛത്തീസ്ഗഢ് ഹൈക്കോടതിയിൽ ഈ ഉത്തരവുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

"തദ്ദേശീയ ഗോത്രങ്ങളുടെയും പ്രാദേശിക സാംസ്കാരിക പൈതൃകത്തിന്‍റെയും താൽപര്യം സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന്" നിരീക്ഷിച്ചുകൊണ്ട് ഹൈക്കോടതി അദ്ദേഹത്തിന്‍റെ ഹരജി തള്ളുകയായിരുന്നു. തുടർന്ന് ടാണ്ടി സുപ്രിംകോടതിയിൽ അപ്പീൽ നൽകി.

ആദിവാസി മേഖലകളിലെ മിഷനറി പ്രവർത്തനങ്ങളെക്കുറിച്ച് യാതൊരു തെളിവുമില്ലാതെയാണ് ഹൈക്കോടതി പ്രതികൂല നിരീക്ഷണങ്ങൾ നടത്തിയതെന്ന് ഹരജിക്കാരനെ പ്രതിനിധീകരിച്ച അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദിച്ചു."ഇത്തരം ഏകപക്ഷീയമായ ഉത്തരവുകൾക്കെതിരെ സുപ്രിംകോടതി ഇടപെടാതിരുന്നത് ആശ്ചര്യകരമാണ്," വടക്കൻ ഉത്തർപ്രദേശ് സംസ്ഥാനത്ത് അതിക്രമം നേരിടുന്ന ക്രിസ്ത്യാനികൾക്ക് നിയമസഹായം നൽകുന്ന പാസ്റ്റർ ജോയ് മാത്യു പറഞ്ഞു.

ഇത്തരം നിയന്ത്രണങ്ങൾ അംഗീകരിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരുകൾ തെളിവുകൾ നൽകാൻ കോടതികൾ ആവശ്യപ്പെടണമെന്ന് ഡൽഹി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം എ സി മൈക്കൽ പറഞ്ഞു. "മതപരിവർത്തനവുമായി ബന്ധപ്പെട്ട തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രിസ്ത്യാനികൾക്ക് ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു, ഇത് വളരെ നിർഭാഗ്യകരമാണ്," മൈക്കൽ യുസിഎ ന്യൂസിനോട് വ്യക്തമാക്കി.

"ക്രിസ്ത്യാനികൾ ആളുകളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നതിന് തെളിവുണ്ടെങ്കിൽ, അത് പരസ്യമാക്കണം," അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒരു കോടതിയും ഇതുവരെ അത്തരം ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ആരെയും നിർബന്ധിത മതപരിവർത്തനത്തിന് ശിക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News