ഇടപാടുകാർ ശ്രദ്ധിക്കുക: ഈ മാസം ബാങ്കുകൾ തുറക്കുന്നത് പകുതി ദിവസം മാത്രം, തീയതികൾ അറിയാം
അടുത്ത ദിവസങ്ങളിലും അവധികൾ വരുന്നത് മാസത്തിന്റെ തുടക്കത്തിൽ തന്നെ ബാങ്കിങ് സേവനങ്ങളെ കാര്യമായി ബാധിക്കും
ഈ മാസം ബാങ്ക് ഇടപാടുകൾക്കായി ബ്രാഞ്ചുകളിൽ പോകാൻ ഇരിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക. രണ്ടാം ശനിയും ഞായറാഴ്ചകളും വിവിധ പ്രാദേശിക അവധികളും ഉൾപ്പെടെ ഏപ്രിലിൽ രാജ്യത്തെ ബാങ്കുകൾക്ക് ആകെ 14 ദിവസമാണ് അവധി വരുന്നത്. ഇന്ന് ബാങ്കുകളുടെ വാർഷിക കണക്കെടുപ്പ് പ്രമാണിച്ച് അവധിയായിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ പെസഹ വ്യാഴം, ദുഃഖവെള്ളി എന്നിങ്ങനെ തുടർച്ചയായ അവധികൾ വരുന്നത് മാസത്തിന്റെ തുടക്കത്തിൽ തന്നെ ബാങ്കിങ് സേവനങ്ങളെ കാര്യമായി ബാധിക്കും.
കേരളത്തിലെ ബാങ്കുകളെ സംബന്ധിച്ചിടത്തോളം ഏപ്രിൽ മാസം ഏറെ പ്രധാനപ്പെട്ടതാണ്. ഏപ്രിൽ 2ന് പെസഹ വ്യാഴം, 3ന് ദുഃഖവെള്ളി എന്നിവ പ്രമാണിച്ചാണ് അവധി. കൂടാതെ ഏപ്രിൽ 14ന് അംബേദ്കർ ജയന്തിയും ഏപ്രിൽ 15ന് മലയാളികളുടെ പ്രധാന ആഘോഷമായ വിഷുവും വരുന്നതിനാൽ ആ ദിവസങ്ങളിലും ബാങ്ക് ബ്രാഞ്ചുകൾ പ്രവർത്തിക്കില്ല. ഇതിനുപുറമെ ഏപ്രിൽ 11 (രണ്ടാം ശനി), ഏപ്രിൽ 25 (നാലാം ശനി) എന്നീ ദിവസങ്ങളിലും ഞായറാഴ്ചകളിലും ബാങ്കുകൾക്ക് അവധിയായിരിക്കും. മൊത്തം ഈ മാസം 11 ദിവസങ്ങളിൽ കേരളിത്തിൽ ബാങ്കുകൾ പ്രവർത്തിക്കില്ല.
വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ആഘോഷങ്ങൾ കൂടി കണക്കിലെടുത്താണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ അവധി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഏപ്രിൽ 14ന് തമിഴ് പുതുവർഷം, ബൈസാഖി തുടങ്ങിയ ആഘോഷങ്ങൾ പല സംസ്ഥാനങ്ങളിലും ഒരേസമയം വരുന്നുണ്ട്. കൂടാതെ ഏപ്രിൽ 20ന് ബസവ ജയന്തി, അക്ഷയതൃതീയ എന്നിവ പ്രമാണിച്ചും ചിലയിടങ്ങളിൽ ബാങ്കുകൾക്ക് അവധിയുണ്ട്. ഓരോ സംസ്ഥാനത്തെയും നിയമങ്ങൾക്കനുസരിച്ച് അവധി ദിവസങ്ങളിൽ മാറ്റം വരാമെന്നതിനാൽ ദൂരയാത്ര ചെയ്യുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കണം.
ബാങ്ക് ബ്രാഞ്ചുകൾക്ക് അവധിയാണെങ്കിലും എടിഎം സേവനങ്ങളും ഓൺലൈൻ ബാങ്കിങ് സംവിധാനങ്ങളും തടസ്സമില്ലാതെ ലഭ്യമാകും. മൊബൈൽ ആപ്പുകൾ വഴിയും നെറ്റ് ബാങ്കിങ് വഴിയും പണമിടപാടുകൾ നടത്താൻ സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസമാണ്. എന്നിരുന്നാലും, ചെക്ക് ക്ലിയറൻസ് പോലുള്ള നേരിട്ട് ബാങ്കിൽ എത്തേണ്ട ആവശ്യങ്ങൾ ഉള്ളവർ ഈ അവധി ദിവസങ്ങൾ മുൻകൂട്ടി കണ്ട് ബാങ്ക് സന്ദർശനം പ്ലാൻ ചെയ്യുന്നത് അവസാന നിമിഷത്തെ തിരക്കും ബുദ്ധിമുട്ടും ഒഴിവാക്കാൻ സഹായിക്കും.