ഇന്ത്യയിലെ വീടുകളില്‍ ആകെ എത്ര സ്വര്‍ണമുണ്ടാകും? കണക്ക് കേട്ടാല്‍ ഞെട്ടും

മറ്റ് സമ്പാദ്യരൂപങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ വന്‍തോതില്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നാണ് കൊട്ടക്ക് ഇക്വിറ്റീസിൻ്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്

Update: 2026-04-05 07:45 GMT

ഇന്ത്യക്കാര്‍ക്ക് സ്വര്‍ണത്തോടുള്ള അഭിനിവേശത്തെ കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ. അതില്‍ തന്നെ മലയാളികള്‍ വേറെ ലെവലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപഭോഗമുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തെ ആകെ സ്വര്‍ണ ഉപഭോഗത്തിന്റെ 30 ശതമാനത്തോളവും കേരളത്തിലാണ്. തമിഴ്‌നാട്, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക എന്നിവയാണ് തൊട്ടുപിന്നാലെയുള്ള സംസ്ഥാനങ്ങള്‍. ഇന്ത്യയിലെ എല്ലാ വീടുകളിലുമായി എത്ര കോടിയുടെ സ്വര്‍ണം ഉണ്ടാകും? കൊട്ടക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസ് ഈയിടെ പുറത്തുവിട്ട കണക്ക് പ്രകാരം 445 ലക്ഷം കോടിയാണ് ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ ആകെ മൂല്യം. ഇന്ത്യയുടെ ജിഡിപി 324 ലക്ഷം കോടിയാണെന്ന് ഓര്‍ക്കണം. ജിഡിപിയുടെ 125 ശതമാനത്തിലേറെ സമ്പത്താണ് സ്വര്‍ണത്തിന്റെ രൂപത്തില്‍ രാജ്യത്തെ വീടുകളിലുള്ളത്. 460 ലക്ഷം കോടിയാണ് ഇന്ത്യയില്‍ ഓഹരിവിപണിയിലെ കമ്പനികളുടെ ആകെ വിപണി മൂല്യം. ഇതിനോടടുത്തു നില്‍ക്കും സ്വര്‍ണത്തിന്റെ മൂല്യം.

Advertising
Advertising

മറ്റ് സമ്പാദ്യരൂപങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ വന്‍തോതില്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നാണ് കൊട്ടക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ബാങ്ക് നിക്ഷേപങ്ങള്‍, ഭൂമി, കെട്ടിടം പോലെയുള്ള മറ്റ് വസ്തുക്കള്‍ എന്നിവയേക്കാള്‍ കൂടുതലായി ആളുകള്‍ക്ക് സ്വര്‍ണത്തോടാണ് താല്‍പര്യമെന്ന് ഇത് കാണിക്കുന്നു.

ഇന്ത്യന്‍ കുടുംബങ്ങളുടെ വസ്തുക്കളായുള്ള സ്വത്തിന് പുറമേയുള്ള സമ്പത്തിന്റെ ഏകദേശം 65 ശതമാനവും ഇപ്പോള്‍ സ്വര്‍ണമാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇന്ത്യന്‍ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം ഏകദേശം ഇരട്ടിയായി വര്‍ധിച്ചു. ഇത് കുടുംബങ്ങളുടെ ആകെ ബാങ്ക് നിക്ഷേപങ്ങളുടെയും ഓഹരി സമ്പാദ്യത്തിന്റെയും മൊത്തം മൂല്യത്തിന്റെ 175 ശതമാനത്തോളം വരും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം നാലിരട്ടിയിലധികം വര്‍ധിച്ചതായി കൊട്ടക് കണക്കാക്കുന്നു. 2019 മാര്‍ച്ചില്‍ 109 ലക്ഷം കോടിയായിരുന്നു. ഇതാണ് 2026 ജനുവരിയില്‍ 445 ലക്ഷം കോടിയായി വര്‍ധിച്ചത്. സ്വര്‍ണവിലയിലുണ്ടായ വന്‍ കുതിപ്പാണ് ഈ വര്‍ധനവിന് കാരണം.

അതേസമയം, സമ്പത്ത് മുഴുവന്‍ സ്വര്‍ണത്തിലാക്കി സൂക്ഷിക്കുന്നത് സൂക്ഷ്മതലത്തില്‍ സമ്പദ്ഘടനക്ക് പ്രത്യാഘാതമുണ്ടാക്കും. ആവശ്യം വര്‍ധിക്കുന്നതിന് അനുസരിച്ച് സ്വര്‍ണം ഇറക്കുമതി തുടരുന്നത് ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തെ ബാധിക്കാനിടയുണ്ടെന്ന് കൊട്ടക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News